Mar 22, 2011

ഒരു പെൺപൂവിന്റെ സ്വപ്നം

“കല്യാണമൊക്കെ അറുബോറൻ ഏർപ്പാടാ‍ണ്, തനിച്ചുള്ള ജീവിതം മാക്സിമം എൻ‌ജോയ് ചെയ്ത ശേഷം സെറ്റിൽ ആകാം” എന്ന് വളരെ നിസ്സാരമായി പറഞ്ഞ് ജീവിതത്തിരക്കുകളിലേയ്ക്ക് ഊളിയിട്ടിറങ്ങുന്ന പെൺ‌യുവത്വത്തിനിടയിൽ ‘കല്യാണം കഴിയ്ക്കുക, ഭർത്താവൊന്നിച്ച് കുടുംബജീവിതം നയിക്കുക’ എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് നിറഞ്ഞ കണ്ണുകളോടെ എന്നോട് പറഞ്ഞ കൂട്ടുകാരിയെ അന്നുമുതലാണ് ഞാനറിയാൻ ശ്രമിച്ചത്... അന്നുമുതലാണവളെനിയ്ക്ക് കൂട്ടുകാരിയായതും.

സറീന എന്ന ഹൈദ്രാബാദുകാരിയെ ഞാനാദ്യം കാണുന്നത് തൊട്ടടുത്ത മുറിയിൽ താമസിയ്ക്കാനെത്തുമ്പോഴാണ്. അവളണിഞ്ഞിരുന്ന പർദ്ദ കൊണ്ട് മറച്ചുപിടിച്ചിരുന്നത് മറ്റാരെയും കാണിയ്ക്കാൻ അവളിഷ്ടപ്പെടാതിരുന്ന വലതു കയ്യിന്റെയും കാലിന്റെയും സ്വാധീനക്കുറവായിരുന്നു. കുട്ടിക്കാലത്ത് പോളിയോരോഗം സമ്മാനിച്ച തളർച്ച അവളുടെ സ്വപ്നങ്ങളെയാണ് ഏറെ തളർത്തിക്കളഞ്ഞത്. പൂർണ്ണ ആരോഗ്യമുള്ള അനുജത്തിയുടേയും അനുജന്റെയും കളിചിരികൾക്കിടയിൽ സറീന ഒറ്റപ്പെടുകയായിരുന്നു. സ്വന്തം മാതാവ് പോലും ആവശ്യത്തിനും അനാവശ്യത്തിനും ക്രൂരമായി ശിക്ഷിച്ചും ശാസിച്ചും സ്നേഹമെന്ന വലയത്തിൽ നിന്ന് അവളെ മാത്രമകറ്റി നിർത്തി. അതുകൊണ്ടാകാം 12 വയസ്സിലവൾ ഇളയമ്മയുടെ കൈ പിടിച്ച് മുംബൈ നഗരത്തിന്റെ തിരക്കുകളിൽ മുഴുകാൻ വന്നെത്തിയതും. ഇടതുകയ്യിൽ പേന പിടിച്ച് വേഗത്തിലെഴുതാനും സ്വാധീനക്കുറവിനെ തോൽ‌പ്പിച്ച് സാധാരണ രീതിയിൽ നടക്കാനും ശ്രമിച്ച് സാധാരണജീവിതത്തെ അവൾ കയ്യെത്തിപ്പിടിയ്ക്കുകയായിരുന്നു. അതിലവൾ ഒട്ടൊക്കെ വിജയിയ്ക്കുകയും ചെയ്തു. തിരക്കുപിടിച്ച പഠനകാലത്തിനൊടുവിൽ ഒരു എം.ബി.എ സ്വന്തമാക്കി ഹൈദ്രാബാദിലേയ്ക്ക് മടങ്ങി.

