Dec 30, 2009

ഒരോർമ്മച്ചിത്രം

എന്റെ ഓർമ്മപ്പുസ്തകത്തിലെ ഏറ്റവും പഴക്കംചെന്ന താളുകൾ പലതും മറവിയിൽ പിഞ്ഞിത്തുടങ്ങിയിരിയ്ക്കുന്നു. പലതും തുടക്കവും അവസാനവുമില്ലാത്ത ചില ഓർമ്മച്ചിന്തുകൾ മാത്രമായിരിയ്ക്കുന്നു. അതിലൊന്നാണ് രണ്ടരവയസ്സിൽ എന്റെ ഫോട്ടോയെടുക്കാൻ കൊണ്ടുപോയ ചെറിയ ഒരോർമ്മ. സ്വതവേ മെലിഞ്ഞ ശരീരപ്രകൃതമായതിനാൽ, ശൈശവകാലത്തൊന്നും എന്റെ ഫോട്ടോ എടുത്തിട്ടുണ്ടായിരുന്നില്ല. എന്റെ ശരീരമൊക്കെ ഒന്നു പുഷ്ടിപ്പെട്ടിട്ട് ഫോട്ടോയെടുത്താൽ മതിയെന്ന് തീരുമാനിച്ച മാതാപിതാക്കൾക്ക് ഏറെ താമസിയാതെ ഒന്ന് ബോധ്യപ്പെട്ടു...ആ മഹാത്ഭുതം ഉടനെ ഒന്നും ഉണ്ടാകില്ലെന്ന്. എങ്കിൽ പിന്നെ അപ്പോഴുള്ള കോലം തന്നെ മതിയെന്ന് തീരുമാനിച്ച് എന്നെയും ജ്യേഷ്ഠനേയും ഒരുക്കി ചമയിച്ച് കൊണ്ടുപോയി. പക്ഷെ ഒറ്റയ്ക്ക് ഒരു കസേരയിലിരുത്തി പോസ് ചെയ്യിച്ച് ഫോട്ടോ എടുക്കാമെന്ന തീരുമാനത്തെ ഞാ‍ൻ നഖശിഖാന്തം എതിർത്തു. ആ സ്റ്റുഡിയോ മൊത്തം കേൾക്കാൻ പാകത്തിൽ അലറിവിളിച്ചു കരഞ്ഞു. ആ ക്യാമറയ്ക്ക് മുന്നിലിരുത്തി ഫോട്ടോഗ്രാഫർ എന്നെ ആ യന്ത്രത്തിനുള്ളിലേയ്ക്കോ മറ്റോ കയറ്റിവിടുമെന്ന് ഭയന്നാകണം ഞാനന്ന് നിർത്താതെ കരഞ്ഞത്. ഒടുവിൽ പതിനെട്ടടവും പയറ്റി തോറ്റപ്പോൾ ഒറ്റയ്ക്കുള്ള ഫോട്ടോ വേണ്ട, കുടുംബചിത്രം മതിയെന്ന് തീരുമാനിയ്ക്കുകയായിരുന്നു. അന്നു എന്നേക്കാൾ മൂന്നുവയസ്സ് കൂടുതലുള്ള ജ്യേഷ്ഠൻ കാണിച്ച പക്വത, കാലിൻമേൽ കാലും കയറ്റിവെച്ച് പോസ്ചെയ്ത നല്ലൊരു ചിത്രമായി ഇന്നും വീട്ടിലെ ആൽബത്തിൽ കാണാം.വീടെന്ന സ്നേഹക്കൂടിൽ നിന്ന് പറിച്ചുമാറ്റപ്പെടുമോ എന്ന എന്റെ കുഞ്ഞുമനസ്സിന്റെ ഭയം നിമിത്തം നല്ലൊരു കുടുംബചിത്രംകൂടി ആ ആൽബത്തിൽ ഇടം പിടിച്ചു. എങ്കിലും തനിച്ചുള്ള ഫോട്ടോ ഇല്ലെന്ന സങ്കടം ആൽബം കാണുമ്പോഴൊക്കെ മനസ്സിൽ തോന്നാറുണ്ടായിരുന്നു. പിന്നെ ഞാൻ വളർന്ന് ഫോട്ടോഷോപ്പ് ഒക്കെ പയറ്റാൻ തുടങ്ങിയപ്പോൾ ഉമ്മച്ചിയുടെ മടിയിലിരിക്കുന്ന എന്നെ താഴെകാണും വിധമാക്കി സ്വയം ആശ്വസിച്ചു.



