Jan 24, 2012

നാടുവിടലും നാലുകൂട്ടം സാമ്പാറു കഷണവും

നാലാം ക്ലാസ്സ് വരെ വീടിനു തൊട്ടടുത്തുള്ള ഗവണ്മെന്റ് എൽ.പി സ്കൂളിലായിരുന്നു ഞാൻ പഠിച്ചിരുന്നത്. അവിടുത്തെ പഠനം വിജയകരമായി പൂർത്തിയാക്കി അഞ്ചാം‌ക്ലാസ്സെന്ന ഉപരിപഠനത്തിനായി 6 കിലോമീറ്റർ അപ്പുറത്തുള്ള മറ്റൊരു സ്കൂളിലായിരുന്നു എന്നെ ചേർത്തത്. അല്പം ദൂരെ ആണെങ്കിലും അതേ സ്കൂളിൽ തന്നെ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ചേട്ടന്റെ തണലിൽ ഞാൻ സുരക്ഷിതയായിരിക്കുമെന്ന് വീട്ടുകാർക്ക് തോന്നി കാണണം. സ്കൂളിലേയ്ക്ക് എന്നും ചേട്ടന്റെ ഒപ്പം പ്രൈവറ്റ് ബസ്സിൽ ആണു പോക്കുവരവ്. അന്ന് ആവശ്യത്തിന് ബസ്സുകളില്ലാത്ത ആ റൂട്ടിൽ ഓടുന്ന ഏതു ബസ്സിലും സാമാന്യം തിരക്കുണ്ടാകുമായിരുന്നു.

വീട്ടുകാർ കൂടെ ഉള്ളപ്പോഴും ഇനി അതല്ല തനിച്ചാണെങ്കിലും തിരക്കുള്ള ബസ്സിൽ കയറിയാൽ ഉടനെ വലിയ വായിൽ നിലവിളിക്കുക എന്നൊരു അരുമയായ ശീലം ഞാൻ അന്ന് വളർത്തി കൊണ്ടുവന്നിരുന്നു. ഇഷ്ടമില്ലാതെ വല്ലയിടത്തും കൊണ്ടുപൊകുന്നതാണെങ്കിൽ തിരക്കില്ലെങ്കിലും കരയും. എന്നുമുള്ള സ്കൂളിലേയ്ക്കുള്ള യാത്രയിലും അത് അണുവിട തെറ്റാതെ ആവർത്തിച്ചു. എന്റെ ഈ സൽ‌സ്വഭാവം അറിയുന്നതുകൊണ്ട് തന്നെ കൂടെനിൽക്കാതിരിക്കാനായി മനപ്പൂർവ്വം ബസ്സിന്റെ പിന്നിൽ കയറുന്ന ചേട്ടന് വരെ ബസ്സിന്റെ മുന്നിൽ നിൽക്കുന്ന എന്റെ കരച്ചിൽ വളരെ വ്യക്തമായി കേൾക്കാമായിരുന്നു. പക്ഷെ അങ്ങനെ ഒരു കരച്ചിലോ കരച്ചിലിന്റെ ഉടമയെയോ യാതൊരു പരിചയവുമില്ലെന്ന മട്ടിൽ ആൾ നിൽക്കുമ്പോഴാകും കൂട്ടുകാരാരെങ്കിലും ‘എടാ നിന്റെ അനിയത്തി കരയുന്നു’ എന്ന് പറയുന്നത്. പിന്നെ പിന്നിലെ സീറ്റിന്റെ ഇടയിലോ മറ്റോ കയറി നിന്ന് മുന്നിൽ എവിടെ എങ്കിലും നിന്ന് കരയുന്ന എന്നെ കണ്ടെത്തി ആംഗ്യങ്ങളിലൂടെ ഭീഷണിപ്പെടുത്തിയും കണ്ണുമിഴിച്ച് കാണിച്ച് ദേഷ്യപ്പെട്ടും എന്റെ കരച്ചിൽ തീർക്കാൻ ശ്രമിക്കുമ്പോഴേയ്ക്ക് സഹാനുഭൂതി തോന്നി ബസ്സിലെ യാത്രക്കാരായ ചേച്ചിമാർ ആരെങ്കിലും എന്നെ അവർ ഇരിയ്ക്കുന്ന സീറ്റിനിടയിൽ കയറ്റി നിർത്തിയിട്ടുണ്ടാകും. പിന്നെ തികച്ചും സ്വസ്ഥമായ യാത്ര... പോകെ പോകെ ഞാൻ ബസ്സിൽ കയറുമ്പോ തന്നെ ആരെങ്കിലും എന്നെ സീറ്റിനിടയിലേയ്ക്ക് കയറ്റി നിർത്തും. ബാഗും അവർ തന്നെ വാങ്ങി പിടിയ്ക്കും. അങ്ങനെ സാവധാനം ബസ്സിന് എന്റെ കരച്ചിലിൽ നിന്ന് ഒരു മോചനം കിട്ടി.

