Mar 23, 2011

തിരുത്തലുകൾ

മൌനത്തിന്റെ കനത്ത ചങ്ങലയാൽ താൻ ബന്ധിതയായിട്ട് ഒരുദിവസമെങ്കിലുമായിക്കാണുമെന്ന് സ്വാതി ഓർത്തു. ഒരു വാക്കായോ ചിരിയായോ ആരുടേയും സ്വരങ്ങളവളെ തേടിച്ചെന്നില്ല. കണ്ണുകളൂം കാതുകളും കൊട്ടിയടയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നതാണ് സത്യം. ഇന്നലെ മുതൽ ബുദ്ധിയും മനസ്സും ജിതന്റെ ആ ചോദ്യത്തിനു പിന്നാലെയാണ്. ഒരുത്തരം തേടുമ്പോൾ അനേകായിരം ചോദ്യങ്ങൾ കൊമ്പുകുലുക്കി മുന്നിൽ വന്നു നിൽക്കുന്ന നിമിഷം വീണ്ടുമവൾ പിന്നോട്ട് നടക്കുന്നു. വീണ്ടും ഉത്തരങ്ങൾ തേടി മനസ്സിനെ കടിഞ്ഞാണില്ലാതെ പായാൻ വിടുന്നു. മണിക്കൂറുകൾ പൊഴിഞ്ഞു വീഴുന്നതറിയാതെ ചിന്തകളുടെ കുത്തൊഴുക്കിലേയ്ക്ക് കൂപ്പുകുത്തുന്നു.

ജിതന്റെ ജീവിതത്തിലെ രണ്ടുപേരിൽ ഒരാളാകാനുള്ള ക്ഷണമാണ് വന്നിരിയ്ക്കുന്നത്. പ്രണയവും ജീവിതവും പങ്കിട്ടെടുക്കുന്നവരിലൊരാൾ. ഒറ്റവാക്കിൽ ഇല്ലെന്ന് പറഞ്ഞു നടക്കാനൊരുങ്ങുമ്പോഴൊക്കെ പ്രണയത്തിന്റെ കാണാവള്ളികൾ സ്വാതിയുടെ കാലുകളിൽ ചുറ്റിപ്പിണയുന്നു. വരിഞ്ഞുമുറുക്കി കൊല്ലുമെന്നുറപ്പുള്ള ഒരു വളർച്ച നൊടിയിടയിൽ ആ വള്ളികൾക്കുണ്ടാകുമെന്ന സത്യം നിഷേധിയ്ക്കാനാവാത്തിടത്ത് അവൾ വീണ്ടും നിശ്ചലയാവുന്നു. പക്ഷെ ആ ക്ഷണം സ്വീകരിയ്ക്കാമെന്ന് വെച്ചാൽ വീണ്ടും ചോദ്യങ്ങളവളെ പിടിമുറുക്കുന്നു. പകുത്തെടുത്ത ദിവസങ്ങളിൽ മാത്രം കിട്ടുന്ന പ്രണയത്തിൽ തന്റെ മനസ്സ് തൃപ്തയാവില്ലെന്നവൾക്ക് നന്നായി തന്നെ അറിയാം. ജീവിതത്തിൽ എന്തു തന്നെ പങ്കിട്ടാലും അതിനാവാത്ത ചിലതുണ്ടല്ലോ. അതിലൊന്നല്ലേ പ്രണയം. സ്വാർത്ഥമല്ലാത്ത, സ്വന്തമാക്കലുകളില്ലാത്ത പ്രണയങ്ങളെക്കുറിച്ച് വായിച്ചപ്പോഴൊക്കെ അതെങ്ങിനെയാണെന്നവൾ അത്ഭുതപ്പെട്ടിട്ടേയുള്ളു. അതിനിയെങ്ങനെയായാലും അനുവദിയ്ക്കപ്പെട്ട സമയത്തേയ്ക്ക് മാത്രം അതിർത്തിവരച്ചിടാനാവുന്നതല്ല തന്റെ പ്രണയമെന്നവൾക്ക് നന്നായറിയാം. പ്രണയത്തിന്റെ ശാരീരികവും മാനസികവുമായ തലങ്ങളിലൊക്കെയും ഒരു പങ്കുവെയ്പ്പ്; ഇല്ല ആ ചിന്തകൾ പോലും ആത്മാവിന്റെ ചുട്ടുപൊള്ളിയ്ക്കുന്നതായി അവൾക്ക് തോന്നി.