വീടെന്ന തണലിൽ വാപ്പിച്ചിയുടേയും ഉമ്മച്ചിയുടേയും സ്നേഹവലയത്തിലൊതുങ്ങി നിൽക്കാനായിരുന്നു എന്നുമെനിക്കിഷ്ടം. ചെറുപ്പകാലത്ത് ഇടയ്ക്കൊക്കെ വീട്ടിൽ നിന്ന് സിനിമയ്ക്ക് കൊണ്ടുപോകുമായിരുന്നു. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ പോയാൽ ഒരു തീയറ്റർ ഉണ്ട്. എറണാകുളം ടൌണിൽ സിനിമ കാണാൻ പോകുന്നത് വല്ലപ്പോഴും മാത്രമായിരുന്നു. അല്ലെങ്കിൽ ആശ്രയം ഈ കൊച്ചു തീയറ്റർ തന്നെ ആയിരുന്നു. അന്ന് ടി.വി ഒക്കെ അത്രയേറെ പ്രചാരത്തിൽ വന്നിട്ടില്ലാത്തതിനാൽ, പുതിയ സിനിമകൾ റിലീസായി കുറച്ച് കാലം കഴിഞ്ഞാണ് ആ തീയറ്ററിൽ പ്രദർശിപ്പിക്കുകയെങ്കിലും സാമാന്യം തിരക്കുണ്ടാകാറുണ്ട്. സിനിമ കണ്ടാസ്വദിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ലെങ്കിലും എന്തോ മഹാകാര്യത്തിന് പോകുന്നതുപോലെ ഞാനും പോയി മാതാപിതാക്കൾക്കൊപ്പം എല്ലാ സിനിമയ്ക്കും. മുന്നിലിരിയ്ക്കുന്ന ആളിന്റെ തല കാരണം ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ് ബഹളംവെച്ച് കരഞ്ഞും പിന്നെ സീറ്റിന്റെ ഹാൻഡ് റെസ്റ്റിൽ കയറ്റിയിരുത്തുമ്പോൾ സമാധാനപ്പെട്ടും കഥയും കഥാപാത്രങ്ങളുമൊന്നും മനസ്സിലായില്ലെങ്കിലും ഞാൻ സിനിമകൾ കണ്ടുവന്നു. എന്നാൽ അക്കാലത്ത് സിനിമയ്ക്ക് പോകുമ്പോൾ മനസ്സിൽ ഭയം തോന്നിച്ചിരുന്നത് അവിടെ സ്ഥിരമായി കാണാറുള്ള ഒരു പ്രായംചെന്ന മനുഷ്യനായിരുന്നു. അയാൾ എന്റെ വാപ്പിച്ചിയുടെ പരിചയക്കാരനായിരുന്നിരിക്കണം. സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ നിൽക്കുമ്പോഴോ മറ്റോ അയാൾ ഞങ്ങളെ കണ്ടാൽ അടുത്തുവന്ന് കുശലാന്വേഷണം നടത്തുമായിരുന്നു. എന്റെ മനസ്സിനെ അലട്ടിയിരുന്നത് ഈ കുശലാന്വേഷണത്തിനൊടുവിൽ സ്ഥിരമായി അയാൾ വാപ്പിച്ചിയോട് എന്നെ ചൂണ്ടി പറഞ്ഞിരുന്ന ഒരു ഡയലോഗാണ്. “സിനിമ കഴിഞ്ഞിറങ്ങുമ്പോൾ ഇവളെ എനിയ്ക്ക് തന്നിട്ട് പോയാൽ മതി” എന്ന്. വാപ്പിച്ചി അത് സമ്മതിയ്ക്കുകയും ചെയ്യും. പിന്നെ സിനിമ കഴിഞ്ഞ് വീടെത്തുന്നതുവരെ അയാളുടെ ആ ചോദ്യം ഒരു ഭയമായി എന്റെ മനസ്സിനെ വലയം ചെയ്യുമായിരുന്നു. എന്നെ ആരുടേയോ കയ്യിൽ നിന്ന് വിലകൊടുത്ത് വാങ്ങിയതാണെന്നുള്ള ജ്യേഷ്ഠൻവക കെട്ടുകഥകൾ കൂടിയാകുമ്പോൾ എന്റെ ഭയം പൂർണ്ണസ്ഥായിയിലെത്തും. അപ്പോഴൊക്കെയും വാപ്പിച്ചിയോട് എന്നെ അയാൾക്ക് കൊടുക്കുമോ എന്ന് ചോദിയ്ക്കുകയും ‘കൊടുക്കില്ല’ എന്ന മറുപടിയിൽ ആശ്വാസം കണ്ടെത്തുകയും ചെയ്യുമായിരുന്നു.

