Nov 25, 2010

അപരിചിതൻ.....

2010 ആഗസ്റ്റ്മാസം, വല്ലാതെ വരണ്ടുപോയിരുന്നു മനസ്സും ജീവിതവും. വിരസങ്ങളാകുന്ന ദിനരാത്രങ്ങൾ; അവധിക്കാലം കഴിഞ്ഞ് മാതാപിതാക്കളെ പിരിഞ്ഞതിന്റെ വേദനയും വിരസതയും ഒക്കെ മനസ്സിനെ ഭരിയ്ക്കുന്നുണ്ടായിരുന്നു. നഷ്ടങ്ങളോർത്ത് സ്വയം വേദനിയ്ക്കുക എന്ന ദു:ശ്ശീലം ഒരുപാട് ശക്തിപ്രാപിച്ചിരുന്നു എന്നിൽ. ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു മധ്യാഹ്നത്തിലാണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ഫേസ്ബുക്കിൽ അക്കൌണ്ട് തുറക്കുന്നത്. പതിവിനു വിപരീതമായി ഇത്തവണ ശരിയായ പേരിൽ തന്നെ മതി പ്രൊഫൈൽ എന്ന് തീരുമാനിയ്ക്കുകയായിരുന്നു. ആരിൽ നിന്നൊക്കെയോ സ്വയം മറച്ചുപിടിയ്ക്കേണ്ടിവന്നത് എന്നിൽ ഒരു മടുപ്പുളവാക്കിയിരുന്നു. അതിന് ഒരു പരിഹാരമാകട്ടെയെന്നും കരുതി.

കൂട്ടുകാരുമായി ചാറ്റ് ചെയ്യുന്നതോ പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതോ ഒന്നുമായിരുന്നില്ല ഞാനതിൽ ചെയ്തിരുന്നത്. കൂടുതലും സ്റ്റാ‍റ്റസ് മെസ്സേജുകളെഴുതിക്കൂട്ടുന്നതിലും അവ മാറിമാറി പരീക്ഷിയ്ക്കുന്നതും തന്നെയായിരുന്നു പ്രധാന വിനോദം. പതിവുപോലെ നൈരാശ്യത്തിന്റെ; ദു:ഖത്തിന്റെ ഭാഷയായിരുന്നു അവയിൽ പലതിനുമുണ്ടായിരുന്നത്. അന്നൊരു ദിവസം ഫേസ്ബുക്ക് തുറക്കുമ്പോൾ ഒരു അപരിചിതന്റെ ഫ്രണ്ട്സ് റിക്വസ്റ്റ് കണ്ടു. പ്രൊഫൈൽ എടുത്തുനോക്കിയപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാരൻ. സാധാരണ അപരിചിതരെ കൂട്ടുചേർക്കാൻ ഒരു മടിയാണ്. അത്രയൊന്നും ആക്ടീവ് അല്ലാത്തൊരു പ്രൊഫൈൽ ആണെന്ന് മനസ്സിലാക്കാനായി. പക്ഷെ എന്തുകൊണ്ടോ നിരസിയ്ക്കാൻ കഴിയാത്തൊരു സൌഹൃദംപോലെ തോന്നിച്ചു അത്. അതുകൊണ്ടാകണം ഒരുമടിയും കൂടാതെ ഞാനാ സുഹൃത്തിനെ സ്വീ‍കരിച്ചത്. ‘ആഡ്’ ചെയ്തെങ്കിലും ഓൺലൈൻ ആയി കണ്ടില്ല. വെറുതെ ഫോട്ടോസ് എല്ലാം എടുത്തുനോക്കി. ഒരു മോഡലിന്റെ ഓർമ്മപ്പെടുത്തുന്ന വിധം ഒരുപാട് പോസിലുള്ള കുറെ ചിത്രങ്ങൾ. ഇടയ്ക്കെപ്പോഴോ തോന്നി വെറും ഒരു ജാഡക്കാരനാകുമെന്ന്. സൌഹൃദത്തിൽ പൊതുവേ ഉപാധികളോ ജാഡകളോ ഇഷ്ടപ്പെടാത്ത എനിയ്ക്ക് ഈ സുഹൃത്തിനെ അംഗീകരിക്കാൻ കഴിയില്ലായിരിക്കുമെന്നുതന്നെ തോന്നി.