കുറേക്കാലത്തിനു ശേഷം മടങ്ങി വന്ന മകളോട് ഏറെ വാത്സല്യമൊന്നും പ്രകടിപ്പിക്കാൻ പിന്നീടും ആ അമ്മയ്ക്ക് കഴിഞ്ഞില്ല. വിവാഹപ്രായമെത്തിയ മൂത്തമകളെ അവഗണിച്ച് ഇളയ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചയച്ചു. സറീനയുടെ ഭാവിജീവിതം അവർക്ക് മുന്നിൽ ഒരു വിഷയമേ അല്ലായിരുന്നു. ഇതിനിടയിലെപ്പോഴോ പൊട്ടിവിടർന്നൊരു പ്രണയം. അവളുടെ വരണ്ടുപോയ ജീവിതത്തിലെ ചെറിയൊരു കുളിർകാറ്റ്. വിദ്യാഭ്യാസപരമായി ഏറെ പിന്നിലായിരുന്ന അയാളെ സ്വയം മറന്ന് സ്നേഹിച്ചപ്പൊഴും വിരഹമെന്ന നോവിനെയകറ്റാൻ അയാൾക്ക് പിന്നാലെ ദുബായ് നഗരത്തിലെത്തിച്ചേർന്നപ്പോഴും അവളെ നയിച്ചതൊക്കെയും ഒരായിരം നിറവുള്ള ഭാവിജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു. തേടിപ്പിടിച്ച ജോലിയിൽ നിന്നുള്ള വരുമാനത്തിന്റെ ഏറിയ പങ്കും അവൻ കൈക്കലാക്കിയപ്പോഴും കുടുംബത്തിന് താങ്ങാവാനവൾ മറന്നില്ല. അനുജത്തിയുടെ പ്രസവം, അനുജന്റെ പഠനം, പിതാവിന്റെ ചികിത്സ അങ്ങനെ അങ്ങനെ നിരവധി ആവശ്യങ്ങളുണ്ടായിരുന്നു അവൾക്കു മുന്നിൽ. അവധിക്കാലങ്ങൾക്കവധി കൊടുത്ത് അവൾ അവരുടെ ആവശ്യങ്ങളൊരോന്നായി നടത്തിക്കൊടുത്തു.

പക്ഷെ കഷ്ടപ്പാടുകളിൽ അവളുടെ മനസ്സിന് താങ്ങായി നിന്ന സ്വപ്നങ്ങളും വൈകാതെ പൊലിഞ്ഞു. വീട്ടുകാരുടെ സമ്മതമില്ലെന്ന കാരണം പറഞ്ഞ് അവളുടെ കാമുകൻ വിവാഹത്തിൽ നിന്ന് പിന്മാറി. താമസിയാതെ തന്നെ അയാൾ നാട്ടിലേയ്ക്ക് മടങ്ങി വേറൊരു വിവാഹം കഴിച്ച് വീണ്ടും ദുബായിൽ എത്തുകയും ചെയ്തു. മാനസികമായും സാമ്പത്തികമായും അവളെ ചൂഷണം ചെയ്ത ശേഷം അയാൾ വിദഗ്ദമായി ഒഴിഞ്ഞുമാറുകയായിരുന്നു. നൊമ്പരങ്ങളിൽ നീറിയൊടുങ്ങാൻ അനുവദിയ്ക്കാതെ അവൾക്ക് കൂട്ടായി നിന്നത് കുറെ ചങ്ങാതിമാരായിരുന്നു. ആദ്യമൊക്കെ ഒഴിഞ്ഞുമാറിയെങ്കിലും പിന്നീട് അവരുടെ നിർബന്ധത്തിന് വഴങ്ങി പുതിയൊരു ബന്ധത്തെക്കുറിച്ച് സറീന ചിന്തിയ്ക്കാൻ തുടങ്ങി. ചങ്ങാതിമാർ വഴിയും മാട്രിമോണിയൽ സൈറ്റുകൾ വഴിയും വിവാഹാലോചനകൾ വന്നു. പക്ഷെ അവളുടെ വൈകല്യം അതിന് വലിയൊരു വിഘ്നമായി നിന്നു.