അതുപോലെ വീടിനുമുന്നിലൂടെ ഇടയ്ക്കൊക്കെ പോകുമായിരുന്ന ഒരു പട്ടാളക്കാരനുണ്ടായിരുന്നു. അവധിയ്ക്ക് വരുമ്പോഴായിരിക്കണം അയാളെ ഞാൻ കണ്ടിരുന്നത്. സ്കൂളിൽ എന്റെ സഹപാഠിആയിരുന്ന ആൺകുട്ടിയുടെ അച്ഛനായിരുന്നു അദ്ദേഹം. മൂന്ന് ആൺ‌മക്കളുണ്ടായിരുന്ന അദ്ദേഹത്തിന് പെൺകുട്ടികളോട് ഒരു പ്രത്യേകവാത്സല്യമുണ്ടായിരുന്നു. അതുകൊണ്ടാകണം എന്നെ വീടിന്റെ മുറ്റത്തുകാണുമ്പോഴൊക്കെ അടുത്തേയ്ക്കു വിളിയ്ക്കുകയും ലാളിയ്ക്കുകയും ചെയ്യുമായിരുന്നു. പക്ഷെ ആ സ്നേഹം ഞാനിഷ്ടപ്പെട്ടിരുന്നുവെങ്കിലും അടുത്തുചെന്നാൽ കൂടെ കൊണ്ടുപോയെങ്കിലോ എന്ന ഭയം നിമിത്തം പലപ്പോഴും അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് ചെല്ലാൻ ഞാൻ മടികാണിച്ചു. വിശേഷങ്ങൾ ചോദിയ്ക്കുന്നതിനിടയിൽ ഉമ്മച്ചിയോട് “മോളൂട്ടിയെ എനിയ്ക്ക് തന്നേക്കുമോ?” എന്ന് ചോദിച്ചിരുന്നതാകാണം എന്റെ മനസ്സിനെ അയാളിൽ നിന്ന് അകറ്റിനിർത്തിയ ഭയത്തിന് കാരണം. അയാൾ സ്വന്തം കുട്ടികൾക്കായി വാങ്ങിക്കൊണ്ടുപോകുന്ന മിഠായികളിൽ ഒരു പങ്ക് എനിയ്ക്കും ലഭിയ്ക്കാറുണ്ടായിരുന്നു. അത് പെൺമക്കളില്ലാതിരുന്ന ഒരുച്ഛൻ മകൾക്കായി കാത്തുവെച്ചിരുന്ന സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും പങ്കായിരുന്നുവെന്ന് ഏറെ വളർന്നതിനുശേഷം ഇന്നെനിയ്ക്ക് മനസ്സിലാകുന്നു. കാലമേറെകഴിഞ്ഞ് അദ്ദേഹത്തിന് ഒരു അപകടത്തിൽ തലയ്ക്ക് പരിക്കേൽക്കുകയും സമനിലയ്ക്ക് കാര്യമായ തകരാറ് സംഭവിയ്ക്കുകയും ചെയ്തെന്ന് ആരോപറഞ്ഞ് ഞാ‍നറിഞ്ഞിരുന്നു. ഓർമ്മകളിൽ ഇടയ്ക്കിടെ നുണയാറുണ്ടായിരുന്ന മിഠായികളുടെ മധുരത്തിൽ വേദന പടർത്തുന്ന ഒരു അനുഭവമായിമാറി അത്.

എന്നും വീടിന്റെയും മാതാപിതാക്കളുടേയും സ്നേഹസാമിപ്യം കൊതിച്ചിരുന്ന ഞാനിന്ന് അവരിൽന്നിന്നെല്ലാം ഒരുപാടകലെയിരുന്ന് ജീവിതത്തോട് നിശബ്ദമായി പരാതി പറയുന്നു. ആരും തട്ടിപ്പറിയ്ക്കാതെ തന്നെ എത്ര കൌശലത്തോടെ ജീവിതം എന്നെ അവരിൽ നിന്ന് അടർത്തിമാറ്റിയെന്ന് ഒട്ടൊരത്ഭുതത്തോടെ ചിന്തിയ്ക്കുന്നു. തനിച്ചായിപ്പോയതിന്റെ ഭയം മറച്ചുപിടിച്ച് നിലനിൽ‌പ്പെന്ന സമരത്തിന്റെ ഭാഗമായിമാറിയിരിയ്ക്കുന്നു ഞാനും. മറവിയെന്ന കൊടുങ്കാറ്റിൽ തകർന്നുപോയ ഓർമ്മകളിൽ, ബാക്കിയായതെന്തൊക്കെയോ തേടിപ്പിടിച്ച് മനസ്സുകൊണ്ടെങ്കിലും എന്നോ നഷ്ടപ്പെട്ടുപോയ ആ കുട്ടിത്തം തിരികെപ്പിടിക്കാൻ ഇടയ്ക്കിടെ ശ്രമിയ്ക്കുന്നു. പക്ഷെ ഇന്നും നശിയ്ക്കാത്ത മറ്റുചില ഓർമ്മച്ചിത്രങ്ങൾ തിരികെ നടക്കാനാവാത്തവിധം ഞാൻ വളർന്നുപോയെന്ന് എന്നെ ഓർമ്മപ്പെടുത്തുന്നു. മുന്നോട്ട് മാത്രം ചലിയ്ക്കുന്ന സമയത്തിനൊപ്പം ജീവിതവും മുന്നോട്ട് മാത്രം.പ്രാണനിൽ കൊത്തിവെച്ചതെന്തെല്ലാമോ പറിച്ചെടുത്തുകൊണ്ട് ഒടുവിൽ 2009ഉം വിടപറയുകയാണ്. ഓർമ്മകളിലേയ്ക്ക് കുറേ നൊമ്പരപ്പൂക്കൾ സമ്മാനിച്ച വർഷം. കടന്നുപോകുന്ന ഒരോ നിമിഷങ്ങളും ഓർമ്മപ്പുസ്തകത്തിലെ വാക്കുകളോ വാചകങ്ങളോ താളുകളോ ആയി മാറിക്കൊണ്ടിരിയ്ക്കുന്നു. 2010 എനിയ്ക്കായി കാത്തുവെച്ചതെന്തൊക്കെയാകുമെന്നറിയാൻ സമ്മാനപ്പൊതി തുറക്കാൻ ജിജ്ഞാസയോടെ കാത്തിരിക്കുന്നൊരു ബാല്യത്തിന്റെ മനസ്സുമായി ഞാനും കാത്തിരിക്കുന്നു. പൊള്ളിയടർന്ന മനസ്സിനെ പുത്തൻസ്വപ്നങ്ങൾക്കായി സജ്ജമാക്കുന്നു. സമയത്തിന്റെ; ബന്ധങ്ങളുടെ; കടപ്പാടുകളുടെ; കാണാച്ചരടുകളഴിയുകയാണ്. അനുഭവങ്ങളുടെ തീവ്രത സമ്മാനിച്ച ഒരു ലാഘവത്വം മനസ്സിനെ പതുക്കെ ഭരിച്ചുതുടങ്ങിരിയിക്കുന്നു. അതെന്നെ വീണ്ടും സ്വപ്നം കാണാനും ജീവിക്കാനും പഠിപ്പിക്കുന്നു.