ഇങ്ങനെയൊക്കെ ജീവിതം പുരോഗമിയ്ക്കുന്നതിനിടയ്ക്കാണ് ആദ്യമായി അനീതിക്കെതിരെ ഞാൻ പടവാളുയർത്തുന്നത്.... രണഭൂമി എന്റെ വീട് തന്നെ. അക്കാലത്ത് എന്റെ ആജന്മശത്രുവായി ഞാൻ പ്രഖ്യാപിച്ചിരുന്നത് എന്റെ ചേട്ടനെ തന്നെ ആയിരുന്നു. നേരെ നോക്കിയാൽ അടിപിടി അക്രമത്തിലെത്തുന്ന എല്ലാ സാഹചര്യങ്ങളിലും ചേട്ടന്റെ പക്ഷം പിടിയ്ക്കുന്ന എന്റെ ഉമ്മച്ചിയുടെ നിലപാടാണ് ഞാൻ ആദ്യമായി അറിഞ്ഞ അനീതി. ഇതിനെതിരെ പ്രതികരിച്ചാൽ കിട്ടാനുള്ള അടിയുടെ എണ്ണം കൂട്ടാമെന്നല്ലാതെ മറ്റ് പ്രയോജനമൊന്നും ഇല്ലെന്ന് മനസ്സിലായപ്പോൾ, പടവാൾ മറ്റൊരു ഡയറക്ഷനിൽ വീശാൻ തീരുമാനിച്ചു. വീട് വിട്ട്; നാടു വിട്ട് പോവുക. ഇതുവഴി രണ്ട് ലാഭങ്ങൾ ഉണ്ടാകും. ഒന്ന്, എനിയ്ക്ക് ഞാൻ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ‘അനീതി‘കളിൽ നിന്ന് രക്ഷപ്പെടാം. രണ്ട്, ഞാൻ പോകാൻ കാരണക്കാരനായ എന്റെ 'ശത്രു'വിന് ആ പേരിൽ കണക്കിന് കിട്ടുകയും ചെയ്യും, മതി... നമുക്കത്രയും മതി....

തുടർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി. എന്ന് എങ്ങനെ എങ്ങോട്ട് പോകണം എന്നതിനൊക്കെ വ്യക്തമായ പദ്ധതികൾ. പക്ഷെ ചിന്തകൾ പ്രാവർത്തികമാക്കേണ്ട സമയമായപ്പോൾ പതുക്കെ പേടി തോന്നിതുടങ്ങി. തനിച്ച് ഒരു മുറിയിൽ കിടന്നുറങ്ങാൻ ഭയക്കുന്ന ഞാൻ എങ്ങനെ ഒറ്റയ്ക്ക് ദൂരെ എവിടേയ്ക്കോ യാത്ര പോകും? !!! പക്ഷെ എന്തുവന്നാലും പോകാതിരിയ്ക്കാനാവില്ല. ഇനി ഈ അക്രമം സഹിക്കാൻ വയ്യ. അങ്ങനെയാണ് അയൽക്കാരിയും കൂട്ടുകാരിയും അതേ സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നവളുമായ ബിജിതയോട് ഇക്കാര്യം പറയുന്നത്. ദാ തേടിയ വള്ളി കാലിൽ ചുറ്റി ! അവളാണേൽ ഇങ്ങനൊരു കാര്യം ആഗ്രഹിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി പോലും. അവൾക്ക് വീട്ടിൽ ഒന്നിനു പകരം രണ്ട് ശത്രുക്കൾ ഉണ്ട്. ചേട്ടനും അനിയത്തിയും. പേന പെൻസിൽ റബ്ബർ ഇത്യാദികൾ കൊടുക്കാത്തതു മുതൽ പുതിയതായി പണി കഴിപ്പിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ അവൾക്ക് മാത്രം സ്വന്തമായി മുറിയില്ല എന്നതു വരെയുള്ള അനീതികളുടെ കണ്ണീരിൽ ചാലിച്ച കദന കഥയാണ് അവൾക്ക് പറയാനുണ്ടായിരുന്നത്.കക്ഷി എന്റെ കൂടെ എവിടേം വരാൻ തയ്യാറാണ്. പക്ഷെ ഒരൊറ്റ നിബന്ധന മാത്രം. അവളുടെ വീടുപണി കഴിയാൻ പോകുന്നു; വീടിന്റെ പാലുകാച്ചൽ ചടങ്ങിനിടാൻ ഒരു ചുരിദാറെടുത്തുകൊടുക്കാമെന്ന വാഗ്ദാനം വീട്ടിൽ നിന്ന് കിട്ടിയിട്ടുണ്ട്. ആ ജീവിതത്തിൽ കിട്ടുന്ന ആദ്യത്തെ ചുരിദാറാണ്. അതൊന്നിടണം...പിന്നെ എന്നു വേണമെങ്കിലും എങ്ങോട്ട് വേണമെങ്കിലും അവൾ വരും....