നാളെ ജിതൻ വിളിയ്ക്കും. ഒരു പങ്കുകച്ചവടത്തിന് തയ്യാറല്ലെന്ന മറുപടി അയാളിൽ എന്ത് പ്രതികരണമുണ്ടാക്കുമെന്നവളാലോചിച്ചു നോക്കി. പൂർണ്ണമായും തന്റേതായിക്കൂടേ എന്ന് ഒരു പെണ്ണിന്റെ സ്വാർത്ഥത മുഴുവനായി തുറന്നുകാണിച്ച് അവനോട് ചോദിച്ചപ്പോൾ കുടുംബബന്ധങ്ങളുടെ അകലാൻ പോകുന്ന കണ്ണികളെ ഭയമാണെന്നായിരുന്നു മറുപടി. അതുകൊണ്ടാണുപോലും വീട്ടുകാർ നിശ്ചയിച്ച പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ സമ്മതം മൂളേണ്ടി വന്നത്. അവന് ന്യായങ്ങളൊരുപാട് നിരത്താനുണ്ടായിരുന്നു. അച്ഛന്റെ പിടിവാശി, അമ്മയുടെ ഹൃദ്രോഗം, കല്യാണപ്രായമായി വരുന്ന അനിയത്തി അങ്ങനെ പലതും. പക്ഷെ ഇതൊക്കെയും പ്രണയം തുടങ്ങിയകാലത്തുമുണ്ടായിരുന്നതല്ലേ എന്ന് തിരിച്ചു ചോദിയ്ക്കാനവൾ ആഞ്ഞതാണ്. പക്ഷെ ആ വിവാഹം നടക്കുന്നതിന് മുൻപ് തന്നെ ഭാര്യയായി സ്വീകരിയ്ക്കാൻ തയ്യാറാണെന്നവൻ പറഞ്ഞപ്പോൾ ഒരു നിമിഷനേരത്തേയ്ക്ക് അവളൊന്ന് ആശയക്കുഴപ്പത്തിലായി. പക്ഷെ തൊട്ടടുത്ത നിമിഷം ജിതൻ അത് തീർത്തുകൊടുക്കുകയും ചെയ്തു. വീട്ടുകാർ നിശ്ചയിച്ച വിവാഹം നടന്നതിന് ശേഷം മാത്രമേ മൂന്നാമതൊരാൾ ഇതറിയാൻ പാടുള്ളു എന്നവൻ പറഞ്ഞപ്പോൾ കേട്ടതൊന്നും വിശ്വസിയ്ക്കാനാവാതെ സ്വയം മറന്നവൾ നിന്നുപോയി. നാട്ടിൽ പോയി വിവാഹം കഴിച്ചാലും ഒരിക്കലും ആ പെൺകുട്ടിയെ ഈ നഗരത്തിലേയ്ക്ക് കൊണ്ടുവരില്ലെന്നും വർഷത്തിലൊരിയ്ക്കൽ കിട്ടുന്ന അവധിക്കാലത്ത് മാത്രമേ ജിതനെ വിട്ടുകൊടുക്കേണ്ടി വരികയുള്ളുവെന്നുമൊക്കെ തന്നോട് ആശ്വാസരൂപേണ പറഞ്ഞത് ഒരു ഭ്രാന്തന്റെ അർത്ഥശൂന്യമായ പുലമ്പലുകളെന്നപോലെ സ്വാതി കേട്ടുനിന്നു. സ്വയം മറന്നിത്ര നാളും സ്നേഹിച്ചതിന്റെ നന്ദിയാവണം ആദ്യം അവളെ തന്നെ വിവാഹം കഴിയ്ക്കാമെന്ന തീരുമാനത്തിലെത്താൻ ജിതനെ പ്രേരിപ്പിച്ചത്. ഇതുവരെ നേരിൽ കാണാത്ത ഒരു പെൺകുട്ടിയോടൊത്തുള്ള ജീവിതത്തിനുവേണ്ടി തന്നോട് വിലപേശുകയാണവൻ ചെയ്യുന്നതെന്ന് സ്വാതിയ്ക്കു തോന്നി.യാത്രപറയാതെയവൾ നടന്നകന്നത് തികച്ചും ശൂന്യമായ ഒരു മനസ്സോടെയായിരുന്നു.

താൻ ജിതനെ ആണ് സ്നേഹിച്ചത്; തിരിച്ചൊരു സ്നേഹം തന്നോടില്ലായിരുന്നുവെന്ന് സ്വയം വിശ്വസിയ്ക്കാനും അതേ സമയം അവിശ്വസിയ്ക്കുവാനും ശ്രമിയ്ക്കുകയായിരുന്നു അവളിത്രനേരവും. ഏതെങ്കിലുമൊന്നിൽ മനസ്സുറയ്ക്കാതെ ഒരു തീരുമാനമെടുക്കാനാവില്ലെന്ന് സ്വാതിയ്ക്ക് തോന്നി. ജിതനില്ലാതെയാവുമ്പോൾ തന്റെ ജീവിതത്തിലുണ്ടായേക്കാവുന്ന ശൂന്യത അവളെ വല്ലാതെ ഭയപ്പെടുത്തി. വിട്ടുകൊടുക്കാൻ കഴിയാത്തവിധത്തിൽ ഒരു സ്വാർത്ഥത അവന്റെ കാര്യത്തിലുണ്ടെന്ന സത്യം നിഷേധിയ്ക്കാൻ അവൾക്കാകുമായിരുന്നില്ല. പക്ഷെ പങ്കിട്ടെടുക്കാൻ ശ്രമിച്ചാൽ നഷ്ടങ്ങളില്ല, എന്നാൽ നേട്ടങ്ങളുമില്ലെന്നത് അവളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കികൊണ്ടിരുന്നു. ഇതൊരു കുരുക്കാണ്. കഴുത്തിൽ മുറുക്കി ഞെരമ്പുകളെ വരിഞ്ഞുപൊട്ടിച്ച് ജീവനെടുക്കാൻ പോന്ന ഭ്രാന്തമായൊരു കുരുക്ക്.

മൊബൈൽ ഫോണെടുത്ത് ജിതനെ വിളിയ്ക്കുമ്പോൾ ഹൃദയം നെഞ്ചിൻ‌കൂട് തുറന്ന് പുറത്ത് ചാടുമെന്ന് സ്വാതിയ്ക്ക് തോന്നി. സ്വന്തം മനസ്സും ബുദ്ധിയും തമ്മിൽ കഴിഞ്ഞ കുറേ മണിക്കൂറുകളായി നടന്നുവന്ന യുദ്ധത്തിന്റെ ഫലമായി ശരീരം ഒരു ശ്മശാനമായി മാറിക്കഴിഞ്ഞെന്നവൾക്ക് ബോധ്യമായത് നാവ് പോലും മരവിച്ചിരിയ്ക്കുന്നു എന്ന തിരിച്ചറിവിലാണ്. ജിതൻ പലവട്ടം ഹലോ പറഞ്ഞതിന് ശേഷമാണ് അവൾക്ക് സംസാരിയ്ക്കാനായത് തന്നെ. വൈകിട്ട് നേരിൽ കാണണമെന്നും സംസാരിയ്ക്കാനുണ്ടെന്നും പറഞ്ഞ് ആ സംഭാഷണമവസാനിപ്പിച്ചപ്പോൾ സ്വാതി സ്വയമൊന്ന് ആലോചിച്ചുനോക്കി എന്താണ് തന്റെ തീരുമാനമെന്ന്. ഇല്ല; ഇതുവരെ ഒന്നും തീരുമാനിയ്ക്കാൻ കഴിഞ്ഞിട്ടില്ല, ആദ്യം നേരിൽ കാണട്ടെ; എന്നിട്ടാകാം. അങ്ങനെ മനസ്സിലുറപ്പിച്ചിട്ടാണ് അവൾ മൌനത്തിന്റെ കൂടുപൊട്ടിച്ചിറങ്ങിയത്.