വരും വർഷം എല്ലാവർക്കും നല്ലതുമാത്രം സമ്മാനിക്കട്ടെ.... നന്മയും സ്നേഹവും സമാധാനവും പകർന്നു തരട്ടെ...

എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ !!!!

Dec 12, 2009

ഒരു മഴച്ചിത്രം

മഴ, എന്നുമെന്റെ പ്രീയപ്പെട്ട കൂട്ടുകാരിയാണ്. സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും സമ്മിശ്രഭാവങ്ങളെന്നിലേയ്ക്ക് പകരുന്ന എന്റെ ചങ്ങാതി. നാട്ടിൽ അവധിക്കാലമാഘോഷിച്ച് മടങ്ങിവരുന്ന സുഹൃത്തുക്കളോടൊക്കെയും എന്റെ ഏറ്റവുമടുത്ത ബന്ധുവിനെക്കുറിച്ചന്വേഷിക്കുന്നതുപോലെ ഞാൻ മഴയെക്കുറിച്ചന്വേഷിക്കുന്നു. തീരാത്ത ദാഹത്തോടെ മഴച്ചിത്രങ്ങൾ കണ്ടാസ്വദിക്കുന്നു. മഴകാണാൻ കൊതിക്കുന്ന മനസ്സുമായി എന്നും ഞാൻ കാത്തിരുന്നു.ആ കാത്തിരിപ്പിന് മറുപടിയെന്നപോലെ ഇന്നിവിടെ മഴപെയ്തു. വൈകിയെത്തിയ അതിഥിയെപ്പോലെ അല്പം ജാള്യതയോടെ അവൾ ദുബായിയുടെ മണ്ണിൽ പെയ്തിറങ്ങുന്ന കാഴ്ച ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഏറെനേരം ഞാൻ ആസ്വദിച്ചു. പിന്നെ,വർഷത്തിലൊരിക്കൽ വിശിഷ്ടാതിഥിയെപ്പോലെ വന്നെത്തുന്ന അവളുടെ കുളിരറിയാൻ;അറിഞ്ഞൊന്നു പുൽകാൻ ഞാനുമിറങ്ങിനടന്നു. ദിവസങ്ങളായി എന്നെ അലട്ടുന്ന പനിയുടെ ആലസ്യങ്ങളെ വകവെയ്ക്കാതെ നന്നായിതന്നെ മഴ നനഞ്ഞു.

ദുബായ് ക്രീക്കിൽ ഇളകി മറിയുന്ന കടലിനെ നോക്കിയിരുന്ന് ‘സാദാ ചായ’ യുടെ കടുപ്പം നുണയുമ്പോൾ തനിച്ചാണെന്ന തോന്നൽ എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കണ്ണീരിലവസാനിയ്ക്കുമെന്നുറപ്പുള്ള അത്തരം ചിന്തകളെ വഴിതിരിച്ചുവിടാൻപറ്റിയ കാഴ്ചകൾക്കായി എന്റെ കണ്ണുകൾ ചുറ്റിനും തിരഞ്ഞു. കുറച്ചുമാറി രണ്ട് പ്രണയിതാക്കൾ കടലിനോട് ചേർന്നുള്ള കൈവരിയിൽ പിടിച്ചുനിന്ന് എന്തൊക്കെയോ കുസൃതികൾ പറഞ്ഞ് ചിരിയ്ക്കുന്നത് എനിയ്ക്ക് കാണാമായിരുന്നു. അവരുടെ സ്വകാര്യതയിലേയ്ക്ക് നോക്കിയിരിയ്ക്കാൻ എന്തോ എനിക്കപ്പോൾ സങ്കോചമൊന്നും തോന്നിയതേയില്ല.ഒരു പക്ഷിയായോ പ്രാണിയായോ അവിടെ ചെന്നിരുന്ന് അവരുടെ സല്ലാപങ്ങളുടെ ശ്രോതാവാകാൻ കഴിഞ്ഞെങ്കിലെന്ന് ആ നിമിഷമെനിയ്ക്ക് തോന്നി. കടലിനെ സാക്ഷിയാക്കിയ ആ പ്രണയത്തിന്റെ ആഘോഷം കണ്ടങ്ങനെ കുറച്ചുനേരമിരുന്നു.