സമയം വൈകിക്കുന്നത് വല്യ താല്പര്യമില്ലായിരുന്നെങ്കിലും അനീതിയുടെ കയ്പ്പുനീർ കുടിച്ച് ജീവിക്കുന്ന അവളെ രക്ഷിക്കേണ്ടത് എന്റ്റെ കടമയാണെന്ന് വിശ്വസിച്ച് ക്ഷമയോടെ കുറച്ച് നാൾ കൂടി കാത്തിരിയ്ക്കാൻ ഞാൻ തയ്യാറായി. അതിനിടയിലാണ് ക്ലാസ്സിലെ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി മഞ്ജു വീട്ടിൽ അവൾ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന കടുത്ത ഒറ്റപ്പെടലിനെ കുറിച്ച് എന്നോട് പറയുന്നത്. ഇരട്ടകളായ അനിയനും അനിയത്തിയും എല്ലാ യുദ്ധങ്ങളിലും അവൾക്കെതിരാണ് പോലും. കൂടെ മറ്റൊന്നുകൂടി പറഞ്ഞു. അനിയനും അനിയത്തിയും അവളെ വിളിയ്ക്കുന്നത് ‘ചൊറിക്കാലി’ എന്നാണെന്ന് (പണ്ടെങ്ങോ ചൊറി വന്നതിന്റെ പാടുകൾ അവളുടെ കാലിൽ ഉണ്ട്). അതിനുമപ്പുറം ഒരു ചീത്തവാക്ക് ഈ ലോകത്തില്ലെന്ന മട്ടിലാണ് അവളുടെ ഇരിപ്പും സങ്കടവും. ഒക്കെയും കേട്ടു കഴിഞ്ഞപ്പോൾ അനീതിയുടെ ബലിയാടായ അവളേയും രക്ഷിക്കണമെന്ന് ഞാനുറപ്പിച്ചു. എന്തിനധികം പറയുന്നു, നാടുവിടൽപദ്ധതിയിൽ പങ്കാളികളുടെ അംഗസംഖ്യ പൊടുന്നനെ മൂന്നായി വർദ്ധിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം പദ്ധതിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അവിചാരിതമായി ചോർന്നു. വൈകിട്ടത്തെ ബസ്സ് യാത്രയിൽ ഞാനും ബിജിതയും പദ്ധതിയെ കുറിച്ച് ചർച്ച ചെയ്തതെല്ലാം മറ്റൊരുത്തി കേട്ടിരിക്കുന്നു !. ഭയത്തിന്റെ നെരിപ്പോടിലുരുകിയ രാത്രി ! പക്ഷെ ഭയന്നതുപോലെ അവൾ ശത്രുവല്ലെന്ന് പിറ്റേന്ന് രാവിലെ തന്നെ മനസ്സിലായി. അതികഠിനമായ പല ദു:ഖങ്ങളും അവൾക്കുണ്ടെങ്കിലും ചില പ്രതികൂല സാഹചര്യങ്ങളാൽ കൂടെ വരാൻ കഴിയില്ലെന്നും യാത്രയ്ക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്തു തരാമെന്നും ഉപദേശ നിർദ്ദേശങ്ങൾ ഫ്രീയായി തരാമെന്നും അവൾ വാക്കുതന്നു. പദ്ധതി ചോർന്നതു വഴി അപകടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും അതോടെ ഇതിനെ കുറിച്ചുള്ള തുറന്ന സംസാരം നിർത്താൻ ഞങ്ങൾ തീരുമാനിച്ചു. പകരം കത്തെഴുതി വിവരങ്ങൾ കൈമാറാമെന്നും തീരുമാനമായി. വിപുലമായികൊണ്ടിരിക്കുന്ന പ്ലാനുകളെ കുറിച്ച് ക്ലാസ്സിലിരുന്ന് ഒരു ബെഞ്ച് പുറകിലിരിക്കുന്ന മഞ്ജുവിനും അടുത്ത ക്ലാസ്സിൽ ഉള്ള ബിജിതയ്ക്കും കത്തെഴുതി. പെട്ടെന്ന് ക്ലാസ്സിലേയ്ക്ക് ടീച്ചർ കയറി വന്നതുകൊണ്ട് മഞ്ജുവിനുള്ള കത്ത് അവൾക്ക് നേരിട്ട് കൊടുക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തൊട്ട് പിന്നിലെ ബെഞ്ചിലെ സൗമ്യയുടെ കയ്യിൽ കൊടുത്തിട്ട് മഞ്ജുന് പാസ് ചെയ്യാൻ പറഞ്ഞു. ടീച്ചർ വന്ന തിരക്കിൽ ഞാൻ തിരിഞ്ഞിരിയ്ക്കുകയും ചെയ്തു. സൗമ്യ വളരെ കൃത്യമായി കത്ത് പാസ് ചെയ്തു.പക്ഷെ വിശദമായ ഒരു വായനയ്ക്ക് ശേഷമായിരുന്നു എന്ന് മാത്രം. അവിടുന്നാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങിയതും ഇതിന്റെ തലക്കെട്ടിനു പിന്നിലെ അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ സംഭവവികാസങ്ങൾ ഉരുത്തിത്തിരിയാൻ തുടങ്ങിയതും.....

