Dec 10, 2009

ഒരു യാത്രയുടെ തുടക്കം

മരുഭൂമിയിലെ ശൈത്യം ഇത്തവണ വന്നപാടെയെനിയ്ക്ക് സമ്മാനിച്ചത് വിട്ടുപോകാൻ മനസ്സില്ലാതെ ഇടയ്ക്കിടെ അടിമുടി തലോടുന്ന പനിക്കുളിരാണ്. ശരീരം നുറുങ്ങുന്ന വേദനയും ഒപ്പം കണ്ണുകളിൽ പെറ്റുപെരുകുന്ന തീച്ചൂടും. അതിന്റെ കൂടെ മനസ്സിനുകൂടി മൌഢ്യം ബാധിച്ചപ്പോൾ ഇരുളാൻ തുടങ്ങുന്ന പകലിന്റെ വ്യഥപോലെ എന്തോ ഒന്ന് എന്നെയാകെ പിടികൂടിയിരിയ്ക്കുന്നു. ഒരുപക്ഷെ ഈ ഒരു മൌഢ്യം താൽക്കാലികമാകാം. വീണ്ടും സ്വപ്നങ്ങളുടെ വർണ്ണലോകത്തേയ്ക്ക് ഞാൻ പറന്നുയർന്നേക്കാം. അതല്ലെങ്കിൽ കനത്തുവരുന്ന ഇരുളെന്നെ പൂർണ്ണമായും മൂടിയേക്കാം. ചിരികൊണ്ട് മറയിട്ടൊതുക്കിനിർത്തിയ എന്റെ ജീവിതത്തിന്റെ ഉയർച്ചകളും താഴ്ച്ചകളും ചുഴികളും തിരകളും പിന്നെയിടയ്ക്കൊക്കെ താൽക്കാലികമായി ചെന്നടിഞ്ഞ തീരങ്ങളുമെല്ലാം ഒറ്റനോട്ടത്തിൽ മൂടൽമഞ്ഞിലൂടെയുള്ള കാഴ്ചപോലെ അവ്യക്തമാണ്.അതുകൊണ്ടുതന്നെ ഒരു തിരിച്ചുപോക്ക് അനിവാര്യമാകുന്നു. കെട്ടിയാടിയ വേഷങ്ങളുടെ കപടതകൾക്കിടയിലെവിടെയോ വേർതിരിച്ചെടുക്കാനാവാതെ കുരുങ്ങിപ്പോയ ‘എന്നെ’ തിരഞ്ഞുള്ള ഒരുയാത്ര.
ഇതുവരെയുള്ള ജീവിതം കൊണ്ട് ഞാൻ നേടിയെടുത്തത് അനുഭവങ്ങളുടെ കനലിൽ വാർത്തെടുത്ത; ഇനിയും തളരാൻ മടിയ്ക്കുന്ന ഒരു മനസ്സുമാത്രമാണ്. ദുരന്തങ്ങളുടെ കാട്ടുതീ പടരുമ്പോഴും നഷ്ടങ്ങളിൽ കാലിടറുമ്പോഴും സ്വപ്നം കാണാനും പ്രതീക്ഷകളുടെ ചിറകിലേറി ആകാശം‌മുട്ടെ പറക്കാനും എന്നെ പ്രാപ്തയാക്കുന്നത് എനിയ്ക്ക് പോലും പലപ്പോഴും അപരിചിതമാകുന്ന എന്റെ മനസ്സാണ്. ചിലപ്പോൾ ആ മനസ്സ് ഞാനെന്ന യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചയാകുമ്പോൾ മറ്റുചിലപ്പോൾ എന്നിൽ നിന്ന് യുഗങ്ങളുടെ അന്തരം തീർത്ത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു.