കഴിഞ്ഞ വർഷത്തെ മഴയുടെ വരവ് ആലിപ്പഴം പൊഴിച്ചുകൊണ്ടായിരുന്നു. അത് പ്രണയത്തിന്റെ ഒരു ഉത്സവകാലമായിരുന്നു എനിയ്ക്ക്. ഇന്ന് സിന്ദൂരം മാഞ്ഞൊരു വിധവയുടെ മുഖം പോലെ ഞാൻ അപൂർണ്ണയാണ്. കൈമോശം വന്ന എന്തിനെയോ ഓർത്ത് തേങ്ങുന്ന മനസ്സുമായി കരിഞ്ഞുപോയ എന്റെ പ്രതീക്ഷകളുടെമേൽ ആർത്തുപെയ്യുന്നൊരു മഴയെ ഞാനിന്ന് സ്വപ്നം കാണുന്നു. ആ മഴയിൽ, സ്നേഹനഷ്ടങ്ങളാൽ ഊഷരമായിത്തീർന്ന എന്റെ മനസ്സിൽ പുതിയ സ്വപ്നങ്ങൾ തളിർക്കുമെന്നും അങ്ങനെ എന്റെ ജീവിതത്തിൽ വർണ്ണങ്ങൾ നിറയുമെന്നും ഞാൻ സങ്കൽ‌പ്പിക്കുന്നു.

പ്രണയത്തിന്റെ; സ്നേഹത്തിന്റെ മുന്തിരിച്ചാറിൽ ഈശ്വരനെന്നെ മുക്കിയെടുക്കുമെന്ന് വെറുതെയെങ്കിലും സ്വപ്നം കാണാറുണ്ടെങ്കിലും ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന ഓർമ്മകളും പ്രണയത്തിന്റെ തിരസ്കരണവുമെല്ലാം എന്നിൽ വളർത്തിയ അപകർഷതാബോധം ഒരു കറുത്ത പാമ്പെന്നപോലെ എന്റെ മനസ്സിനെ ചുറ്റി വരിഞ്ഞിരിയ്ക്കുന്നു. ആലസ്യത്തിന്റെ നിദ്രയിലാണ്ടതുപോലെ കിടക്കുന്നുവെങ്കിലും അതിന്റെ വിഷം ചീറ്റുന്ന പത്തി പലപ്പോഴും എന്റെ ചിന്തകൾക്കുനേരെ ഉയരുന്നു. ഒരു സ്നേഹത്തിനും അർഹതയില്ലാത്തവളാണ് ഞാനെന്ന് ഒരു ഓർമ്മപ്പെടുത്തൽ‌പോലെ ഇടയ്ക്കിടെ അതെന്നോട് മന്ത്രിക്കുന്നു. ഒരു പുരുഷന്റെ സ്നേഹത്തിന് പാത്രീഭവിക്കാൻ കഴിയാത്തവളെന്ന വിചാരം പലപ്പോഴും എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ചപലമായ ആ ചിന്ത, എന്നെ സ്നേഹിയ്ക്കുന്നവരുടെ മനസ്സിനെ മുറിപ്പെടുത്താൻ തക്കവണ്ണം ശക്തിപ്രാപിയ്ക്കുന്നതും വാക്കുകളാൽ ഞാനവരെ വേദനിപ്പിയ്ക്കുന്നതും പതിവായി മാറിയിരിയ്ക്കുന്നു.