ആ പീരീഡ് കഴിഞ്ഞതും സൗമ്യ എന്നെയും മഞ്ജുവിനേയും വിളിച്ച് ഗ്രൌണ്ടിൽ കൊണ്ട്പോയി.ആദ്യം ഇതൊക്കെ ടീച്ചറിനോട് പറയുമെന്ന് ഭീഷണി മുഴക്കി. ഞങ്ങൾ കരയുമെന്നായപ്പോ ടീച്ചറിനോട് പറയാതിരിയ്ക്കണമെങ്കിൽ അവളെ കൂടി കൊണ്ടുപോകണം എന്ന നിബന്ധന വെച്ചു. നിവർത്തി ഇല്ലാതെ ഞങ്ങൾക്ക് അത് സമ്മതിക്കേണ്ടി വന്നു. ഞങ്ങൾ ഒന്ന് ഹാപ്പി ആയ്ക്കോട്ടെ എന്ന് കരുതി ആകണം പോയി കഴിഞ്ഞാൽ എന്നും ഭക്ഷണമൊക്കെ സ്വയം ഉണ്ടാക്കാമെന്നും നീണ്ട മുടി ഉള്ള മഞ്ജുവിനെ എന്നും മുടി പിന്നിക്കെട്ടാൻ സഹായിക്കാമെന്നും ഉള്ള ഓഫർ സൗമ്യ വെച്ചത്. മറുപടി പറയാൻ സമയം കിട്ടുന്നതിനു മുൻപ് ബെല്ലടിച്ചു.