ഇതിനിടയിൽ എല്ലാം അംഗീകരിയ്ക്കാൻ തയ്യാറായി തന്നെ ഒരാൾ വന്നു. അവളെക്കുറിച്ചെല്ലാമറിഞ്ഞിട്ടും ആ വിവാഹാലോചനയുമായി മുന്നോട്ട് പോകാൻ തന്നെയായിരുന്നു ആ മനുഷ്യന്റെ തീരുമാനം. മനസ്സിൽ വീണ്ടും സ്വപ്നങ്ങൾ പൂക്കാൻ തുടങ്ങി. നേരിൽ കാണാൻ വരുമെന്ന് പറഞ്ഞ ദിവസം അയാളെ കാണാൻ അവൾ അണിഞ്ഞൊരുങ്ങി യാത്രയായി. വിശ്വസ്ഥയായ കൂട്ടുകാരിയേയും കൂടെ കൂട്ടി. കണ്ടു; സംസാരിച്ചു; ഇഷ്ടമായി. പക്ഷെ അവിടെയും വിധി അവൾക്കെതിരാവുകയായിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ സറീനയേക്കാളധികം അയാൾക്കിഷ്ടമായത് അവളുടെ കൂട്ടുകാരിയെ ആയിരുന്നു. അവർ ഫോണിലും നേരിലും സംസാരിയ്ക്കാൻ തുടങ്ങിയപ്പോൾ മൌനമായി അവൾ വഴിമാറിക്കൊടുത്തു.അല്ലെങ്കിലും അവൾ അവർക്കൊരു തടസ്സമേ ആയിരുന്നില്ലല്ലോ. പിന്നെ അവർ തമ്മിലുണ്ടായ പ്രണയത്തിനും ഒടുവിൽ വിവാഹത്തിനുമൊക്കെ ഒരു കാഴ്ചക്കാരിയായി മാത്രം മാറി സറീന. തനിയ്ക്ക് കിട്ടേണ്ട സൌഭാഗ്യങ്ങളൊക്കെ മറ്റൊരാളിലേയ്ക്ക് എത്തിച്ചേരുന്നത് എല്ലാ നിരാശയും സങ്കടങ്ങളും ഉള്ളിലൊതുക്കി നോക്കിനിൽക്കാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു. ഇപ്പോഴും ഇടയ്ക്കിടെ അവരുടെ വീട്ടിലേയ്ക്ക് ക്ഷണിയ്ക്കപ്പെട്ട അതിഥിയായി അവൾ പോകുന്നു. നഷ്ടബോധത്തിന്റെ എരിതീയിൽ എണ്ണയൊഴിച്ച് മടങ്ങി വരുന്നു. പിന്നെ കുറച്ച് ദിവസങ്ങൾ മൌനത്തിന്റെ പുതപ്പാൽ സ്വയംമൂടി അതിനുള്ളിലെ ഏകാന്തതയിലലിയുന്നു.

തീർത്തും ഒറ്റപ്പെട്ടുപോയ മനസ്സോടെ സറീന ഇന്നും ജീവിയ്ക്കുന്നു. കഴിഞ്ഞ അവധിയ്ക്ക് നാട്ടിൽ പോകാൻ തുടങ്ങുമ്പോൾ അവളെന്നോട് പറഞ്ഞിരുന്നു. ഇത്തവണയെങ്കിലും വിവാഹമെന്ന സ്വപ്നം കയ്യെത്തിപ്പിടിയ്ക്കാൻ കഴിഞ്ഞാൽ ഇനിയൊരു തിരിച്ചു വരിവുണ്ടാകില്ലെന്ന്. പക്ഷെ അങ്ങനെയൊന്നുണ്ടായില്ല. അവളുടെ വീട്ടിൽ ആർക്കും അതിന് താല്പര്യവുമില്ല. വരുമാനമാർഗ്ഗമില്ലാതെ ആയെങ്കിലോ എന്നുള്ള ഭയം. ഇടയ്ക്കിടെയുള്ള ഫോൺ സംഭാഷണങ്ങളിൽ അവൾ പറയാറുണ്ട്, വിരസമാകുന്ന ജീവിതത്തെ കുറിച്ച്, തികച്ചും ന്യായമായിട്ടുപോലും കയ്യെത്തിപ്പിടിക്കാനാവാതെ പോവുന്ന സ്വപ്നത്തെക്കുറിച്ച്, കുത്തിനോവിയ്ക്കുന്ന ഏകാന്തതയെക്കുറിച്ച്. “ ഒരു പുരുഷന്റെ സ്നേഹം ലഭിയ്ക്കണമെങ്കിൽ അറിയേണ്ടുന്ന കുറുക്കുവഴികൾ എന്തൊക്കെയാണ്” എന്ന് തമാശയായി അവളെന്നോട് ചോദിച്ചപ്പോൾ പതിഞ്ഞ ഒരു ചിരിയിൽ ഞാനെന്റെ മറുപടിയൊതുക്കി.

