Dec 30, 2009

ഒരോർമ്മച്ചിത്രം

എന്റെ ഓർമ്മപ്പുസ്തകത്തിലെ ഏറ്റവും പഴക്കംചെന്ന താളുകൾ പലതും മറവിയിൽ പിഞ്ഞിത്തുടങ്ങിയിരിയ്ക്കുന്നു. പലതും തുടക്കവും അവസാനവുമില്ലാത്ത ചില ഓർമ്മച്ചിന്തുകൾ മാത്രമായിരിയ്ക്കുന്നു. അതിലൊന്നാണ് രണ്ടരവയസ്സിൽ എന്റെ ഫോട്ടോയെടുക്കാൻ കൊണ്ടുപോയ ചെറിയ ഒരോർമ്മ. സ്വതവേ മെലിഞ്ഞ ശരീരപ്രകൃതമായതിനാൽ, ശൈശവകാലത്തൊന്നും എന്റെ ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നില്ല. എന്റെ ശരീരമൊക്കെ ഒന്നു പുഷ്ടിപ്പെട്ടിട്ട് ഫോട്ടോയെടുത്താൽ മതിയെന്ന് തീരുമാനിച്ച മാതാപിതാക്കൾക്ക് ഏറെ താമസിയാതെ ഒന്ന് ബോധ്യപ്പെട്ടു...ആ മഹാത്ഭുതം ഉടനെ ഒന്നും ഉണ്ടാകില്ലെന്ന്. എങ്കിൽ പിന്നെ അപ്പോഴുള്ള കോലം തന്നെ മതിയെന്ന് തീരുമാനിച്ച് എന്നെയും ജ്യേഷ്ഠനേയും ഒരുക്കി ചമയിച്ച് കൊണ്ടുപോയി. പക്ഷെ ഒറ്റയ്ക്ക് ഒരു കസേരയിലിരുത്തി പോസ് ചെയ്യിച്ച് ഫോട്ടോ എടുക്കാമെന്ന തീരുമാനത്തെ ഞാ‍ൻ നഖശിഖാന്തം എതിർത്തു. ആ സ്റ്റുഡിയോ മൊത്തം കേൾക്കാൻ പാകത്തിൽ അലറിവിളിച്ചു കരഞ്ഞു. ആ ക്യാമറയ്ക്ക് മുന്നിലിരുത്തി ഫോട്ടോഗ്രാഫർ എന്നെ ആ യന്ത്രത്തിനുള്ളിലേയ്ക്കോ മറ്റോ കയറ്റിവിടുമെന്ന് ഭയന്നാകണം ഞാനന്ന് നിർത്താതെ കരഞ്ഞത്. ഒടുവിൽ പതിനെട്ടടവും പയറ്റി തോറ്റപ്പോൾ ഒറ്റയ്ക്കുള്ള ഫോട്ടോ വേണ്ട, കുടുംബചിത്രം മതിയെന്ന് തീരുമാനിയ്ക്കുകയായിരുന്നു. അന്നു എന്നേക്കാൾ മൂന്നുവയസ്സ് കൂടുതലുള്ള ജ്യേഷ്ഠൻ കാണിച്ച പക്വത, കാലിൻമേൽ കാലും കയറ്റിവെച്ച് പോസ്ചെയ്ത നല്ലൊരു ചിത്രമായി ഇന്നും വീട്ടിലെ ആൽബത്തിൽ കാണാം.വീടെന്ന സ്നേഹക്കൂടിൽ നിന്ന് പറിച്ചുമാറ്റപ്പെടുമോ എന്ന എന്റെ കുഞ്ഞുമനസ്സിന്റെ ഭയം നിമിത്തം നല്ലൊരു കുടുംബചിത്രംകൂടി ആ ആൽബത്തിൽ ഇടം പിടിച്ചു. എങ്കിലും തനിച്ചുള്ള ഫോട്ടോ ഇല്ലെന്ന സങ്കടം ആൽബം കാണുമ്പോഴൊക്കെ മനസ്സിൽ തോന്നാറുണ്ടായിരുന്നു. പിന്നെ ഞാൻ വളർന്ന് ഫോട്ടോഷോപ്പ് ഒക്കെ പയറ്റാൻ തുടങ്ങിയപ്പോൾ ഉമ്മച്ചിയുടെ മടിയിലിരിക്കുന്ന എന്നെ താഴെകാണും വിധമാക്കി സ്വയം ആശ്വസിച്ചു.