പോകാൻ തീരുമാനിച്ചത് 4 പേർ ആയിരുന്നെങ്കിലും അതുകൂടാതെ ഒരു അഞ്ചുപേരെങ്കിലും കൂട്ടത്തിൽ ചേർന്നു. പക്ഷെ കൂടെ വരാനല്ലെന്ന് മാത്രം . അവർക്കൊക്കെയും വരണമെന്ന് ആഗ്രഹമുള്ളവരാണ്, അതികഠിനമായ ‘ദു:ഖങ്ങൾ‘ ഉള്ളവരാണ്. പക്ഷെ യാത്രയിൽ പങ്കുചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് എന്ന് മാത്രം. അതുകൊണ്ട് രക്ഷപെട്ട് പറക്കാൻ പോകുന്ന കിളികളുടെ ഓരം ചേർന്ന് നടന്നും നിർദ്ദേശങ്ങൾ തന്നും ആഗ്രഹം തീർക്കുന്നു. ചർച്ചകളൊക്കെ മുറുകി വന്നു. പക്ഷെ ഇതിനിടയിൽ അനീതിക്കെതിരെ ഞാൻ ഉയർത്തിയ പടവാൾ ആരും കാണാതെ ഉറയിലേയ്ക്ക് തിരികെ വെച്ചിരുന്നു. കാരണം മറ്റൊന്നുമല്ല ആ വെക്കേഷന് വീട്ടിൽ നിന്ന് പ്ലാൻ ചെയ്തിരിക്കുന്ന മൈസൂർ ട്രിപ്പ് തന്നെ. അനീതിയ്ക്കെതിരെ ഇപ്പോൾ പടവെട്ടണ്ട എന്നും അടുത്ത വെക്കേഷൻ കഴിഞ്ഞു വേണേൽ ആലോചിയ്ക്കാമെന്നുമുള്ളൊരു തണുപ്പൻ തീരുമാനം സൈലന്റായി ഞാനെടുത്തു. പക്ഷെ തയ്യാറാക്കിയ പദ്ധതി പ്രകാരം പോകേണ്ടുന്ന സ്ഥലത്തെ കുറിച്ചുള്ള അഭിപ്രായ സമന്വയവും പോയി കഴിഞ്ഞാൽ പുഴയോരത്തെ മണ്ണിൽ വെയ്ക്കുന്ന വീട്ടിലെ മുറികളുടെ എണ്ണത്തെ സംബന്ധിച്ച തർക്കവും ഒക്കെ ആയി ബാക്കി എല്ലാവരും അതിൽ തന്നെ മുഴുകി. ഞാൻ പ്രത്യക്ഷത്തിൽ ഇതിൽ ഒക്കെ സംബന്ധിക്കുന്നുണ്ടെങ്കിലും മനസ്സിൽ ഇതിൽ നിന്നെങ്ങനെ തലയൂരാമെന്ന കൂലങ്കഷമായ ആലോചനയിലും.
യാത്ര പുറപ്പെടാമെന്ന് പറഞ്ഞുറപ്പിച്ച ദിവസം വന്നെത്തി. പക്ഷെ അന്ന് പോകില്ലെന്ന് എനിക്ക് മാത്രമറിയാം. മറ്റാരോടും അത് പറയാൻ എനിക്ക് തോന്നിയില്ല. നടക്കാത്ത കാര്യത്തിനുവേണ്ടി നടത്തുന്ന ചർച്ചകളും കൂട്ടം കൂടലുകളുമൊക്കെ ഞാൻ നന്നായി ആസ്വദിച്ചു തുടങ്ങിയിരുന്നു. പതിവുപോലെ ഞാൻ രാവിലെ ക്ലാസിലെത്തി. ബിജിത എന്റെ കൂടെ ആണ് സ്കൂളിൽ വരുന്നത്. അവളും പ്രത്യേകിച്ച് തയ്യാറെടുപ്പൊന്നും ഇല്ലാതെ ആണ് വന്നിരിക്കുന്നത് എന്ന് രാവിലെ മനസ്സിലാക്കിയിരുന്നു. ഇനി അവളും വെക്കേഷന് വീട്ടിൽ നിന്ന് മൈസൂർ പോകുന്നുണ്ടോ എന്ന് ഞാൻ സംശയിക്കാതിരുന്നില്ല. മഞ്ജുവും എന്നത്തെയും പോലെ വന്നിരിക്കുന്നു. പക്ഷെ സൗമ്യ വന്നിരിക്കുന്നത് സകല തയ്യാറെടുപ്പോടും കൂടി ആയിരുന്നുവെന്നതിന് തെളിവ് അവളുടെ ബാഗിന്റെ വലിപ്പം തന്നെ ആയിരുന്നു.

ഞാനും മഞ്ജുവും മുഖാമുഖം നോക്കി. ഉച്ചയ്ക്കുള്ള ഇന്റർവെൽ സമയത്താണ് പോകാൻ തീരുമാനിച്ചിരിക്കുന്നത്. 2 പിരീഡ് കഴിഞ്ഞ് 10 മിനിറ്റ് ഇന്റെർവെൽ ആയി. സൗമ്യ എന്നെയും മഞ്ജുവിനെയും കൂട്ടി ബാഗുമെടുത്ത് ക്ലാസ്സിന്റെ മൂലയിൽ ചെന്ന് ബാഗ് തുറന്ന് കാണിച്ചു. ഒരു ജോഡി ഡ്രസ്സ്, 15 രൂപ, ടിഫിൻ ബോക്സ് നിറയെ അരി........ ഇതൊന്നും കൂടാതെ മറ്റൊരു പൊതി കൂടി.... തുറന്നപ്പോൾ 4 കൂട്ടം സാമ്പാർ കഷണങ്ങളും 3 ഉള്ളിയും. രണ്ട് തക്കാളി, രണ്ട് വെണ്ടക്ക, ഒരു വഴുതനങ്ങ, പിന്നെ ഒരു ക്യാരറ്റും. ഇതൊക്കെ എന്തിനെന്ന് ചോദിച്ചപ്പോൾ നിഷ്കളങ്കമായ ഉത്തരം “ അന്നു പറഞ്ഞില്ലേ ചോറും കറിയും ഞാൻ വെയ്ക്കാമെന്ന്. അതിനെടുത്തതാ” എന്ന്. ബെല്ലടിച്ചതും എനിക്ക് ആധി കയറിയതും ഒരുമിച്ചായിരുന്നു. ദൈവമേ....ഇനി എന്തു ചെയ്യും ??? !!!!!