താഴത്തെ നിലയിൽ ചെന്നപ്പോൾ ആരുമില്ല. എല്ലാവരും ജോലിയ്ക്ക് പോയിരിയ്ക്കുന്നു. അടുക്കളയിൽ ശ്രീദേവിയമ്മ മാത്രമുണ്ട്.അവൾ ചെന്നത് അവരറിഞ്ഞിട്ടില്ല. തിരക്കിട്ട പാചകത്തിലാണ്. പ്രണയിച്ചവന്റെ കൂടെ നാടുവിട്ടുവന്ന സ്ത്രീയാണ്. ഒടുവിൽ രണ്ട് കുട്ടികളായപ്പോൾ അയാൾ അവരെ തനിച്ചാക്കി മറ്റൊരു സ്ത്രീയോടൊപ്പം പോയി. കുട്ടികളെ നാട്ടിൽ വിട്ട് ഈ നഗരത്തിന്റെ ഭാഗമായത് സ്വന്തം കാലിൽ ജീവിയ്ക്കാനും, കുട്ടികളെ പഠിപ്പിച്ച് അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനും വേണ്ടിയായിരുന്നു. ഒടുവിൽ കുട്ടികളും അവരുടെ വഴിതേടിപ്പറന്നപ്പോൾ ശ്രീദേവിയമ്മ ഇവിടെ തന്നെ ഒതുങ്ങി. ഈ നഗരത്തിലേയ്ക്ക് പറന്നെത്തുന്ന കുറെ പെൺമക്കൾക്ക് വെച്ചുവിളമ്പാൻ; അവർക്കമ്മയാകാൻ. ഒരിക്കലും ഇതിനെ ഹോസ്റ്റലെന്ന് വിളിയ്ക്കാൻ കഴിയാത്തതും ശ്രീദേവിയമ്മയുടെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണെന്ന് സ്വാതി ഓർത്തു. ഒരർത്ഥത്തിൽ ഇത് അന്യനാട്ടിലെ വീടുതന്നെയാണ്. കാത്തിരിയ്ക്കാൻ അമ്മയുള്ള സ്ഥലം വീടല്ലാതെ മറ്റെന്താണ്!

ഒന്നും പറയാതെ സ്വാതി തിരികെ നടന്നു. സംസാരിയ്ക്കാൻ നിന്നാൽ ഇന്നലെ രാത്രിഭക്ഷണത്തിനും ഇന്നത്തെ പ്രാതലിനുമൊന്നും കാണാതിരുന്നതിന്റെ കാരണമന്വേഷിയ്ക്കും. പോയതുപോലെ തന്നെ തിരികെ മുറിയിലെത്തി. മായയുടെ കട്ടിലൊഴിഞ്ഞുകിടക്കുന്നു. അച്ഛനു സുഖമില്ലെന്നറിഞ്ഞ് നാട്ടിലേയ്ക്ക് പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ ഒന്ന് വിളിച്ചന്വേഷിയ്ക്കുകപോലും ചെയ്തില്ലല്ലോ എന്ന് കുറ്റബോധത്തോടെ അവളോർത്തു. മായ കൂടെ ഉണ്ടായിരുന്നെങ്കിൽ താനിത്രയ്ക്ക് അശക്തയാകുമായിരുന്നില്ലെന്ന് സ്വാതിയ്ക്ക് തോന്നി. മായ കുറച്ചുകൂടി ബോൾഡാണ്. എല്ലാത്തിനോടും വളരെ പ്രായോഗികമായ സമീപനം. ഒരുപക്ഷെ അവളകപ്പെട്ടിരിയ്ക്കുന്ന പത്മവ്യൂഹത്തെക്കുറിച്ച് മായയെ വിളിച്ചുപറഞ്ഞാൽ ആദ്യത്തെ പ്രതികരണം ഒരു ചിരിയായിരിക്കും. പ്രണയമെന്നത് കാലഹരണപ്പെട്ട ഒരു വികാരമാണെന്നാണ് അവളെപ്പോഴും പറയാറുള്ളത്. മായയ്ക്കെന്നും തന്റെ പ്രണയത്തെക്കുറിച്ച് പരിഹസിയ്ക്കാനേ നേരമുണ്ടായിരുന്നുള്ളു എന്നോർത്തപ്പോൾ ഒന്നും ആരോടും പറയേണ്ടെന്ന് അവൾ തീരുമാനിച്ചു.

ജിതൻ പതിവില്ലാതെ നേരത്തെ എത്തിയിരിയ്ക്കുന്നുവെന്ന് സ്വാതി തെല്ലത്ഭുതത്തോടെ ഓർത്തു. അലസമായ വസ്ത്രധാരണവും തളർന്ന കണ്ണുകളും അവൻ അനുഭവിയ്ക്കുന്ന മാനസിക സംഘർഷം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഒന്നും സംഭവിയ്ക്കാത്തതുപോലെ എന്തെല്ലാമോ പറയാൻ അവൾ ശ്രമിച്ചുനോക്കി. എന്നിട്ടും തികച്ചും അപ്രതീക്ഷിതമായൊരു നിമിഷത്തിൽ അവനുനേരെ ഒരു ചോദ്യമെറിഞ്ഞ് കലുഷിതമായൊരു ലോകത്തിന്റെ വാതിലവൾ തന്നെ തുറന്നു. “എനിയ്ക്കീ വിവാഹത്തിന് സമ്മതമല്ലെങ്കിൽ എന്താകും ജിതന്റെ തീരുമാനം?”. തീരെ പ്രതീക്ഷിയ്ക്കാത്ത എന്തോ ഒന്ന് കേട്ടതുപോലെ അവനൊന്ന് പകച്ചെങ്കിലും ‘അതിനെക്കുറിച്ചാലോചിക്കണമെന്ന് തോന്നിയിട്ടില്ല’ എന്ന് അലക്ഷ്യമായി പറഞ്ഞ് ചായക്കപ്പിലേയ്ക്ക് മിഴിനട്ടിരിയ്ക്കുക മാത്രം ചെയ്തു. തന്നിൽ നിന്ന് പോസിറ്റീവായ ഒരു മറുപടി ജിതൻ പ്രതീക്ഷിയ്ക്കുന്നുണ്ടെന്നവൾക്കുറപ്പായി. “മറക്കണം” എന്ന് ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിക്കാതെ രണ്ടാളെയും സ്വീകരിക്കണമെന്ന് തീരുമാനിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ‘മറക്കാൻ കഴിയാത്തതുകൊണ്ടുതന്നെ’ എന്ന് പറഞ്ഞത് കേട്ട് വരണ്ട മണ്ണിൽ ഒരു മഴത്തുള്ളി പതിഞ്ഞതുപോലെ തോന്നി സ്വാതിയ്ക്ക്. പക്ഷെ തന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ തീർത്ത ഊഷരതയെ ഇല്ലാതാക്കാൻ മാത്രം കെല്പില്ല ആ മഴത്തുള്ളിയ്ക്കെന്ന് അവൾക്കുറപ്പായിരുന്നു