വീടെന്ന തണലിൽ വാപ്പിച്ചിയുടേയും ഉമ്മച്ചിയുടേയും സ്നേഹവലയത്തിലൊതുങ്ങി നിൽക്കാനായിരുന്നു എന്നുമെനിക്കിഷ്ടം. ചെറുപ്പകാലത്ത് ഇടയ്ക്കൊക്കെ വീട്ടിൽ നിന്ന് സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ പോയാൽ ഒരു തീയറ്റർ ഉണ്ട്. എറണാകുളം ടൌണിൽ സിനിമ കാണാൻ പോകുന്നത് വല്ലപ്പോഴും മാത്രമായിരുന്നു. അല്ലെങ്കിൽ ആശ്രയം ഈ കൊച്ചു തീയറ്റർ തന്നെ ആയിരുന്നു. അന്ന് ടി.വി ഒക്കെ അത്രയേറെ പ്രചാരത്തിൽ വന്നിട്ടില്ലാത്തതിനാൽ, പുതിയ സിനിമകൾ റിലീസായി കുറച്ച് കാലം കഴിഞ്ഞാണ് ആ തീയറ്ററിൽ പ്രദർശിപ്പിക്കുകയെങ്കിലും സാമാന്യം തിരക്കുണ്ടാകാറുണ്ട്. സിനിമ കണ്ടാസ്വദിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ലെങ്കിലും എന്തോ മഹാകാര്യത്തിന് പോകുന്നതുപോലെ ഞാനും പോയി മാതാപിതാക്കൾക്കൊപ്പം എല്ലാ സിനിമയ്ക്കും. മുന്നിലിരിയ്ക്കുന്ന ആളിന്റെ തല കാരണം ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ് ബഹളംവെച്ച് കരഞ്ഞും പിന്നെ സീറ്റിന്റെ ഹാൻഡ് റെസ്റ്റിൽ കയറ്റിയിരുത്തുമ്പോൾ സമാധാനപ്പെട്ടും കഥയും കഥാപാത്രങ്ങളുമൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ സിനിമകൾ കണ്ടുവന്നു. എന്നാൽ അക്കാലത്ത് സിനിമയ്ക്ക് പോകുമ്പോൾ മനസ്സിൽ ഭയം തോന്നിച്ചിരുന്നത് അവിടെ സ്ഥിരമായി കാണാറുള്ള ഒരു പ്രായംചെന്ന മനുഷ്യനായിരുന്നു. അയാൾ എന്റെ വാപ്പിച്ചിയുടെ പരിചയക്കാരനായിരുന്നിരിക്കണം. സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ നിൽക്കുമ്പോഴോ മറ്റോ അയാൾ ഞങ്ങളെ കണ്ടാൽ അടുത്തുവന്ന് കുശലാന്വേഷണം നടത്തുമായിരുന്നു. എന്റെ മനസ്സിനെ അലട്ടിയിരുന്നത് ഈ കുശലാന്വേഷണത്തിനൊടുവിൽ സ്ഥിരമായി അയാൾ വാപ്പിച്ചിയോട് എന്നെ ചൂണ്ടി പറഞ്ഞിരുന്ന ഒരു ഡയലോഗാണ്. “സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഇവളെ എനിയ്ക്ക് തന്നിട്ട് പോയാൽ മതി” എന്ന്. വാപ്പിച്ചി അത് സമ്മതിയ്ക്കുകയും ചെയ്യും. പിന്നെ സിനിമ കഴിഞ്ഞ് വീടെത്തുന്നതുവരെ അയാളുടെ ആ ചോദ്യം ഒരു ഭയമായി എന്റെ മനസ്സിനെ വലയം ചെയ്യുമായിരുന്നു. എന്നെ ആരുടേയോ കയ്യിൽ നിന്ന് വിലകൊടുത്ത് വാങ്ങിയതാണെന്നുള്ള ജ്യേഷ്ഠൻവക കെട്ടുകഥകൾ കൂടിയാകുമ്പോൾ എന്റെ ഭയം പൂർണ്ണസ്ഥായിയിലെത്തും. അപ്പോഴൊക്കെയും വാപ്പിച്ചിയോട് എന്നെ അയാൾക്ക് കൊടുക്കുമോ എന്ന് ചോദിയ്ക്കുകയും ‘കൊടുക്കില്ല’ എന്ന മറുപടിയിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യുമായിരുന്നു.