ചിന്തകളൊരുപാട് എന്നെ ആക്രമിക്കാൻ തുടങ്ങുന്നതിനുമുൻപ് അവിടെ നിന്നെഴുന്നേറ്റു നടക്കാൻ തുടങ്ങി. ക്രീക്ക്സൈഡിലൂടെ കുറച്ചുനടന്നപ്പോൾ കണ്ടു; മഴക്കോട്ട് ധരിച്ച് മുന്നിൽ നടന്ന് വരുന്ന ഒരു ഫിലിപ്പിനോകുട്ടിയും പുറകിൽ കുടചൂടി നടന്നുവരുന്ന അവന്റെ മാതാപിതാക്കളും. മഴ ആസ്വദിയ്ക്കാനിറങ്ങിയ ഒരു കുടുംബം. ആ കുഞ്ഞിനെ കണ്ടപ്പോൾ ഓർമ്മ വന്നത് മഴക്കോട്ടണിഞ്ഞ് വാപ്പിച്ചിയുടെ സൈക്കിളിലിരുന്ന് നഴ്സറി സ്കൂളിലേയ്ക്ക് പോകുന്ന മൂന്നുവയസ്സുകാരിയായ എന്നെയാണ്. മിന്നിമറയുന്ന ചില ഓർമ്മകൾ മാത്രമേ അക്കാലത്തെക്കുറിച്ചെനിയ്ക്കുള്ളു. വെയിലും മഴയും ഒരുമിച്ചുവരുന്നത് കുറുക്കന്റെ കല്യാണത്തിനാണെന്ന സങ്കല്പം ആരാണെന്റെ മനസ്സിലേയ്ക്ക് പകർന്നുതന്നതെന്ന് ഇന്ന് ഓർത്തെടുക്കാനാകുന്നില്ല. എന്റെ നഴ്സറിക്കാലത്തെ ഏതോ ഒരവധി ദിവസം അത്തരത്തിൽ മഴപെയ്തത് ഇന്നും ഞാൻ നന്നായി ഓർക്കുന്നു. വിവാഹത്തിനും മറ്റും സമ്മാനങ്ങൾ പൊതിഞ്ഞ് നൽകാറുള്ള പിങ്ക്നിറത്തിൽ പൂക്കളുള്ള വർണ്ണകടലാസിൽ എന്റെ പുസ്തകങ്ങളൊക്കെ പൊതിഞ്ഞെടുത്ത് കുറുക്കന്റെ കല്യാണത്തിന് പങ്കെടുക്കാൻ സമ്മാനവുമായി പോകുന്ന ഒരു ക്ഷണിതാവിനെപ്പോലെ ഞാൻ മുറ്റത്ത് മഴയിലിറങ്ങി നടന്നത് മഴയെക്കുറിച്ചുള്ള എന്റെ ഓർമ്മചിത്രങ്ങളിൽ ആദ്യത്തേതാണ്. എന്റെ സുന്ദരമായ ബാല്യത്തിന്റെ നല്ലൊരോർമ്മച്ചിത്രം. തെളിഞ്ഞ വെയിലിൽ പെയ്യുന്ന മഴയിൽ കുളിച്ചുനിൽക്കുന്ന ഒരു കുറുക്കനും അവന്റെ മണവാട്ടിയും എന്റെ കുഞ്ഞുമനസ്സിന്റെ ഭാവനയിൽ അന്നുണ്ടായിരുന്നിരിക്കാം. തീർച്ചയായും അത്ര നിഷ്കളങ്കമായ മനസ്സോടെ മഴയെ അറിഞ്ഞ ഒരു സന്ദർഭവും പിന്നീട് എന്റെ ജീവിതത്തിലുണ്ടായി കാണില്ല. പിന്നെയുമുണ്ട് ബാല്യത്തിന്റെ മഴച്ചിത്രങ്ങൾ. വരാന്തയിൽ മഴച്ചാറ്റൽ വീണുകിടക്കുന്ന നിലത്ത് പേരെഴുതിവെയ്ക്കുന്നതും അരമതിലിന്റെ ഇരുമ്പഴികൾക്കിടയിലൂടെ കാലുകളിട്ടിരുന്ന് മഴ കണ്ടിരിയ്ക്കുന്നതും പിന്നെ ഓരോ മഴക്കാലത്തും അതിരാവിലെ ആദ്യം പത്രമെടുക്കാൻ ജ്യേഷ്ഠനോട് മത്സരിച്ചോടുന്നതിനിടയിൽ മുറ്റത്ത് പായലിന്റെ വഴുക്കലിൽ തെന്നിവീഴുന്നതുമൊക്കെയായി ഓർമ്മകളിൽ മഴ ആർത്തിരമ്പുന്നു.