ഇതിനുള്ള പോം‌വഴി ആലോചിച്ച് തലപുകഞ്ഞ് 2 പിരീഡുകൾ കഴിഞ്ഞുപോയതറിഞ്ഞില്ല. ഉച്ചയ്ക്ക്ക് ഇന്റർവെല്ലിനുള്ള ബെല്ലടിച്ചു. എല്ലാവരും ഭക്ഷണം കഴിക്കാൻ ഇറങ്ങി. ബിജിത പതുങ്ങി പതുങ്ങി ക്ലാസ്സിലേയ്ക്ക് വന്നു. ഞാനും മഞ്ജുവും സൗമ്യയും ബിജിതയ്ക്കൊപ്പം ഇറങ്ങി. സൗമ്യയുടെ കയ്യിൽ മാത്രം ബാഗുണ്ട്. സ്കൂളിന്റെ മെയിൻ ഗേറ്റ് എത്തിയതും സൗമ്യ ആ പതിനഞ്ചു രൂപ എന്നെ ഏൽ‌പ്പിച്ചു. അതുകണ്ടതും ബിജിത കരയാൻ തുടങ്ങി. പോകാൻ ഇഷ്ടമില്ലേ എന്ന് പ്രതീക്ഷയോടെ ഞാൻ ചോദിച്ചു, പക്ഷെ മറുപടി നിരാശാജനകം ആയിരുന്നു...”ചുമ്മാ സങ്കടം വന്നതാ” എന്ന്. ഞങ്ങൾ നാലു പേരുടെ പിന്നിലായി യാത്രയിൽ ഞങ്ങൾക്കൊപ്പം വരാൻ കഴിയാത്ത ഹതഭാഗ്യരുടെ ഒരു നിരയും ഉണ്ടായിരുന്നു. കുറച്ച് ദൂരം വരെ കൂടെ നടന്ന ശേഷം ഞങ്ങളെ യാത്ര അയയ്ക്കാനും മംഗളം നേരാനും കണ്ണിൽ നിന്ന് ഞങ്ങൾ നടന്ന് മറയും വരെ നോക്കി നിൽക്കാനും വന്നവർ.

കുറച്ച് നടന്നപ്പോൾ ഹിന്ദി പഠിപ്പിക്കുന്ന ശാന്തകുമാരി ടീച്ചർ ദൂരെ നിന്ന് നടന്നു വരുന്നത് കണ്ടു. ഇനി ഇതിലും നല്ല ഒരു അവസരം കിട്ടില്ലെന്നറിയാമായിരുന്ന ഞാൻ എല്ലാരോടും ടീച്ചർ ഞങ്ങളെ കണ്ടെന്ന് തോന്നുന്നുവെന്നും തിരിച്ച് സ്കൂളിലേയ്ക്ക് പോകുന്നതാണ് നല്ലതെന്നും പറഞ്ഞു. കുറച്ചൊന്നു സംശയിച്ചു നിന്നശേഷം ആദ്യം സൗമ്യ തിരിഞ്ഞോടി. പിന്നാലെ ഞങ്ങൾ മൂന്നുപേരും. ഞങ്ങൾ നാലു പേരും തിരിഞ്ഞോടുന്നത് കണ്ട് യാത്ര അയയ്ക്കാൻ വന്നവരും പുറകെ ഓടി. ഓടിക്കിതച്ച് ക്ലാസ്സിൽ കയറി ഒന്നും അറിയാത്തത് പോലെ ഇരുന്നു. ക്ലാസ്സ് ലീഡർ ആയിരുന്ന ഞാൻ ബെല്ലടിക്കുന്നതിനു മുൻപ് സ്റ്റാഫ് റൂമിൽ ചോക്കെടുക്കാൻ പോയി തിരിച്ചു വന്നത് പുതിയ ഒരു കഥയുമായിട്ടാ‍യിരുന്നു. ശാന്തകുമാരി ടീച്ചർ ചോദ്യം ചെയ്തുവെന്നും എന്തൊക്കെയോ പറഞ്ഞ് കഷ്ടി രക്ഷപെട്ടുവെന്നും ഇനി ഉടനെ ഒരു പോക്ക് അസാധ്യമാണെന്നും എല്ലാത്തിനേം പറഞ്ഞ് വിശ്വസിപ്പിച്ചു. സൗമ്യയ്ക്ക് പതിനഞ്ചുരൂപ തിരികെ കൊടുത്ത് തൽക്കാലം പ്ലാൻ മാറ്റി വെയ്ക്കാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ശേഷം അതുവരെ ഇല്ലാതിരുന്ന ശ്രദ്ധയോടെ പിന്നെ ഉള്ള ക്ലാസ്സുകളിലിരുന്ന് വൈകുന്നേരം ബിജിതയ്ക്കൊപ്പം വീട്ടിലേയ്ക്ക് മടങ്ങി.