തൊട്ടടുത്ത ദിവസം രാത്രിയിൽ ജിമെയിലിൽ സുഹൃത്തുക്കളോട് ചാറ്റ് ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് ഫേസ്ബുക്കിൽ ചാറ്റ് മെസ്സേജ് കണ്ടത്. തലേ ദിവസത്തെ ജാഡക്കാരനാണ്. തിരിച്ച് ഹായ് പറയണോ എന്ന് ഒരു നിമിഷം സംശയിച്ചു. പിന്നെയെന്തോ സംസാരിയ്ക്കാമെന്ന് തോന്നി. ആദ്യത്തെ ഉപചാരങ്ങൾക്കൊക്കെ ശേഷം പെട്ടെന്ന് തന്നെ ആ വിദ്വാൻ എന്നോട് മൊബൈൽ നമ്പർ ചോദിച്ചു. “അമ്പടാ!! ഇവൻ ആളുകൊള്ളാമല്ലോ...പെൺകുട്ടികളെ വളയ്ക്കുന്നതും കുറച്ച സമയമൊക്കെ എടുത്തുവേണ്ടേ..ഇതൊരുമാതിരി സ്വിച്ചിട്ടപോലെയാണല്ലോ” എന്ന് മനസ്സിലോർത്തുകൊണ്ട് ഇപ്പോൾ തരാൻ പറ്റില്ലെന്ന് പറഞ്ഞു. എന്റെപ്രൊഫൈലിന്റെ ഉടമസ്ഥ(ൻ) അതിൽ പറയുന്നതുപോലെ ഒരു പെൺകുട്ടി തന്നെയാണൊ അതോ ഇനി കപടമാണോ എന്ന് തീരുമാനിയ്ക്കാൻ ആണ് മൊബൈൽ നമ്പർ എന്ന് മറുപടി തന്നു. എന്റെ പ്രൊഫൈൽ ചിത്രത്തിൽ കാണുന്നത് ഞാൻ തന്നെയാണോ എന്നും ചോദിച്ചു. മറുപടിയ്ക്ക് കാത്തുനിൽക്കാതെ പിന്നെക്കാ‍ണാമെന്ന് പറഞ്ഞ് ആ കഥാപാത്രം മുങ്ങി. അപ്പോഴേയ്ക്ക് എന്റെ ചുണ്ടിൽ ഒരു ചിരിയുണർന്നിരുന്നു എന്തിനോ വേണ്ടി....

അതൊരു തുടക്കമായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ മണിക്കൂറുകൾ നീണ്ട ചാറ്റിങ്ങിന്റ്റെ വളരെ ലളിതമായ തുടക്കം. പിന്നെയെപ്പോഴോ കൈമാറിയ മൊബൈൽ നമ്പരിലേയ്ക്ക് വിളിവന്നു. സുന്ദരമായ; മൃദുലമെങ്കിലും മുഴങ്ങുന്ന ശബ്ദത്തിൽ ആദ്യമായ് എന്നെത്തേടിയെത്തിയ അവന്റെ ഫോൺകോൾ. കൂടുതൽ അറിഞ്ഞപ്പോൾ ഇഷ്ടങ്ങൾ, കാത്തിരിപ്പുകൾ, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ ഇവയിലൊക്കെയും പൊരുത്തങ്ങളായിരുന്നു ഏറെയും. ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരാളാണ് എന്റെ സുഹൃത്തെന്ന് പതിയെ മനസ്സിലാക്കാനായി.