ഞാനെന്നും ഒരു സ്നേഹാന്വേഷിയായിരുന്നു. സ്നേഹം എത്രകിട്ടിയാലും മതിവരാത്ത ആർത്തിപിടിച്ച എന്റെ മനസ്സ് എപ്പോഴും അതിനുപിന്നാലെ പാഞ്ഞു.എനിയ്ക്ക് ചുറ്റിനും സ്നേഹംകൊണ്ടുതീർക്കപ്പെട്ട മതിൽക്കെട്ടുകൾ ഭേദിച്ച് ഞാൻ പുതിയ സ്നേഹങ്ങൾ തേടി നടന്നു. കൌമാരമെത്തിയപ്പോൾ ആ അന്വേഷണം പ്രണയത്തിന്റെ വഴിയിലൂടെയായി. പക്ഷെ പ്രണയവും സ്നേഹത്തിന്റെ പുതിയ അർത്ഥങ്ങൾ കണ്ടെത്തുവാനായുള്ള എന്റെ പരീക്ഷണമായിരുന്നു.തേടി നടന്നത് കയ്യിൽ കിട്ടിയപ്പോഴൊക്കെ കളിപ്പാട്ടം കിട്ടിയ കുട്ടിയെപ്പോലെയായി മനസ്സ്. കൂടെക്കൊണ്ടു നടന്ന് സ്നേഹിച്ചും ഇറുകെ പുണർന്നുകിടന്ന് ഉറങ്ങിയും മടുക്കുമ്പോൾ താൽക്കാലികമായി ഉപേക്ഷിച്ചും വീണ്ടും തിരികെയെടുത്തും ഞാൻ ഒരോ നിമിഷങ്ങളും ആസ്വദിച്ചു. പക്ഷെ ഓരോ സ്നേഹവും സ്വാർത്ഥതയുടെ അതിർവരമ്പുകൾ തീർക്കാൻ തുടങ്ങുമ്പോൾ എന്റെ മനസ്സ് പലപ്പോഴും എനിക്കപരിചിതയായി. ഞാൻ സ്നേഹത്തിന്റെ ആ വേലിക്കെട്ടിനുള്ളിൽ നിൽക്കാൻ കൊതിയ്ക്കുമ്പോൾ തനിയെ പറക്കുന്ന പക്ഷിയുടെ സ്വാതന്ത്ര്യം കാട്ടിത്തന്ന് എന്റെ മനസ്സെന്നെ ആശയക്കുഴപ്പത്തിലാക്കുമായിരുന്നു. രാത്രിസ്വപ്നങ്ങളിൽ പലപ്പോഴും ഞാൻ തനിച്ചു പറക്കാൻ തുടങ്ങി. പകൽ‌വെളിച്ചത്തിൽ ഞാൻ തനിച്ചാകാൻ ഇഷ്ടപ്പെട്ടതേയില്ല. പക്ഷെ ആ സ്വപ്നങ്ങൾ ഞാൻ ആഗ്രഹിക്കാതെ തന്നെ പലതവണ യാഥാർത്ഥ്യമായി. ജീവിതവഴികളിൽ പലപ്പോഴും ഞാൻ തനിച്ചായി. പക്ഷെ സ്നേഹത്തിന്റെ ഓരോ നഷ്ടങ്ങളിലും ഞാൻ വല്ലാതെ ദു:ഖിച്ചു. തനിയെ പറക്കുന്ന പക്ഷിയുടെ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിനും മേലെയുള്ള മൌനവും ഏകാന്തതയും പലപ്പോഴും എന്നെ ഭ്രാന്തമായി കരയിച്ചു. സ്നേഹത്തിന്റെ സുരക്ഷതേടി എന്റെ ആത്മാവ് വീണ്ടുമലയാൻ തുടങ്ങുന്നത് അപ്പോഴാകും.

അടുക്കികൂട്ടുന്ന ഓർമ്മചിത്രങ്ങളിൽ വേഷങ്ങളുടെ കപടതയില്ലാത്ത ഞാനുണ്ടാകും. എന്റെ ചിന്തകളും സ്വപ്നങ്ങളും പ്രണയങ്ങളും പ്രതീക്ഷകളും നേട്ടങ്ങളും നഷ്ടങ്ങളും സന്തോഷങ്ങളും ദു:ഖങ്ങളുമുണ്ടാകും; ദുരന്തം മുന്നിട്ടുനിൽക്കുന്ന ജീവിതാനുഭവങ്ങളുണ്ടാകും. കൂട്ടിവായിച്ചാൽ കിട്ടുന്നതെന്തായാലും അതാകുമെന്റെ ജീവിതം. ജീവിതപ്പുസ്തകത്തിൽ നിന്നും ഞാൻ തന്നെ പലപ്പോഴായി കീറിയെടുത്തു ദൂരെയെറിഞ്ഞ താളുകൾ കാലമിന്നും കാത്തുവെച്ചിരിയ്ക്കുന്നു. അവയോരോന്നും തേടിയുള്ള എന്റെ യാത്ര ഞാനിവിടെ തുടങ്ങുന്നു.......

6 comments:

Sharu.... said...

ഇതൊരു യാത്രയുടെ തുടക്കമാണ്.... നിങ്ങൾ കൂടെയുണ്ടാകില്ലേ???

കുമാരന്‍ | kumaran said...

തുടരുക... സ്നേഹത്തിന്റെ പൂക്കാലം വിരിയിച്ച് കൊണ്ട് നിന്റെ യാത്ര.

നാടകക്കാരന്‍ said...

vishadhamaayi pinneedezhutham thudanghatte
manjum kanalum niranja paathakaliloodeyulla ee pravaasavum Ormmakalum

Rani said...

koode undavum ennum .....tudangikkolluuuu..

pandavas... said...

കൊള്ളാം ഈ തിരിച്ചു പോക്ക്...

Unknown said...

ഉം

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...