മറ്റൊരുവൾക്കുവേണ്ടി ജിതനെ വിട്ടുകൊടുക്കേണ്ടി വരുന്ന അവധിക്കാലങ്ങളിൽ സ്വയം പങ്കുവെച്ചുകൊടുക്കാൻ ഒരു കൂട്ട് തനിയ്ക്കുമുണ്ടാകുന്നതിൽ തെറ്റെന്തെങ്കിലുമുണ്ടോ എന്ന ചോദ്യമവൾ ചോദിച്ചത് അവന്റെ കണ്ണിൽ തന്നെ നോക്കിയായിരുന്നു. നിവൃത്തികേടിന്റെ നിസ്സഹായാവസ്ഥ അവനുമൊന്നറിയാൻ വേണ്ടി മാത്രമായിരുന്നു അവളാ ചോദ്യമെറിഞ്ഞത്. ഇരച്ചുവന്ന കോപത്തിൽ ജിതന്റെ മുഖം രക്തവർണ്ണമായി. അതുകണ്ടപ്പോൾ സ്വാതിയ്ക്ക് ചിരിയാണ് വന്നത്. അവനവന് കഴിയാത്തത് മറ്റൊരാളിൽ അടിച്ചേൽ‌പ്പിക്കാൻ ശ്രമിയ്ക്കരുതെന്ന് പറഞ്ഞ് തിരികെ നടക്കാനൊരുങ്ങുമ്പോൾ ജിതൻ എന്തോ ചോദിയ്ക്കാൻ വന്നതുപോലെ അവൾക്ക് തോന്നി. പക്ഷെ വാക്കുകളൊന്നും പുറത്തേയ്ക്ക് വന്നില്ലെന്ന് മാത്രം. ജിതന്റെ ചിന്തകൾ ശബ്ദമെടുക്കുംമുൻപ് സ്വാതി തിരിഞ്ഞുനടക്കാൻ തുടങ്ങി. അവൾക്കറിയാമായിരുന്നു അവന് പറയാനുള്ളതൊക്കെയും തന്നെ ദുർബലയാക്കുമെന്ന്. ബസ്സിലിരുന്ന് മൊബൈൽ ഫോൺ സിം ഊരിയെറിയുമ്പോൾ ആത്മാവ് വിട്ടുപിരിയുമ്പോൾ ശരീരം പിടയുന്നതുപോലെ പോലെ അവളുടെ ഹൃദയം നൊന്തുപിടഞ്ഞു. രണ്ടുവർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളും വികാരങ്ങളും പങ്കുവെച്ചിരുന്ന കിളിവാതിലിന്റെ താക്കോലാണ് വലിച്ചെറിഞ്ഞത്. നിറഞ്ഞുവരുന്ന കണ്ണുകളെ ഇറുകെപ്പൂട്ടി അവളിരുന്നു.

മായയ്ക്ക് ഒരു കത്തെഴുതി വെച്ച് ശ്രീദേവിയമ്മയോട് മാത്രം സ്വാതി യാത്ര പറഞ്ഞു. ഒറ്റ നോട്ടത്തിൽ അവളുടെ മനസ്സു വായിച്ചതുപോലെ ഒന്നും ചോദിയ്ക്കാതെ അവളുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുക മാത്രമാണവർ ചെയ്തത്. ആ നഗരവുമായി അതുവരെയുണ്ടായിരുന്ന കെട്ടുപാടുകളൊക്കെയും ഇല്ലാതായതുപോലെ അവൾക്ക് തോന്നി. നാട്ടിലേയ്ക്ക് മടങ്ങുന്ന യാത്രയിൽ മുഴുവൻ അവളോർത്തത് അമ്മയെക്കുറിച്ചായിരുന്നു. ഓർമ്മവെച്ചകാലം മുതൽ അമ്മയോട് പറയാത്തതൊന്നുമുണ്ടായിരുന്നില്ല. ജിതനെ പരിചയപ്പെട്ടതുമുതൽ എല്ലാം അമ്മയ്ക്ക് അറിയുന്നതുമാണ്. തന്റെ ഇഷ്ടങ്ങൾക്കൊരിക്കലും എതിരു നിൽക്കാത്ത അമ്മയുടെ മനസ്സിൽ ജിതൻ എന്നോ സ്വന്തം മരുമകനായി പ്രതിഷ്ഠിക്കപ്പെട്ടുകഴിഞ്ഞിരുന്നു. “തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. പക്ഷെ അതറിയുന്ന നിമിഷം ആ തെറ്റ് തിരുത്തുന്നതാണ് യഥാർത്ഥ മഹത്വം” എന്ന് തന്റെ കുട്ടിക്കാലത്തെങ്ങോ അമ്മ പറഞ്ഞത് ആ നിമിഷം സ്വാതിയുടെ മനസ്സിലേയ്ക്കെത്തി. അതെ; തന്റെ പ്രണയം തിരുത്തപ്പെടേണ്ട ഒരു തെറ്റ് മാത്രമായിരുന്നുവെന്നവൾ തിരിച്ചറിയുകയായിരുന്നു. വരാനിരിയ്ക്കുന്ന ശരികളെഴുതപ്പെടാൻ ചെയ്തുപോയ തെറ്റുകളൊക്കെയും കാലത്തിന്റെ സ്ലേറ്റിൽ നിന്ന് തുടച്ചുമാറ്റാനെന്നതുപോലെ പുറത്ത് മഴ പെയ്തുകൊണ്ടിരുന്നു.

Mar 22, 2011

ഒരു പെൺപൂവിന്റെ സ്വപ്നം

“കല്യാണമൊക്കെ അറുബോറൻ ഏർപ്പാടാ‍ണ്, തനിച്ചുള്ള ജീവിതം മാക്സിമം എൻ‌ജോയ് ചെയ്ത ശേഷം സെറ്റിൽ ആകാം” എന്ന് വളരെ നിസ്സാരമായി പറഞ്ഞ് ജീവിതത്തിരക്കുകളിലേയ്ക്ക് ഊളിയിട്ടിറങ്ങുന്ന പെൺ‌യുവത്വത്തിനിടയിൽ ‘കല്യാണം കഴിയ്ക്കുക, ഭർത്താവൊന്നിച്ച് കുടുംബജീവിതം നയിക്കുക’ എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് നിറഞ്ഞ കണ്ണുകളോടെ എന്നോട് പറഞ്ഞ കൂട്ടുകാരിയെ അന്നുമുതലാണ് ഞാനറിയാൻ ശ്രമിച്ചത്... അന്നുമുതലാണവളെനിയ്ക്ക് കൂട്ടുകാരിയായതും.