വിവാഹമല്ല ഒരു പെൺപൂവിന്റെ ആത്യന്തികമായ ലക്ഷ്യമെന്നൊക്കെ പറയാമെങ്കിലും അരക്ഷിതമായ ഒരു ഏകാന്തതയിലിരുന്ന് ഇന്ന് അവൾക്ക് കാണാവുന്ന ഏറ്റവും മനോഹരമായ സ്വപ്നം വിവാഹം തന്നെയാണെന്ന് ഞാൻ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരു മനസ്സിലാക്കാൻ. ഞാനൊരിയ്ക്കൻ പിന്നിട്ട വഴികളിലാണവളിലൂടെയാണവളിപ്പോൾ നടക്കുന്നത്. കാരണവും സാഹചര്യവും വ്യത്യസ്തമായിരുന്നെങ്കിലും അവളിന്നറിയുന്ന ആ ഘനീഭവിച്ച ഏകാന്തത എനിയ്ക്ക് പരിചിതമാണ്. അവളെ അറിയുന്ന, അവളുടെ മനസ്സിന്റെ നന്മ കാ‍ണാൻ കഴിയുന്ന ഒരാൾ അവളെ തേടിയെത്തുമെന്ന് പറയാനേ എനിയ്ക്ക് കഴിയൂ. അങ്ങനെ ആശ്വസിക്കാനും വിശ്വസിയ്ക്കാനുമാണെനിയ്ക്കിഷ്ടം. കാരണം അവൾ അത്തരത്തിലൊരു സ്നേഹവും ജീവിതവും അർഹിയ്ക്കുന്നു. അതല്ലെങ്കിൽ ദൈവമെങ്ങനെ നീതിമാനാകും!!!!

7 comments:

Unknown said...

അച്ഛനോ,അമ്മയോ അറിയിക്കാന്‍ പറ്റാതെ പോകുന്ന ദുഃഖങ്ങള്‍ നമ്മളുടെ ഇടയില്‍ വന്നു പോകാറുണ്ട്.ഒറ്റക്കു മടച്ച് മടുക്കുമ്പോള്‍ അധികമില്ലെങ്കിലും ആശ്വാസവാക്കുകള്‍ പറയാന്‍ ആരെങ്കിലും ഉണ്ടാകണമെന്ന് വിചാരങ്ങള്‍ ഉണ്ടാകാറുണ്ട്.ഇതില്‍ നിന്നൊക്കെയാകാം വിവാഹം എന്ന സങ്കല്പം ഉടലെടുത്തതു തന്നെ .പക്ഷെ ഇന്നിപ്പോള്‍ കച്ചവടം മാത്രം.ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ ധാരാളം.ഒന്നിനോറ്റും കമിറ്റ്മെന്റ് പാടില്ല എന്നതായിരിക്കാം കാരണം.പാര്‍ട്ടണര്‍ എന്ന സങ്കല്പം ലാഭവും നഷ്ടവും വീതിച്ചെടുക്കുന്നവര്‍ എന്നു തന്നെ ആകണം.

ഇവിടെ ആ കുട്ടിക്ക് ഒരു നല്ല ജീവിതം ഉണ്ടാകട്ടെ എന്നു തന്നെ ആശംസിക്കാം

shabin said...

"വിവാഹമല്ല ഒരു പെൺപൂവിന്റെ ആത്യന്തികമായ വിജയമെന്നൊക്കെ പറയാമെങ്കിലും അരക്ഷിതമായ ഒരു ഏകാന്തതയിലിരുന്ന് അവൾക്ക് കാണാവുന്ന ഏറ്റവും മനോഹരമായ സ്വപ്നം വിവാഹം തന്നെയാണെന്ന് ഞാൻ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരു മനസ്സിലാക്കാൻ" കറക്റ്റ്...
അവളുടെ മനസിന്റെ നന്മ കാണാന്‍ വരുന്നവന്‍ നല്ലൊരു മനസ്സിന്റെ ഉടമയായിരിക്കാന്‍ നമുക്കോരുരുതര്‍ക്കും പ്രാര്‍ത്ഥിക്കാം... :). ഇങ്ങനെയുള്ളവര്‍ക്ക് നല്ലൊരു ജീവിതം കൊടുത്തിലെങ്കില്‍ ദൈവം ദൈവമാണെന്ന് പറഞ്ഞു മുകളില്‍ ഇരുന്നിട്ടെന്തു കാര്യം.

ജാസ് വര്‍ക്കല said...

ഇഷ്ടമായി. ഏറെ നാളുകള്‍ക്കു ശേഷം ആണ് ഷാരുവിന്റെ ഒരു സൃഷ്ടി വായിക്കുന്നത്.
ആശംസകള്‍.

ചേച്ചിപ്പെണ്ണ്‍ said...

:)

Unknown said...

അവളുടെ കഷ്ടപ്പാടുകള്‍ക്കും കണ്ണീരിനും അറുതിയുണ്ടാവട്ടെ എന്ന്‍ ആഗ്രഹിയ്ക്കുന്നു..

കാഴ്ചക്കാരന്‍ said...

Touching

@$L@m said...

Nicely written!
Felt very happy to hear the update...
Keep blogging :-)

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...