അതുപോലെ വീടിനുമുന്നിലൂടെ ഇടയ്ക്കൊക്കെ പോകുമായിരുന്ന ഒരു പട്ടാളക്കാരനുണ്ടായിരുന്നു. അവധിയ്ക്ക് വരുമ്പോഴായിരിക്കണം അയാളെ ഞാൻ കണ്ടിരുന്നത്. സ്കൂളിൽ എന്റെ സഹപാഠിആയിരുന്ന ആൺകുട്ടിയുടെ അച്ഛനായിരുന്നു അദ്ദേഹം. മൂന്ന് ആൺ‌മക്കളുണ്ടായിരുന്ന അദ്ദേഹത്തിന് പെൺകുട്ടികളോട് ഒരു പ്രത്യേകവാത്സല്യമുണ്ടായിരുന്നു. അതുകൊണ്ടാകണം എന്നെ വീടിന്റെ മുറ്റത്തുകാണുമ്പോഴൊക്കെ അടുത്തേയ്ക്കു വിളിയ്ക്കുകയും ലാളിയ്ക്കുകയും ചെയ്യുമായിരുന്നു. പക്ഷെ ആ സ്നേഹം ഞാനിഷ്ടപ്പെട്ടിരുന്നുവെങ്കിലും അടുത്തുചെന്നാൽ കൂടെ കൊണ്ടുപോയെങ്കിലോ എന്ന ഭയം നിമിത്തം പലപ്പോഴും അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെല്ലാൻ ഞാൻ മടികാണിച്ചു. വിശേഷങ്ങൾ ചോദിയ്ക്കുന്നതിനിടയിൽ ഉമ്മച്ചിയോട് “മോളൂട്ടിയെ എനിയ്ക്ക് തന്നേക്കുമോ?” എന്ന് ചോദിച്ചിരുന്നതാകാണം എന്റെ മനസ്സിനെ അയാളിൽ നിന്ന് അകറ്റിനിർത്തിയ ഭയത്തിന് കാരണം. അയാൾ സ്വന്തം കുട്ടികൾക്കായി വാങ്ങിക്കൊണ്ടുപോകുന്ന മിഠായികളിൽ ഒരു പങ്ക് എനിയ്ക്കും ലഭിയ്ക്കാറുണ്ടായിരുന്നു. അത് പെൺമക്കളില്ലാതിരുന്ന ഒരുച്ഛൻ മകൾക്കായി കാത്തുവെച്ചിരുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പങ്കായിരുന്നുവെന്ന് ഏറെ വളർന്നതിനുശേഷം ഇന്നെനിയ്ക്ക് മനസ്സിലാകുന്നു. കാലമേറെകഴിഞ്ഞ് അദ്ദേഹത്തിന് ഒരു അപകടത്തിൽ തലയ്ക്ക് പരിക്കേൽക്കുകയും സമനിലയ്ക്ക് കാര്യമായ തകരാറ് സംഭവിയ്ക്കുകയും ചെയ്തെന്ന് ആരോപറഞ്ഞ് ഞാ‍നറിഞ്ഞിരുന്നു. ഓർമ്മകളിൽ ഇടയ്ക്കിടെ നുണയാറുണ്ടായിരുന്ന മിഠായികളുടെ മധുരത്തിൽ വേദന പടർത്തുന്ന ഒരു അനുഭവമായിമാറി അത്.