പിറ്റേന്ന് രാവിലെ ക്ലാസ്സിലെത്തുമ്പോൾ പാടേ തകർന്നുപോയ ഒരു പദ്ധതിയുടെ അവശിഷ്ടങ്ങൾ പോലെ ക്ലാസ്സിൽ ചിതറിക്കിടന്നുണ്ടായിരുന്നു.... അനീതിയ്ക്കെതിരെ പോരാടുവാൻ നാടുവിട്ട് ഓടിയ നാലു പോരാളികൾക്ക് ഭക്ഷണമാകേണ്ടിയിരുന്ന നാലുകൂട്ടം സാമ്പാറിന്റെ കഷണങ്ങൾ...

വാൽക്കഷണം അഥവാ സാമ്പാർ കഷണം: അന്നത്തെ നാടുവിടൽ പദ്ധതിയിലെ പങ്കാളികളായ നാൽ‌വർ സംഘത്തിലെ 'മാസ്റ്റർ ബ്രെയ്ൻ' ആയിരുന്ന ഞാൻ ഇന്ന് ദുഫായിയിൽ ഇരുന്ന് പ്ലസ്സും ചാറ്റും ബ്ലോഗും ഒക്കെ ആയി പടപൊരുതുന്നു. ബിജിത മൂന്നാമത്തെ കൊച്ചിനെ പെറ്റു കിടന്ന് ജനസംഖ്യാ നിയന്ത്രണത്തോട് പടവെട്ടുന്നു. ബാക്കി 2 പോരാളികൾ ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ എന്തിനോടെങ്കിലും പടപൊരുതി സസുഖം ജീവിക്കുന്നുണ്ടെന്ന് കരുതാം.

അന്നത്തെ എന്റെ 'ആജന്മ ശത്രു' വർഷങ്ങൾ കഴിഞ്ഞപ്പോൾ അടുത്ത കൂട്ടുകാരനായി മാറി. അന്നത്തെ യുദ്ധങ്ങളൊക്കെയും കൗമാരത്തിലെത്തിയപ്പോൾ സന്ധിയായി. ഇന്ന് ഒരു ഭർത്താവിന്റെയും അച്ഛന്റെയും ഒക്കെ റോളുകൾ കൈകാര്യം ചെയ്ത് സസുഖം ജീവിയ്ക്കുന്നു... ഇടയ്ക്കിടെ കടലിനക്കരെ നിന്നു വരുന്ന ഫോൺ വിളികളിൽ ഒരുപാട് സ്നേഹം പകർന്നുതരുന്നു.....
--------------------------- ശുഭം ------------------------

18 comments:

Animesh said...

നല്ല ഫ്ലോയില്‍ രസമായി എഴുതിയിട്ടുണ്ട്.

കൊട്ടാരക്കരക്കാരന്‍ താഹിര്‍ എസ്‌ എം said...

നാല് കഷണം സാമ്പാര്‍ കൊള്ളാം നല്ല അവതരണം തന്നെ

മുസ്തഫ|musthapha said...

പഴയ ഓർമ്മകൾ നന്നായി എഴുതിയിരിക്കുന്നു ഷാരു, നല്ല ഫീൽ ഉണ്ട് എഴുത്തിൽ. ഇതിലെ തമാശകൾ ആസ്വദിക്കുന്നതിനോടൊപ്പം തന്നെ, കുട്ടികളുടെ മനസ്സ് എത്ര മാത്രം ചെറിയ കാര്യങ്ങൾക്ക് ഈ രീതിയിലൊക്കെ ചിന്തിക്കാൻ തുനിയുന്നു എന്നതാണ് ഞാൻ ശ്രദ്ധിച്ച കാര്യം. തിരിഞ്ഞ് നോക്കുമ്പോൾ കാണുമായിരിക്കും നാടു വിടാൻ പ്രേരിപ്പിച്ചില്ലെങ്കിലും ഇങ്ങിനെയൊക്കെ തോന്നിപ്പിച്ച കാര്യങ്ങൾ എന്റെ ജീവിതത്തിലും. മക്കൾക്കിടയിൽ സ്നേഹപ്രകടനത്തിൽ വളരെയധികം ശ്രദ്ധിക്കാൻ ഓർമ്മിപ്പിക്കുന്നുണ്ട് ഈ പോസ്റ്റ്.

Jasy kasiM said...