സറീന എന്ന ഹൈദ്രാബാദുകാരിയെ ഞാനാദ്യം കാണുന്നത് തൊട്ടടുത്ത മുറിയിൽ താമസിയ്ക്കാനെത്തുമ്പോഴാണ്. അവളണിഞ്ഞിരുന്ന പർദ്ദ കൊണ്ട് മറച്ചുപിടിച്ചിരുന്നത് മറ്റാരെയും കാണിയ്ക്കാൻ അവളിഷ്ടപ്പെടാതിരുന്ന വലതു കയ്യിന്റെയും കാലിന്റെയും സ്വാധീനക്കുറവായിരുന്നു. കുട്ടിക്കാലത്ത് പോളിയോരോഗം സമ്മാനിച്ച തളർച്ച അവളുടെ സ്വപ്നങ്ങളെയാണ് ഏറെ തളർത്തിക്കളഞ്ഞത്. പൂർണ്ണ ആരോഗ്യമുള്ള അനുജത്തിയുടേയും അനുജന്റെയും കളിചിരികൾക്കിടയിൽ സറീന ഒറ്റപ്പെടുകയായിരുന്നു. സ്വന്തം മാതാവ് പോലും ആവശ്യത്തിനും അനാവശ്യത്തിനും ക്രൂരമായി ശിക്ഷിച്ചും ശാസിച്ചും സ്നേഹമെന്ന വലയത്തിൽ നിന്ന് അവളെ മാത്രമകറ്റി നിർത്തി. അതുകൊണ്ടാകാം 12 വയസ്സിലവൾ ഇളയമ്മയുടെ കൈ പിടിച്ച് മുംബൈ നഗരത്തിന്റെ തിരക്കുകളിൽ മുഴുകാൻ വന്നെത്തിയതും. ഇടതുകയ്യിൽ പേന പിടിച്ച് വേഗത്തിലെഴുതാനും സ്വാധീനക്കുറവിനെ തോൽ‌പ്പിച്ച് സാധാരണ രീതിയിൽ നടക്കാനും ശ്രമിച്ച് സാധാരണജീവിതത്തെ അവൾ കയ്യെത്തിപ്പിടിയ്ക്കുകയായിരുന്നു. അതിലവൾ ഒട്ടൊക്കെ വിജയിയ്ക്കുകയും ചെയ്തു. തിരക്കുപിടിച്ച പഠനകാലത്തിനൊടുവിൽ ഒരു എം.ബി.എ സ്വന്തമാക്കി ഹൈദ്രാബാദിലേയ്ക്ക് മടങ്ങി.

കുറേക്കാലത്തിനു ശേഷം മടങ്ങി വന്ന മകളോട് ഏറെ വാത്സല്യമൊന്നും പ്രകടിപ്പിക്കാൻ പിന്നീടും ആ അമ്മയ്ക്ക് കഴിഞ്ഞില്ല. വിവാഹപ്രായമെത്തിയ മൂത്തമകളെ അവഗണിച്ച് ഇളയ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. സറീനയുടെ ഭാവിജീവിതം അവർക്ക് മുന്നിൽ ഒരു വിഷയമേ അല്ലായിരുന്നു. ഇതിനിടയിലെപ്പോഴോ പൊട്ടിവിടർന്നൊരു പ്രണയം. അവളുടെ വരണ്ടുപോയ ജീവിതത്തിലെ ചെറിയൊരു കുളിർകാറ്റ്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന അയാളെ സ്വയം മറന്ന് സ്നേഹിച്ചപ്പൊഴും വിരഹമെന്ന നോവിനെയകറ്റാൻ അയാൾക്ക് പിന്നാലെ ദുബായ് നഗരത്തിലെത്തിച്ചേർന്നപ്പോഴും അവളെ നയിച്ചതൊക്കെയും ഒരായിരം നിറവുള്ള ഭാവിജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. തേടിപ്പിടിച്ച ജോലിയിൽ നിന്നുള്ള വരുമാനത്തിന്റെ ഏറിയ പങ്കും അവൻ കൈക്കലാക്കിയപ്പോഴും കുടുംബത്തിന് താങ്ങാവാനവൾ മറന്നില്ല. അനുജത്തിയുടെ പ്രസവം, അനുജന്റെ പഠനം, പിതാവിന്റെ ചികിത്സ അങ്ങനെ അങ്ങനെ നിരവധി ആവശ്യങ്ങളുണ്ടായിരുന്നു അവൾക്കു മുന്നിൽ. അവധിക്കാലങ്ങൾക്കവധി കൊടുത്ത് അവൾ അവരുടെ ആവശ്യങ്ങളൊരോന്നായി നടത്തിക്കൊടുത്തു.

പക്ഷെ കഷ്ടപ്പാടുകളിൽ അവളുടെ മനസ്സിന് താങ്ങായി നിന്ന സ്വപ്നങ്ങളും വൈകാതെ പൊലിഞ്ഞു. വീട്ടുകാരുടെ സമ്മതമില്ലെന്ന കാരണം പറഞ്ഞ് അവളുടെ കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറി. താമസിയാതെ തന്നെ അയാൾ നാട്ടിലേയ്ക്ക് മടങ്ങി വേറൊരു വിവാഹം കഴിച്ച് വീണ്ടും ദുബായിൽ എത്തുകയും ചെയ്തു. മാനസികമായും സാമ്പത്തികമായും അവളെ ചൂഷണം ചെയ്ത ശേഷം അയാൾ വിദഗ്ദമായി ഒഴിഞ്ഞുമാറുകയായിരുന്നു. നൊമ്പരങ്ങളിൽ നീറിയൊടുങ്ങാൻ അനുവദിയ്ക്കാതെ അവൾക്ക് കൂട്ടായി നിന്നത് കുറെ ചങ്ങാതിമാരായിരുന്നു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് അവരുടെ നിർബന്ധത്തിന് വഴങ്ങി പുതിയൊരു ബന്ധത്തെക്കുറിച്ച് സറീന ചിന്തിയ്ക്കാൻ തുടങ്ങി. ചങ്ങാതിമാർ വഴിയും മാട്രിമോണിയൽ സൈറ്റുകൾ വഴിയും വിവാഹാലോചനകൾ വന്നു. പക്ഷെ അവളുടെ വൈകല്യം അതിന് വലിയൊരു വിഘ്നമായി നിന്നു.