കുറച്ചുദിവസങ്ങളങ്ങനെ ചാറ്റിങ്ങിലും ഫോണിൽ കൂടിയുള്ള സംസാരവുമൊക്കെയായി മുന്നോട്ടുപോയി. നേരിൽ കാണാനുള്ള തിടുക്കം വല്ലാതെയുണ്ടായിരുന്നു. രണ്ടുമണിക്കൂർ യാത്രയുടെ അന്തരമുണ്ടായിരുന്നു ഞങ്ങളുടെ ജോലിസ്ഥലങ്ങൾ തമ്മിൽ. ആ വരുന്ന വാരാന്ത്യത്തിൽ നേരിൽ കാണാമെന്ന് തീരുമാനിയ്ക്കുകയായിരുന്നു.പറഞ്ഞതുപോലെ എന്നെയും തേടിയവൻ വന്നു. ഫേസ്ബുക്കിൽ കണ്ട ചിത്രത്തിൽ കാണുന്നതുപോലെ തന്നെ സുമുഖനാണ്. അവനെക്കണ്ടപ്പോൾ അല്പം ഇരുണ്ടനിറക്കാരിയായതിന്റെ അപകർഷതാബോധം എനിയ്ക്ക് കുറച്ചൊന്നുകൂടിയോ എന്ന് സംശയം. ഹൃദ്യമായ പെരുമാറ്റം. സന്തോഷം പകരുന്ന; ചിരിയ്ക്കുന്ന മുഖം. ഞാനവനെ വല്ലാതെയിഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു. തിരികെയെന്നെ സ്നേഹിയ്ക്കുമെന്ന യാതൊരു പ്രതീക്ഷയുമില്ലാതെ; സ്വീകാര്യതയെക്കുറിച്ചു തെല്ലും ഭയമില്ലാതെ ഞാൻ പ്രണയിയ്ക്കാൻ തുടങ്ങുകയായിരുന്നു.

വന്ന് കണ്ട് മടങ്ങിയശേഷം ഫോൺ‌വിളികളുടേയും ചാറ്റിങ്ങിന്റ്റേയും എണ്ണവും ദൈർഘ്യവും പതിന്മടങ്ങായി വർദ്ധിച്ചു. പക്ഷെ അപ്പോഴൊക്കെയും സൌഹൃദത്തിന്റെ പരിധി ലംഘിക്കപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. പ്രതീക്ഷിയ്ക്കാതൊരു ദിവസം സ്വന്തം വീടിന്റെ ചിത്രം മെയിൽ ചെയ്തുതന്നിട്ട് “ഇതാണെന്റെ വീട്. ഈ വീടിന്റെ ഭാഗമാകാൻ വരുന്നോ” എന്നവൻ എന്നോട് ചോദിക്കുമ്പോൾ ആഗ്രഹിച്ചതൊക്കെയും എഴുതിച്ചേർക്കപ്പെട്ടൊരു പകൽ‌സ്വപ്നം സത്യമാവുകയായിരുന്നു. ജീവിതത്തിലേയ്ക്ക് സന്തോഷം തിരിച്ചെത്തുകയായിരുന്നു. “നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു”വെന്ന് ഒരിക്കൽ‌പ്പോലും പരസ്പരം പറയാതെ തുടങ്ങിയ പ്രണയത്തിന്റെ വസന്തകാലം.

ദുരനുഭവങ്ങളാൽ പകച്ചമനസ്സോടെയെങ്കിലും പ്രതീക്ഷകളെ ഞാനുള്ളിൽ വളർത്തി. പ്രക്ഷുബ്ധമായൊരു മനസ്സോടെ ഞാനൊരു യാത്രയിലായിരുന്നു. ഉറങ്ങുന്നവന്റെ ചുണ്ടിൽ മൌനമേൽ‌പ്പിച്ച രഹസ്യം പോലെ പ്രണയമെന്റെ മനസ്സിൽ പതുങ്ങിയിരുന്നു. പ്രതീക്ഷകളേൽ‌പ്പിച്ച അശാന്തമായൊരു കടലുള്ളിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു.തിളച്ചുമറിയുന്ന ചിന്തകൾക്കുമേലെ പ്രണയമുണരുമെന്നും രഹസ്യമെന്ന കൂടുതുറന്ന് ലോകത്തിന്റെ കാതിലതമൃത് പോലെ വർഷിയ്ക്കപ്പെടുമെന്നും ഞാൻ പ്രതീക്ഷിയ്ക്കാൻ തുടങ്ങി.