നന്നായി രസിച്ചു ഈ നാടുവിടൽ കഥ..:)
[കൂട്ടുകാരാരും ഇല്ലാഞ്ഞതുകൊണ്ട് ‘അനീതി‘കൾക്കെതിരെ ഒറ്റക്കിരുന്ന് പ്ലാനുകൾ ഉണ്ടാക്കാറുണ്ടായിരുന്ന പണ്ടത്തെ കുട്ടിയേം ഓർത്തു..:))]

rashinoor said...

adipoli.............am speechless................

Manju Manoj said...

ഹഹഹ..ഷാരു കലക്കി... നാട് വിടല്‍...,...പണ്ടത്തെ സ്കൂള്‍ കാലം ആലോചിച്ചാല്‍ നാണിച്ചു പോകും... എന്തൊക്കെ ചിന്തകള്‍ അന്ന്..അല്ലെ...

കിരൺ said...

അന്‍ഷു കലക്കി ട്ടോ ...ഇത് വായിച്ചപ്പോ പഴയ ഓര്‍മ്മ ...ഞാന്‍ ഒരിക്കല്‍ ഓടിട്ടുണ്ട് റേഷന്‍ കട വരെ...തിരിച്ചു വരാനുള്ള വഴി അറിയതോണ്ടാകും അതിനപ്പുറം പോയില്ല...പിന്നെ പിന്നെ അമ്മ ചീത്ത പറഞ്ഞാല്‍ അപ്പോ ഓടും...അമ്മ വേഗം സഞ്ചിയും മണ്ണെണ്ണ കേനും എടുത്തു തരും വരുമ്പോ റേഷനും മേടിച്ചു വന്നോളാന്‍................... .........അല്ലാ സങ്കടങ്ങളും മനസ്സില്‍ ഒതുക്കി ചെരുപ്പുകൊണ്ടു ഉണ്ടാക്കിയ എന്‍റെ സ്വന്തം വണ്ടിയുമായി ഞാന്‍ പോയി വരും...(ആദ്യമായി സൈക്കിള്‍ ഓടിക്കാന്‍ പഠിക്കുമ്പോ ഒരു അമ്മായിയുടെ മേത്ത് കൊണ്ടോയി ഇടിച്ചു...ആ അമ്മായി നെ റേഷന്‍ കടയില്‍ കണ്ടതില്‍ പിന്നെ ഒരിക്കലും അവിടെ പോയിട്ടില്ല)

Hashim said...

sharu kalakkitto :)

ശ്രീജിത്ത് മൂത്തേടത്ത് said...

ഹ..ഹ..ഹ...
രസിപ്പിച്ചുട്ടോ..
നാടുവിടാത്തവരോ.. അതിനായൊരിക്കലെങ്കിലും ആഗ്രഹിച്ചുപോലുമില്ലാത്ത ആളുകള്‍ വിരളമായിരിക്കുമെന്ന് തോന്നുന്നു.

ചന്തു നായർ said...

നല്ല വിവരണം...നന്നായി...

ഒരു ദുബായിക്കാരന്‍ said...

ഇരിപ്പിടം വഴി എത്തിയതാ..പോസ്റ്റ്‌ അടിപൊളി..ഇങ്ങനെ എത്ര പ്രാവശ്യം നാട് വിട്ടുപോയി ബസ്‌ സ്റ്റോപ്പില്‍ എത്തി തരിച്ചു വന്നിരിക്കുന്നു..ആ പഴയ ഓര്‍മകളിലേക്ക് കൊണ്ട് പോയതിനു നന്ദി...ഒപ്പം അഭിനന്ദങ്ങളും.

c.v.thankappan,chullikattil.blogspot.com said...

നന്നായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍,.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍

Ismail Chemmad said...

നന്നായിട്ടുണ്ട് ,ട്ടോ
ചില വരികളില്‍ വല്ലാതെ ചിരിച്ചു ..

khaadu.. said...

കൊള്ളാം...
എഴുതുക ഇനിയും...

Sharu (Ansha Muneer) said...

അഭിപ്രായങ്ങൾക്കൊക്കെയും നന്ദി :)

സുധീർ (Sudheer) said...

I'm reading you blog after a long gap.Happy that you are still active & live in blogging.Good posts! keep up the good work

Best wishes

Anuraj said...

Can you change theme of the site? It is becoming iritation to eyes.

അജീഷ്.പി.ഡി said...

ഒന്നല്ല,അഞ്ചു തവണയെങ്കിലും ഒളിച്ചോടാന്‍ പറ്റിയ കാരണങ്ങളായിരുന്നു അവയെല്ലാം.ഈ കാരണങ്ങളെല്ലാം നന്നായിത്തന്നെ അവതരിപ്പിച്ചു......അഭിനന്ദനങ്ങള്‍.

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...