ഇതിനിടയിൽ എല്ലാം അംഗീകരിയ്ക്കാൻ തയ്യാറായി തന്നെ ഒരാൾ വന്നു. അവളെക്കുറിച്ചെല്ലാമറിഞ്ഞിട്ടും ആ വിവാഹാലോചനയുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു ആ മനുഷ്യന്റെ തീരുമാനം. മനസ്സിൽ വീണ്ടും സ്വപ്നങ്ങൾ പൂക്കാൻ തുടങ്ങി. നേരിൽ കാണാൻ വരുമെന്ന് പറഞ്ഞ ദിവസം അയാളെ കാണാൻ അവൾ അണിഞ്ഞൊരുങ്ങി യാത്രയായി. വിശ്വസ്ഥയായ കൂട്ടുകാരിയേയും കൂടെ കൂട്ടി. കണ്ടു; സംസാരിച്ചു; ഇഷ്ടമായി. പക്ഷെ അവിടെയും വിധി അവൾക്കെതിരാവുകയായിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ സറീനയേക്കാളധികം അയാൾക്കിഷ്ടമായത് അവളുടെ കൂട്ടുകാരിയെ ആയിരുന്നു. അവർ ഫോണിലും നേരിലും സംസാരിയ്ക്കാൻ തുടങ്ങിയപ്പോൾ മൌനമായി അവൾ വഴിമാറിക്കൊടുത്തു.അല്ലെങ്കിലും അവൾ അവർക്കൊരു തടസ്സമേ ആയിരുന്നില്ലല്ലോ. പിന്നെ അവർ തമ്മിലുണ്ടായ പ്രണയത്തിനും ഒടുവിൽ വിവാഹത്തിനുമൊക്കെ ഒരു കാഴ്ചക്കാരിയായി മാത്രം മാറി സറീന. തനിയ്ക്ക് കിട്ടേണ്ട സൌഭാഗ്യങ്ങളൊക്കെ മറ്റൊരാളിലേയ്ക്ക് എത്തിച്ചേരുന്നത് എല്ലാ നിരാശയും സങ്കടങ്ങളും ഉള്ളിലൊതുക്കി നോക്കിനിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു. ഇപ്പോഴും ഇടയ്ക്കിടെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിയ്ക്കപ്പെട്ട അതിഥിയായി അവൾ പോകുന്നു. നഷ്ടബോധത്തിന്റെ എരിതീയിൽ എണ്ണയൊഴിച്ച് മടങ്ങി വരുന്നു. പിന്നെ കുറച്ച് ദിവസങ്ങൾ മൌനത്തിന്റെ പുതപ്പാൽ സ്വയംമൂടി അതിനുള്ളിലെ ഏകാന്തതയിലലിയുന്നു.

തീർത്തും ഒറ്റപ്പെട്ടുപോയ മനസ്സോടെ സറീന ഇന്നും ജീവിയ്ക്കുന്നു. കഴിഞ്ഞ അവധിയ്ക്ക് നാട്ടിൽ പോകാൻ തുടങ്ങുമ്പോൾ അവളെന്നോട് പറഞ്ഞിരുന്നു. ഇത്തവണയെങ്കിലും വിവാഹമെന്ന സ്വപ്നം കയ്യെത്തിപ്പിടിയ്ക്കാൻ കഴിഞ്ഞാൽ ഇനിയൊരു തിരിച്ചു വരിവുണ്ടാകില്ലെന്ന്. പക്ഷെ അങ്ങനെയൊന്നുണ്ടായില്ല. അവളുടെ വീട്ടിൽ ആർക്കും അതിന് താല്പര്യവുമില്ല. വരുമാനമാർഗ്ഗമില്ലാതെ ആയെങ്കിലോ എന്നുള്ള ഭയം. ഇടയ്ക്കിടെയുള്ള ഫോൺ സംഭാഷണങ്ങളിൽ അവൾ പറയാറുണ്ട്, വിരസമാകുന്ന ജീവിതത്തെ കുറിച്ച്, തികച്ചും ന്യായമായിട്ടുപോലും കയ്യെത്തിപ്പിടിക്കാനാവാതെ പോവുന്ന സ്വപ്നത്തെക്കുറിച്ച്, കുത്തിനോവിയ്ക്കുന്ന ഏകാന്തതയെക്കുറിച്ച്. “ ഒരു പുരുഷന്റെ സ്നേഹം ലഭിയ്ക്കണമെങ്കിൽ അറിയേണ്ടുന്ന കുറുക്കുവഴികൾ എന്തൊക്കെയാണ്” എന്ന് തമാശയായി അവളെന്നോട് ചോദിച്ചപ്പോൾ പതിഞ്ഞ ഒരു ചിരിയിൽ ഞാനെന്റെ മറുപടിയൊതുക്കി.

വിവാഹമല്ല ഒരു പെൺപൂവിന്റെ ആത്യന്തികമായ ലക്ഷ്യമെന്നൊക്കെ പറയാമെങ്കിലും അരക്ഷിതമായ ഒരു ഏകാന്തതയിലിരുന്ന് ഇന്ന് അവൾക്ക് കാണാവുന്ന ഏറ്റവും മനോഹരമായ സ്വപ്നം വിവാഹം തന്നെയാണെന്ന് ഞാൻ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരു മനസ്സിലാക്കാൻ. ഞാനൊരിയ്ക്കൻ പിന്നിട്ട വഴികളിലാണവളിലൂടെയാണവളിപ്പോൾ നടക്കുന്നത്. കാരണവും സാഹചര്യവും വ്യത്യസ്തമായിരുന്നെങ്കിലും അവളിന്നറിയുന്ന ആ ഘനീഭവിച്ച ഏകാന്തത എനിയ്ക്ക് പരിചിതമാണ്. അവളെ അറിയുന്ന, അവളുടെ മനസ്സിന്റെ നന്മ കാ‍ണാൻ കഴിയുന്ന ഒരാൾ അവളെ തേടിയെത്തുമെന്ന് പറയാനേ എനിയ്ക്ക് കഴിയൂ. അങ്ങനെ ആശ്വസിക്കാനും വിശ്വസിയ്ക്കാനുമാണെനിയ്ക്കിഷ്ടം. കാരണം അവൾ അത്തരത്തിലൊരു സ്നേഹവും ജീവിതവും അർഹിയ്ക്കുന്നു. അതല്ലെങ്കിൽ ദൈവമെങ്ങനെ നീതിമാനാകും!!!!