കുളിരുപകർന്ന് കടന്നുപോയൊരു മഴക്കാറ്റിൽ ഓർമ്മകളുമെന്നോട് തൽക്കാലം വിടപറഞ്ഞു. തണുപ്പിന്റെ കാഠിന്യം കൂടിക്കൊണ്ടിരുന്നു. ഞാനിട്ടിരുന്ന ജീൻസിന്റെ കീഴ്ഭാഗം പൂർണ്ണമായും നനഞ്ഞിരുന്നു.ഇടയ്ക്കിടെ വീശുന്ന കാറ്റിൽ ശരീരം വിറകൊള്ളാൻ തുടങ്ങിയിരുന്നു. വന്ന വഴിയിലൂടെ തന്നെ തിരികെ നടന്നു. മഴകാണാനിറങ്ങിയവരൊക്കെ മടങ്ങിപ്പോകാൻ തുടങ്ങിയിരിയ്ക്കുന്നു. പ്രണയരഹസ്യങ്ങൾ കൈമാറിനിന്നിരുന്ന ആ പ്രണയിതാക്കളും സ്ഥലംവിട്ടിരുന്നു.ദീർഘമായ ഒരു നടത്തത്തിനൊടുവിൽ ബസ്സ്‌സ്റ്റേഷനിൽവന്ന് താമസ സ്ഥലത്തേയ്ക്കുള്ള ബസ്സിൽ കയറിയിരുന്നു. കഴിഞ്ഞതവണ കാണാൻ പോയപ്പോൾ സുഹൃത്തായ സനേഷ് സമ്മാനിച്ച ബസ് കാർഡ് ആദ്യമായി ഉപയോഗിച്ചത് അപ്പോഴായിരുന്നു. ഏറെക്കാലത്തിനുശേഷം ഒരു ബസ്സ്‌യാത്ര തരമായി. ആകെ മൂന്നുയാത്രക്കാരുമായി നീങ്ങിയ ബസ്സിലിരുന്ന് വെറുതെ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുനട്ടിരുന്നു. ഹെഡ്ഫോണിൽ കേട്ടിരുന്ന സംഗീതത്തിൽ സ്വയം മറന്നിരിയ്ക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു; ശൂന്യവും. പുറത്തപ്പോഴും വിട്ടുമാറാത്ത എന്റെ കണ്ണീരുപോലെ മഴ ചിന്നിചിന്നി പെയ്തുകൊണ്ടിരുന്നു.

Dec 10, 2009

ഒരു യാത്രയുടെ തുടക്കം

മരുഭൂമിയിലെ ശൈത്യം ഇത്തവണ വന്നപാടെയെനിയ്ക്ക് സമ്മാനിച്ചത് വിട്ടുപോകാൻ മനസ്സില്ലാതെ ഇടയ്ക്കിടെ അടിമുടി തലോടുന്ന പനിക്കുളിരാണ്. ശരീരം നുറുങ്ങുന്ന വേദനയും ഒപ്പം കണ്ണുകളിൽ പെറ്റുപെരുകുന്ന തീച്ചൂടും. അതിന്റെ കൂടെ മനസ്സിനുകൂടി മൌഢ്യം ബാധിച്ചപ്പോൾ ഇരുളാൻ തുടങ്ങുന്ന പകലിന്റെ വ്യഥപോലെ എന്തോ ഒന്ന് എന്നെയാകെ പിടികൂടിയിരിയ്ക്കുന്നു. ഒരുപക്ഷെ ഈ ഒരു മൌഢ്യം താൽക്കാലികമാകാം. വീണ്ടും സ്വപ്നങ്ങളുടെ വർണ്ണലോകത്തേയ്ക്ക് ഞാൻ പറന്നുയർന്നേക്കാം. അതല്ലെങ്കിൽ കനത്തുവരുന്ന ഇരുളെന്നെ പൂർണ്ണമായും മൂടിയേക്കാം. ചിരികൊണ്ട് മറയിട്ടൊതുക്കിനിർത്തിയ എന്റെ ജീവിതത്തിന്റെ ഉയർച്ചകളും താഴ്ച്ചകളും ചുഴികളും തിരകളും പിന്നെയിടയ്ക്കൊക്കെ താൽക്കാലികമായി ചെന്നടിഞ്ഞ തീരങ്ങളുമെല്ലാം ഒറ്റനോട്ടത്തിൽ മൂടൽമഞ്ഞിലൂടെയുള്ള കാഴ്ചപോലെ അവ്യക്തമാണ്.അതുകൊണ്ടുതന്നെ ഒരു തിരിച്ചുപോക്ക് അനിവാര്യമാകുന്നു. കെട്ടിയാടിയ വേഷങ്ങളുടെ കപടതകൾക്കിടയിലെവിടെയോ വേർതിരിച്ചെടുക്കാനാവാതെ കുരുങ്ങിപ്പോയ ‘എന്നെ’ തിരഞ്ഞുള്ള ഒരുയാത്ര.
ഇതുവരെയുള്ള ജീവിതം കൊണ്ട് ഞാൻ നേടിയെടുത്തത് അനുഭവങ്ങളുടെ കനലിൽ വാർത്തെടുത്ത; ഇനിയും തളരാൻ മടിയ്ക്കുന്ന ഒരു മനസ്സുമാത്രമാണ്. ദുരന്തങ്ങളുടെ കാട്ടുതീ പടരുമ്പോഴും നഷ്ടങ്ങളിൽ കാലിടറുമ്പോഴും സ്വപ്നം കാണാനും പ്രതീക്ഷകളുടെ ചിറകിലേറി ആകാശം‌മുട്ടെ പറക്കാനും എന്നെ പ്രാപ്തയാക്കുന്നത് എനിയ്ക്ക് പോലും പലപ്പോഴും അപരിചിതമാകുന്ന എന്റെ മനസ്സാണ്. ചിലപ്പോൾ ആ മനസ്സ് ഞാനെന്ന യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയാകുമ്പോൾ മറ്റുചിലപ്പോൾ എന്നിൽ നിന്ന് യുഗങ്ങളുടെ അന്തരം തീർത്ത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു.