എങ്കിലും പ്രണയനഷ്ടത്തിൽ ഒരിക്കൽ ഉലഞ്ഞുപോയ മനസ്സ് പലപ്പോഴും ഭയക്കുന്നുണ്ടായിരുന്നു. ഒരു ഓർമ്മപ്പെടുത്തൽ‌പോലെ ഇടയ്ക്കിടെ ഞാൻ ആ ദുർദിനങ്ങളെ ഞാൻ ചിന്തകളിലേയ്ക്ക് കടംകൊണ്ടു. പക്ഷെ യഥാർത്ഥപ്രണയത്തിന്റെ തിരകൾ തീരം തേടി ചെല്ലുകതന്നെ ചെയ്യുമല്ലോ. എന്റെ ഭയങ്ങളൊക്കെയും അസ്ഥാനത്താണെന്ന് ബോധ്യമാക്കിക്കൊണ്ട് കഴിഞ്ഞ നവംബർ 11 ന് വളരെ ലളിതമായി നടന്ന വിവാഹചടങ്ങിൽ ഞങ്ങൾ ഇനിയുള്ള ജീവിതം പരസ്പരം പകുത്തുനൽകി.കാത്തിരുന്ന പ്രണയം സഫലമായി.

പുതിയൊരു ജന്മത്തിന്റെ തുടക്കം.ഒരുപാടുകാലങ്ങൾക്ക് ശേഷം ഞാൻ എന്റെ ജീവിതത്തെ സ്നേഹിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. പുലരിയുടെ സൌന്ദര്യവും രാത്രിയുടെ വശ്യതയുമൊക്കെ എന്റെ ദിവസങ്ങളിൽ വീണ്ടും വർണ്ണങ്ങൾ ചാലിയ്ക്കുവാൻ തുടങ്ങുന്നു. ഒരു കൊടുംവേനലിനൊടുക്കം പ്രണയമെന്നിൽ മഴയായ് പൊഴിയുന്നു. .

എന്റെ പ്രണയമേ... സൌമ്യമായ കാൽ‌വെപ്പുകളോടെ നീ വന്നുകയറിയത് എന്റെ ഹൃദയത്തിലേയ്ക്കായിരുന്നു.. സുന്ദരമായ ശബ്ദത്തിൽ നീയെന്നോട് പറഞ്ഞത് പ്രണയത്തിന്റെ ഭാഷയായിരുന്നു... മൃദുലമായി നീ തൊട്ടുണർത്തിയത് എന്റെ ആത്മാവിനെയായിരുന്നു.... തനിച്ചുള്ള യാതനകൾക്കും യാത്രകൾക്കുമൊടുക്കം ചിറകുതളർന്ന് നിന്റെ ഹൃദയത്തിലേയ്ക്കാണ് ഞാനടർന്നുവീണത്. ഇന്നു ഞാൻ നിന്നിലേയ്ക്കൊതുങ്ങുകയാണ്. എന്റെ ചിറകുകളുടെ സ്വാതന്ത്ര്യം പ്രണയത്തിന്റെ നേർത്ത തന്ത്രികളാൽ നിന്റെ ഹൃദയത്തോട് ചേർക്കപ്പെട്ടിരിയ്ക്കുന്നു. വാക്കുകളുടെ മാസ്മരികത കൊണ്ട് നിന്നെ പ്രലോഭിപ്പിക്കാനല്ല, പ്രണയത്തിന്റെ മാന്ത്രികതകൊണ്ട് നിന്റെ ഹൃദയത്തെ ഭ്രമിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. എങ്കിലും ഇനിയെനിയ്ക്കിതുപറയാതെ വയ്യ!!! നിന്നെ ഞാനൊരുപാട് സ്നേഹിയ്ക്കുന്നു. സ്വന്തമാക്കലുകളിൽ മൃതിയടയാത്ത എന്റെ പ്രണയം ഒരു വർഷമേഘം പോലെ നിന്നെ പൊതിയുന്നുണ്ട്.... പെയ്തൊഴിയാനല്ല...മറിച്ച് നിന്നിൽ പെയ്തലിയാൻ.....