Mar 21, 2011

ഓർമ്മകളുടെ ഗന്ധം

ഇന്ന് മധ്യാഹ്നത്തിൽ കണ്ണടച്ചാൽ ഓർമ്മയിലെത്തുന്ന ഗന്ധർവ്വന്മാരെ കുറിച്ച്; ഗന്ധങ്ങളെക്കുറിച്ച് വായിച്ച് തീർന്നപ്പോഴാണ് ഓർമ്മകളിൽ പലതരം ഗന്ധങ്ങൾ കഥപറയാൻ തുടങ്ങുന്നത്. കണ്ണടച്ചപ്പോൾ ആദ്യം ഓർമ്മയിലെത്തിയത് വല്യുമ്മ എന്നതിനു പകരം ഉമ്മ എന്നുതന്നെ ഞാൻ വിളിച്ചിരുന്ന എന്റെ ഉമ്മച്ചിയുടെ ഉമ്മയുടെ മണമായിരുന്നു. അത് കാച്ചിയ വെളിച്ചെണ്ണയുടേയും ലൈഫ് ബോയ് സോപ്പിന്റെയും ഒരു മിശ്രിത ഗന്ധമായിരുന്നു. അതിലുമുപരി സ്നേഹത്തിന്റെയും വാത്സല്യത്തിന്റേയും ഗന്ധമായിരുന്നു. ഉമ്മ ഒരിക്കൽ പോലും മറ്റൊരു സോപ്പു ഉപയോഗിച്ച് കണ്ടിട്ടേയില്ല. പ്രവാസികളായ പേരക്കുട്ടികളും മരുമക്കളും സമ്മാനിച്ചിരുന്ന വാസനസോപ്പുകളിലൊന്നുപോലും ഉപയോഗിച്ചതേയില്ല. അതിനു നിർബന്ധിച്ചാൽ “മരിച്ച് മയ്യത്ത് കുളിപ്പിക്കുമ്പോൾ മാത്രം ഫോറിൻ സോപ്പ് തേച്ച് കുളിപ്പിക്കണം” എന്ന് പാതി തമാശയായും പാതി കാര്യമായും പറഞ്ഞ് സുന്ദരമായി ചിരിച്ചൊഴിയുമായിരുന്ന തലമുഴുവൻ പഞ്ഞിപോലെ നരച്ച ആ വിരുതത്തി. ഒടുവിൽ ഉമ്മായുടെ മയ്യത്ത് കുളിപ്പിക്കുന്ന നേരത്ത് പേരോർമ്മയില്ലാത്ത ഏതോ ഒരു വിദേശനിർമ്മിത സോപ്പിന്റെയും വെള്ളതിൽ ചേർത്ത കർപ്പൂരത്തിന്റെയും ഗന്ധത്തിൽ മൂക്കിൽ നിന്ന് എന്നെന്നേയ്ക്കുമായി ആ ലൈഫ്ബോയ് സോപ്പിന്റെ ഗന്ധം ഒഴിഞ്ഞുപോകുന്നത് ഒട്ടൊരു ദു:ഖത്തോടെ തിരിച്ചറിഞ്ഞു. എങ്കിലും മനസ്സിലെ ഗന്ധങ്ങളെ ഒഴിവാക്കാൻ മരണത്തിനും കഴിയില്ലല്ലോ.

കുട്ടിക്കാലത്തിന്റെ ഹൃദ്യമായ ഗന്ധങ്ങളിലൊന്ന് വാപ്പിച്ചിയുടെ ജ്യേഷ്ഠന്റെ മകൻ വിദേശത്തുനിന്ന് വരുമ്പോൾ പെട്ടിതുറക്കുമ്പോൾ നിറയുന്ന മണമാണ്. ബ്രൂട്ടിന്റെയും യാഡ്ലീയുടേയും ലക്സിന്റെയും ഗന്ധങ്ങളെനിയ്ക്ക് ഇക്കായുടെ സ്നേഹവാത്സല്യങ്ങളുടെ ഓർമ്മകളാണ്. എനിയ്ക്കായ് പ്രത്യേകമെടുത്തുവെച്ച സമ്മാനങ്ങളും പുത്തനുടുപ്പും ഹീറോപ്പേനയുമൊക്കെ ഒക്കെ പകർന്നുതന്ന സന്തോഷത്തിന്റെ സുഖമുള്ള ഓർമ്മകൾ. പത്താംക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങി പാസ്സായപ്പോൾ പലരിൽ നിന്നും പേനയും ബുക്കുകളും വസ്ത്രങ്ങളുമെല്ലാം സമ്മാനമായി കിട്ടിയപ്പോൾ ഇക്കായുടെ വകയായി എനിയ്ക്ക് കിട്ടിയത് ഒരു പഴയ കത്തായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരുപാടു അക്ഷരത്തെറ്റുകളോടെ അതിലേറെ നിഷ്കളങ്കമായ സ്നേഹത്തോടെ ഞാൻ ഇക്കായ്ക്ക് അയച്ച ഒരു പഴയ കത്ത്. ആ വർഷങ്ങളത്രയും അത് സൂക്ഷിച്ചുവെച്ചിരുന്നു എന്ന അറിവ് എനിയ്ക്ക് പകർന്ന സന്തോഷം ഒരുപാട് വലുതായിരുന്നു. നീണ്ടപ്രവാസജീവിതത്തിനുശേഷം ഏതൊരു ശരാശരി ഗൾഫ്കാരനെയും പോലെ നാട്ടിലേയ്ക്കയച്ച; പ്രാരാബ്ധക്കടലിലൊഴുകിപ്പോയ ഒരുപാട് പണത്തിന്റെ കണക്ക് മാത്രം സ്വന്തമാക്കി ഇക്കയും. ഇന്ന് കാലങ്ങളേറെ കഴിഞ്ഞ് ഞാനുമൊരു പ്രവാസിയായി. നാട്ടിലേയ്ക്കുള്ള യാത്രകളിൽ പെട്ടിയൊരുക്കുമ്പോഴും നാട്ടിലെത്തി അത് തുറക്കുമ്പോഴും നിറയുന്ന ആ ഫോറിൻ മണം ഇന്നും എനിക്ക് ഒരു ജ്യേഷ്ഠന്റെ സ്നേഹത്തിന്റെ മണമാണ്.സ്വന്തം ഉപയോഗങ്ങൾക്കായി വാങ്ങാറില്ലെങ്കിലും ഇടയ്ക്കൊക്കെ കടയിൽ പോകുമ്പോൾ ഞാനിന്നും യാഡ്ലീയുടെയും ലക്സിന്റെയുമൊക്കെ ഗന്ധം വെറുതെയൊന്ന് മൂക്കിലാവാഹിയ്ക്കും. ടിക്കറ്റില്ലാതെ കുട്ടിക്കാലത്തിലേയ്ക്ക് ഫ്ലൈറ്റ് കയറാൻ.