എന്നും വീടിന്റെയും മാതാപിതാക്കളുടേയും സ്നേഹസാമിപ്യം കൊതിച്ചിരുന്ന ഞാനിന്ന് അവരിൽന്നിന്നെല്ലാം ഒരുപാടകലെയിരുന്ന് ജീവിതത്തോട് നിശബ്ദമായി പരാതി പറയുന്നു. ആരും തട്ടിപ്പറിയ്ക്കാതെ തന്നെ എത്ര കൌശലത്തോടെ ജീവിതം എന്നെ അവരിൽ നിന്ന് അടർത്തിമാറ്റിയെന്ന് ഒട്ടൊരത്ഭുതത്തോടെ ചിന്തിയ്ക്കുന്നു. തനിച്ചായിപ്പോയതിന്റെ ഭയം മറച്ചുപിടിച്ച് നിലനിൽ‌പ്പെന്ന സമരത്തിന്റെ ഭാഗമായിമാറിയിരിയ്ക്കുന്നു ഞാനും. മറവിയെന്ന കൊടുങ്കാറ്റിൽ തകർന്നുപോയ ഓർമ്മകളിൽ, ബാക്കിയായതെന്തൊക്കെയോ തേടിപ്പിടിച്ച് മനസ്സുകൊണ്ടെങ്കിലും എന്നോ നഷ്ടപ്പെട്ടുപോയ ആ കുട്ടിത്തം തിരികെപ്പിടിക്കാൻ ഇടയ്ക്കിടെ ശ്രമിയ്ക്കുന്നു. പക്ഷെ ഇന്നും നശിയ്ക്കാത്ത മറ്റുചില ഓർമ്മച്ചിത്രങ്ങൾ തിരികെ നടക്കാനാവാത്തവിധം ഞാൻ വളർന്നുപോയെന്ന് എന്നെ ഓർമ്മപ്പെടുത്തുന്നു. മുന്നോട്ട് മാത്രം ചലിയ്ക്കുന്ന സമയത്തിനൊപ്പം ജീവിതവും മുന്നോട്ട് മാത്രം.പ്രാണനിൽ കൊത്തിവെച്ചതെന്തെല്ലാമോ പറിച്ചെടുത്തുകൊണ്ട് ഒടുവിൽ 2009ഉം വിടപറയുകയാണ്. ഓർമ്മകളിലേയ്ക്ക് കുറേ നൊമ്പരപ്പൂക്കൾ സമ്മാനിച്ച വർഷം. കടന്നുപോകുന്ന ഒരോ നിമിഷങ്ങളും ഓർമ്മപ്പുസ്തകത്തിലെ വാക്കുകളോ വാചകങ്ങളോ താളുകളോ ആയി മാറിക്കൊണ്ടിരിയ്ക്കുന്നു. 2010 എനിയ്ക്കായി കാത്തുവെച്ചതെന്തൊക്കെയാകുമെന്നറിയാൻ സമ്മാനപ്പൊതി തുറക്കാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്നൊരു ബാല്യത്തിന്റെ മനസ്സുമായി ഞാനും കാത്തിരിക്കുന്നു. പൊള്ളിയടർന്ന മനസ്സിനെ പുത്തൻസ്വപ്നങ്ങൾക്കായി സജ്ജമാക്കുന്നു. സമയത്തിന്റെ; ബന്ധങ്ങളുടെ; കടപ്പാടുകളുടെ; കാണാച്ചരടുകളഴിയുകയാണ്. അനുഭവങ്ങളുടെ തീവ്രത സമ്മാനിച്ച ഒരു ലാഘവത്വം മനസ്സിനെ പതുക്കെ ഭരിച്ചുതുടങ്ങിരിയിക്കുന്നു. അതെന്നെ വീണ്ടും സ്വപ്നം കാണാനും ജീവിക്കാനും പഠിപ്പിക്കുന്നു.

വരും വർഷം എല്ലാവർക്കും നല്ലതുമാത്രം സമ്മാനിക്കട്ടെ.... നന്മയും സ്നേഹവും സമാധാനവും പകർന്നു തരട്ടെ...

എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ !!!!

15 comments:

Sharu (Ansha Muneer) said...

എല്ലാവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ....!!!!

Anonymous said...

"ആരും തട്ടിപ്പറിയ്ക്കാതെ തന്നെ എത്ര കൌശലത്തോടെ ജീവിതം എന്നെ അവരില്‍ നിന്ന് അടർത്തിമാറ്റിയെന്ന് ഒട്ടൊരത്ഭുതത്തോടെ ചിന്തിയ്ക്കുന്നു. തനിച്ചായിപ്പോയതിന്റെ ഭയം മറച്ചുപിടിച്ച് നിലനില്‍പ്പെന്ന സമരത്തിന്റെ ഭാഗമായിമാറിയിരിയ്ക്കുന്നു ഞാനും."