ഞാനെന്നും ഒരു സ്നേഹാന്വേഷിയായിരുന്നു. സ്നേഹം എത്രകിട്ടിയാലും മതിവരാത്ത ആർത്തിപിടിച്ച എന്റെ മനസ്സ് എപ്പോഴും അതിനുപിന്നാലെ പാഞ്ഞു.എനിയ്ക്ക് ചുറ്റിനും സ്നേഹംകൊണ്ടുതീർക്കപ്പെട്ട മതിൽക്കെട്ടുകൾ ഭേദിച്ച് ഞാൻ പുതിയ സ്നേഹങ്ങൾ തേടി നടന്നു. കൌമാരമെത്തിയപ്പോൾ ആ അന്വേഷണം പ്രണയത്തിന്റെ വഴിയിലൂടെയായി. പക്ഷെ പ്രണയവും സ്നേഹത്തിന്റെ പുതിയ അർത്ഥങ്ങൾ കണ്ടെത്തുവാനായുള്ള എന്റെ പരീക്ഷണമായിരുന്നു.തേടി നടന്നത് കയ്യിൽ കിട്ടിയപ്പോഴൊക്കെ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെയായി മനസ്സ്. കൂടെക്കൊണ്ടു നടന്ന് സ്നേഹിച്ചും ഇറുകെ പുണർന്നുകിടന്ന് ഉറങ്ങിയും മടുക്കുമ്പോൾ താൽക്കാലികമായി ഉപേക്ഷിച്ചും വീണ്ടും തിരികെയെടുത്തും ഞാൻ ഒരോ നിമിഷങ്ങളും ആസ്വദിച്ചു. പക്ഷെ ഓരോ സ്നേഹവും സ്വാർത്ഥതയുടെ അതിർവരമ്പുകൾ തീർക്കാൻ തുടങ്ങുമ്പോൾ എന്റെ മനസ്സ് പലപ്പോഴും എനിക്കപരിചിതയായി. ഞാൻ സ്നേഹത്തിന്റെ ആ വേലിക്കെട്ടിനുള്ളിൽ നിൽക്കാൻ കൊതിയ്ക്കുമ്പോൾ തനിയെ പറക്കുന്ന പക്ഷിയുടെ സ്വാതന്ത്ര്യം കാട്ടിത്തന്ന് എന്റെ മനസ്സെന്നെ ആശയക്കുഴപ്പത്തിലാക്കുമായിരുന്നു. രാത്രിസ്വപ്നങ്ങളിൽ പലപ്പോഴും ഞാൻ തനിച്ചു പറക്കാൻ തുടങ്ങി. പകൽ‌വെളിച്ചത്തിൽ ഞാൻ തനിച്ചാകാൻ ഇഷ്ടപ്പെട്ടതേയില്ല. പക്ഷെ ആ സ്വപ്നങ്ങൾ ഞാൻ ആഗ്രഹിക്കാതെ തന്നെ പലതവണ യാഥാർത്ഥ്യമായി. ജീവിതവഴികളിൽ പലപ്പോഴും ഞാൻ തനിച്ചായി. പക്ഷെ സ്നേഹത്തിന്റെ ഓരോ നഷ്ടങ്ങളിലും ഞാൻ വല്ലാതെ ദു:ഖിച്ചു. തനിയെ പറക്കുന്ന പക്ഷിയുടെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിനും മേലെയുള്ള മൌനവും ഏകാന്തതയും പലപ്പോഴും എന്നെ ഭ്രാന്തമായി കരയിച്ചു. സ്നേഹത്തിന്റെ സുരക്ഷതേടി എന്റെ ആത്മാവ് വീണ്ടുമലയാൻ തുടങ്ങുന്നത് അപ്പോഴാകും.

അടുക്കികൂട്ടുന്ന ഓർമ്മചിത്രങ്ങളിൽ വേഷങ്ങളുടെ കപടതയില്ലാത്ത ഞാനുണ്ടാകും. എന്റെ ചിന്തകളും സ്വപ്നങ്ങളും പ്രണയങ്ങളും പ്രതീക്ഷകളും നേട്ടങ്ങളും നഷ്ടങ്ങളും സന്തോഷങ്ങളും ദു:ഖങ്ങളുമുണ്ടാകും; ദുരന്തം മുന്നിട്ടുനിൽക്കുന്ന ജീവിതാനുഭവങ്ങളുണ്ടാകും. കൂട്ടിവായിച്ചാൽ കിട്ടുന്നതെന്തായാലും അതാകുമെന്റെ ജീവിതം. ജീവിതപ്പുസ്തകത്തിൽ നിന്നും ഞാൻ തന്നെ പലപ്പോഴായി കീറിയെടുത്തു ദൂരെയെറിഞ്ഞ താളുകൾ കാലമിന്നും കാത്തുവെച്ചിരിയ്ക്കുന്നു. അവയോരോന്നും തേടിയുള്ള എന്റെ യാത്ര ഞാനിവിടെ തുടങ്ങുന്നു.......