മുല്ല്ലപ്പൂവിന്റെ ഗന്ധം കല്യാണത്തലേന്നുള്ള രാത്രിയുടെ ഓർമ്മയാണ്. മണവാട്ടിക്കും മറ്റു സ്ത്രീ ജനങ്ങൾക്കുമായി കല്യാണദിവസം ചൂടുവാൻ തലേന്ന് തന്നെ വാങ്ങിവെച്ചിട്ടുള്ള മുല്ലമാലകളിലെ മൊട്ടുകൾ വിരിയുന്നതിന്റെ സൌരഭ്യം. മുല്ലപ്പൂഗന്ധം നുകരുമ്പോൾ ഒപ്പനപ്പാട്ടുകളുടെ താളവും കുട്ടിപ്പട്ടാളത്തിന്റെ കളിയാരവങ്ങളും ബന്ധുജനങ്ങളുടെ സാന്നിധ്യവും നിറഞ്ഞൊഴുകുന്ന ഒരു കല്യാണവീടിന്റെ ചിത്രം ഇന്നും മനസ്സിലെത്തും.കൂടെ കുറേ ചിരിയ്ക്കുന്ന മുഖങ്ങളും. അറയൊരുക്കലും മൈലാഞ്ചിയിടലും രാത്രി വൈകുവോളം നീളുന്ന സദ്യയൊരുക്കലുമൊക്കെയായി കുസൃതികളും തമാശകളും സന്തോഷവും പരന്നൊഴുകുന്ന കല്യാണരാവിന്റെ മനോഹരമായൊരു ചിത്രം.

വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെയും കറികളുടേയും ഗന്ധം സ്കൂൾകാലത്തിന്റേതാണ്. പലതരം കറികളുടേയും അച്ചാറുകളുടേയും സമ്മിശ്ര ഗന്ധത്തിന്റെ ഓർമ്മയിൽ ഞാനിന്നും കൂട്ടുകാരൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നൊരു ഹൈസ്കൂൾ വിദ്യാർത്ഥിനിയാകും. പുതിയ പുസ്തകത്തിന്റെയും ബാഗിന്റെയും മണം, പുതിയ അധ്യയന വർഷത്തിനുമാത്രം സ്വന്തമാണ്. മഴയുടെ ശീൽക്കാരങ്ങളിൽ ഒഴുകിപ്പോയ കുറേ ജൂൺ മാസങ്ങളുടെ ഓർമ്മകൾ. നനഞ്ഞൊട്ടിയ നീലപ്പാവാടയുമിട്ട് വേനലവധിക്കാലത്തിന്റെ ആലസ്യങ്ങളിൽ നിന്ന് മുഴുവനായും വേറിടാത്തൊരു മനസ്സോടെ പുസ്തകത്താളുകൾ ആദ്യമായി തുറക്കുമ്പോൾ മൂക്കിലേയ്ക്കിരച്ചെത്തുന്ന ആ ഗന്ധം ഒന്നുകൂടി നുകരാൻ, ഓർമ്മകളിൽ ചിറകടിച്ചു പറക്കാൻ ഇന്നും പുതിയ പുസ്തകങ്ങളെ ഒരു നിമിഷം മുഖത്തോടു ചേർക്കുന്നു. അവാച്യമായ ഒരു നിർവൃതി കണ്ണടച്ചാസ്വദിയ്ക്കുന്നു.

വയലിലെ ചേറിന്റെ മണമെനിയ്ക്ക് ഒരു വീഴ്ചയുടെ ഓർമ്മയാണ് സമ്മാനിയ്ക്കുക. അഞ്ചാംക്ലാസ്സിൽ വെച്ച് ഓഫീസ് റൂമിൽ നിന്ന് ചോക്കെടുക്കാൻ പോയി വരവേ തട്ടിയലച്ചു വീണതിന്റെ ഓർമ്മ ഇന്നും മായാതെ കണ്ണിനുതാഴെയായി അടയാളമായി അവശേഷിയ്ക്കുന്നു. ആ മുറിവും മുഖം മുഴുവൻ നീരുമായി ആമ്പൽ‌പ്പൂവ് പറിയ്ക്കാൻ വയലും താണ്ടിപ്പോയതുകൊണ്ടാണ് ആ വീഴ്ച വയലിലെ ചേറുമായി ബന്ധം സ്ഥാപിച്ചത്. റെയ്നോൾഡ് പേനകൊണ്ടെഴുതുന്ന മീരയെന്ന അഞ്ചാംക്ലാസ്സിലെ കൂട്ടുകാരിയെ മനസ്സിലേയ്ക്കെത്തിക്കുന്നത് കുട്ടിക്യൂറാ പൌഡറിന്റെ മണമാണ്. അവളോടൊപ്പം ആദ്യമായി അമ്പലത്തിൽ പോയതിന്റെ ഓർമ്മയ്ക്ക് അവിടുത്തെ വിളക്കിലെ എണ്ണയുടെയും മഞ്ഞൾ പ്രസാദത്തിന്റെയും മണവും.

അങ്ങനെ എത്രയെത്ര ഗന്ധങ്ങൾ, ഓർമ്മകൾ, മുഖങ്ങൾ. ഗന്ധങ്ങളെ ഗന്ധർവ്വനോടുപമിച്ച ഞാനറിയാത്ത ആ ചങ്ങാതിയ്ക്കൊരുപാട് നന്ദി.... ഒരുപാട് ഗന്ധങ്ങളെ ഓർമ്മകളിലേയ്ക്കെത്തിച്ചതിന്; ഒരുപാട് മുഖങ്ങളെ മനസ്സിൽ നിറച്ചതിന്.....

ഗന്ധമെന്ന ഗന്ധർവ്വനെ സമ്മാനിച്ച കൂട്ടുകാരനിവിടെയുണ്ട്....
http://www.mathrubhumi.com/nri/orthunokkumbol/article_165817/