"2010 എനിയ്ക്കായി കാത്തുവെച്ചതെന്തൊക്കെയാകുമെന്നറിയാന്‍ സമ്മാനപ്പൊതി തുറക്കാന്‍ ജിജ്ഞാസയോടെ കാത്തിരിക്കുന്നൊരു ബാല്യത്തിന്റെ മനസ്സുമായി ഞാനും കാത്തിരിക്കുന്നു. പൊള്ളിയടർന്ന മനസ്സിനെ പുത്തന്‍സ്വപ്നങ്ങള്‍ക്കായി സജ്ജമാക്കുന്നു."

നിന്‍റെ ആഗ്രഹങ്ങള്‍ പുവണിയാന്‍ അടുത്ത നിമിഷത്തിനു കഴിയട്ടെ....


സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍....!!!!..

$.....jAfAr.....$ said...

"പ്രാണനിൽ കൊത്തിവെച്ചതെന്തെല്ലാമോ പറിച്ചെടുത്തുകൊണ്ട് ഒടുവിൽ 2009ഉം വിടപറയുകയാണ്. ഓർമ്മകളിലേയ്ക്ക് കുറേ നൊമ്പരപ്പൂക്കൾ സമ്മാനിച്ച വർഷം"

"2010 എനിയ്ക്കായി കാത്തുവെച്ചതെന്തൊക്കെയാകുമെന്നറിയാൻ സമ്മാനപ്പൊതി തുറക്കാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്നൊരു ബാല്യത്തിന്റെ മനസ്സുമായി ഞാനും കാത്തിരിക്കുന്നു"

"സ്വപ്നങ്ങള്‍,എന്നും തണലായ് നിന്ന സുഹൃത്തുക്കള്‍ ഇരൂളടഞ്ഞാ വീഥികളില്‍ എന്നും പ്രത്യാശയുടെ തിരിനാളമായ്‌ കത്തിനില്കുന്ന ദൈവസനിധ്യം.ഒട്ടേറെ വഴിത്തിരിവുകള്‍ നമുക്കായ് ചേര്‍ത്തുവെച്ചുകൊണ്ട്‌ ഒരു പുതുവര്‍ഷം കൂടി നമ്മെ കാത്തിരിക്കുന്നു"

"ഹൃദായം നിറഞ്ഞ പുതുവല്‍സരാശംസകള്‍"

കിരൺ said...

അടിപൊളി ഷാരു ഒരായിരം പുതുവത്സരാശംസകള്‍....

Irshad said...

2010 തുറന്നോളൂ... ഒരുപാടു സന്തോഷങ്ങളുണ്ടാവും. തീര്‍ച്ച.

പുതുവത്സരാശംസകള്‍....

വാഴക്കോടന്‍ ‍// vazhakodan said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍....!!!!.

pandavas... said...

ആശംസകള്‍.........

നാടകക്കാരന്‍ said...

അനുഭവങ്ങളുടെ തീവ്രത സമ്മാനിച്ച ഒരു ലാഘവത്വം മനസ്സിനെ പതുക്കെ ഭരിച്ചു തുടങ്ങിയിരിക്കുന്നു അതെന്നെ ജീവിക്കാൻ പഠിപ്പിക്കുന്നു

അഗ്രജന്‍ said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍...

Unknown said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

അഥവാ ഞാന്‍ .. said...

കുറച്ചു കൂടി ലളിതമായി പറഞ്ഞിരുന്നുവെങ്കില്‍ ..

Mahesh Cheruthana/മഹി said...

ഷാരു,
ഓര്‍മ്മകുറിപ്പുകള്‍ നന്നായി എഴുതിയിരിക്കുന്നു!
ഈ പുതുവര്‍ഷം എല്ലാ നന്മകളും നല്‍കട്ടെ !!

ശ്രീവല്ലഭന്‍. said...

പുതുവത്സരാശംസകള്‍!

shabin said...

2010 മാത്രമല്ല ഇനിയുള്ള എല്ലാ വര്‍ഷങ്ങളും സന്തോഷം നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു.

Ashly said...

നല്ല എഴുത്ത്.

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...