ഇന്ന് മധ്യാഹ്നത്തിൽ കണ്ണടച്ചാൽ ഓർമ്മയിലെത്തുന്ന ഗന്ധർവ്വന്മാരെ കുറിച്ച്; ഗന്ധങ്ങളെക്കുറിച്ച് വായിച്ച് തീർന്നപ്പോഴാണ് ഓർമ്മകളിൽ പലതരം ഗന്ധങ്ങൾ കഥപറയാൻ തുടങ്ങുന്നത്. കണ്ണടച്ചപ്പോൾ ആദ്യം ഓർമ്മയിലെത്തിയത് വല്യുമ്മ എന്നതിനു പകരം ഉമ്മ എന്നുതന്നെ ഞാൻ വിളിച്ചിരുന്ന എന്റെ ഉമ്മച്ചിയുടെ ഉമ്മയുടെ മണമായിരുന്നു. അത് കാച്ചിയ വെളിച്ചെണ്ണയുടേയും ലൈഫ് ബോയ് സോപ്പിന്റെയും ഒരു മിശ്രിത ഗന്ധമായിരുന്നു. അതിലുമുപരി സ്നേഹത്തിന്റെയും വാത്സല്യത്തിന്റേയും ഗന്ധമായിരുന്നു. ഉമ്മ ഒരിക്കൽ പോലും മറ്റൊരു സോപ്പു ഉപയോഗിച്ച് കണ്ടിട്ടേയില്ല. പ്രവാസികളായ പേരക്കുട്ടികളും മരുമക്കളും സമ്മാനിച്ചിരുന്ന വാസനസോപ്പുകളിലൊന്നുപോലും ഉപയോഗിച്ചതേയില്ല. അതിനു നിർബന്ധിച്ചാൽ “മരിച്ച് മയ്യത്ത് കുളിപ്പിക്കുമ്പോൾ മാത്രം ഫോറിൻ സോപ്പ് തേച്ച് കുളിപ്പിക്കണം” എന്ന് പാതി തമാശയായും പാതി കാര്യമായും പറഞ്ഞ് സുന്ദരമായി ചിരിച്ചൊഴിയുമായിരുന്ന തലമുഴുവൻ പഞ്ഞിപോലെ നരച്ച ആ വിരുതത്തി. ഒടുവിൽ ഉമ്മായുടെ മയ്യത്ത് കുളിപ്പിക്കുന്ന നേരത്ത് പേരോർമ്മയില്ലാത്ത ഏതോ ഒരു വിദേശനിർമ്മിത സോപ്പിന്റെയും വെള്ളതിൽ ചേർത്ത കർപ്പൂരത്തിന്റെയും ഗന്ധത്തിൽ മൂക്കിൽ നിന്ന് എന്നെന്നേയ്ക്കുമായി ആ ലൈഫ്ബോയ് സോപ്പിന്റെ ഗന്ധം ഒഴിഞ്ഞുപോകുന്നത് ഒട്ടൊരു ദു:ഖത്തോടെ തിരിച്ചറിഞ്ഞു. എങ്കിലും മനസ്സിലെ ഗന്ധങ്ങളെ ഒഴിവാക്കാൻ മരണത്തിനും കഴിയില്ലല്ലോ.
കുട്ടിക്കാലത്തിന്റെ ഹൃദ്യമായ ഗന്ധങ്ങളിലൊന്ന് വാപ്പിച്ചിയുടെ ജ്യേഷ്ഠന്റെ മകൻ വിദേശത്തുനിന്ന് വരുമ്പോൾ പെട്ടിതുറക്കുമ്പോൾ നിറയുന്ന മണമാണ്. ബ്രൂട്ടിന്റെയും യാഡ്ലീയുടേയും ലക്സിന്റെയും ഗന്ധങ്ങളെനിയ്ക്ക് ഇക്കായുടെ സ്നേഹവാത്സല്യങ്ങളുടെ ഓർമ്മകളാണ്. എനിയ്ക്കായ് പ്രത്യേകമെടുത്തുവെച്ച സമ്മാനങ്ങളും പുത്തനുടുപ്പും ഹീറോപ്പേനയുമൊക്കെ ഒക്കെ പകർന്നുതന്ന സന്തോഷത്തിന്റെ സുഖമുള്ള ഓർമ്മകൾ. പത്താംക്ലാസ്സിൽ ഉയർന്ന മാർക്ക് വാങ്ങി പാസ്സായപ്പോൾ പലരിൽ നിന്നും പേനയും ബുക്കുകളും വസ്ത്രങ്ങളുമെല്ലാം സമ്മാനമായി കിട്ടിയപ്പോൾ ഇക്കായുടെ വകയായി എനിയ്ക്ക് കിട്ടിയത് ഒരു പഴയ കത്തായിരുന്നു. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരുപാടു അക്ഷരത്തെറ്റുകളോടെ അതിലേറെ നിഷ്കളങ്കമായ സ്നേഹത്തോടെ ഞാൻ ഇക്കായ്ക്ക് അയച്ച ഒരു പഴയ കത്ത്. ആ വർഷങ്ങളത്രയും അത് സൂക്ഷിച്ചുവെച്ചിരുന്നു എന്ന അറിവ് എനിയ്ക്ക് പകർന്ന സന്തോഷം ഒരുപാട് വലുതായിരുന്നു. നീണ്ടപ്രവാസജീവിതത്തിനുശേഷം ഏതൊരു ശരാശരി ഗൾഫ്കാരനെയും പോലെ നാട്ടിലേയ്ക്കയച്ച; പ്രാരാബ്ധക്കടലിലൊഴുകിപ്പോയ ഒരുപാട് പണത്തിന്റെ കണക്ക് മാത്രം സ്വന്തമാക്കി ഇക്കയും. ഇന്ന് കാലങ്ങളേറെ കഴിഞ്ഞ് ഞാനുമൊരു പ്രവാസിയായി. നാട്ടിലേയ്ക്കുള്ള യാത്രകളിൽ പെട്ടിയൊരുക്കുമ്പോഴും നാട്ടിലെത്തി അത് തുറക്കുമ്പോഴും നിറയുന്ന ആ ഫോറിൻ മണം ഇന്നും എനിക്ക് ഒരു ജ്യേഷ്ഠന്റെ സ്നേഹത്തിന്റെ മണമാണ്.സ്വന്തം ഉപയോഗങ്ങൾക്കായി വാങ്ങാറില്ലെങ്കിലും ഇടയ്ക്കൊക്കെ കടയിൽ പോകുമ്പോൾ ഞാനിന്നും യാഡ്ലീയുടെയും ലക്സിന്റെയുമൊക്കെ ഗന്ധം വെറുതെയൊന്ന് മൂക്കിലാവാഹിയ്ക്കും. ടിക്കറ്റില്ലാതെ കുട്ടിക്കാലത്തിലേയ്ക്ക് ഫ്ലൈറ്റ് കയറാൻ.
മുല്ല്ലപ്പൂവിന്റെ ഗന്ധം കല്യാണത്തലേന്നുള്ള രാത്രിയുടെ ഓർമ്മയാണ്. മണവാട്ടിക്കും മറ്റു സ്ത്രീ ജനങ്ങൾക്കുമായി കല്യാണദിവസം ചൂടുവാൻ തലേന്ന് തന്നെ വാങ്ങിവെച്ചിട്ടുള്ള മുല്ലമാലകളിലെ മൊട്ടുകൾ വിരിയുന്നതിന്റെ സൌരഭ്യം. മുല്ലപ്പൂഗന്ധം നുകരുമ്പോൾ ഒപ്പനപ്പാട്ടുകളുടെ താളവും കുട്ടിപ്പട്ടാളത്തിന്റെ കളിയാരവങ്ങളും ബന്ധുജനങ്ങളുടെ സാന്നിധ്യവും നിറഞ്ഞൊഴുകുന്ന ഒരു കല്യാണവീടിന്റെ ചിത്രം ഇന്നും മനസ്സിലെത്തും.കൂടെ കുറേ ചിരിയ്ക്കുന്ന മുഖങ്ങളും. അറയൊരുക്കലും മൈലാഞ്ചിയിടലും രാത്രി വൈകുവോളം നീളുന്ന സദ്യയൊരുക്കലുമൊക്കെയായി കുസൃതികളും തമാശകളും സന്തോഷവും പരന്നൊഴുകുന്ന കല്യാണരാവിന്റെ മനോഹരമായൊരു ചിത്രം.
വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറിന്റെയും കറികളുടേയും ഗന്ധം സ്കൂൾകാലത്തിന്റേതാണ്. പലതരം കറികളുടേയും അച്ചാറുകളുടേയും സമ്മിശ്ര ഗന്ധത്തിന്റെ ഓർമ്മയിൽ ഞാനിന്നും കൂട്ടുകാരൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നൊരു ഹൈസ്കൂൾ വിദ്യാർത്ഥിനിയാകും. പുതിയ പുസ്തകത്തിന്റെയും ബാഗിന്റെയും മണം, പുതിയ അധ്യയന വർഷത്തിനുമാത്രം സ്വന്തമാണ്. മഴയുടെ ശീൽക്കാരങ്ങളിൽ ഒഴുകിപ്പോയ കുറേ ജൂൺ മാസങ്ങളുടെ ഓർമ്മകൾ. നനഞ്ഞൊട്ടിയ നീലപ്പാവാടയുമിട്ട് വേനലവധിക്കാലത്തിന്റെ ആലസ്യങ്ങളിൽ നിന്ന് മുഴുവനായും വേറിടാത്തൊരു മനസ്സോടെ പുസ്തകത്താളുകൾ ആദ്യമായി തുറക്കുമ്പോൾ മൂക്കിലേയ്ക്കിരച്ചെത്തുന്ന ആ ഗന്ധം ഒന്നുകൂടി നുകരാൻ, ഓർമ്മകളിൽ ചിറകടിച്ചു പറക്കാൻ ഇന്നും പുതിയ പുസ്തകങ്ങളെ ഒരു നിമിഷം മുഖത്തോടു ചേർക്കുന്നു. അവാച്യമായ ഒരു നിർവൃതി കണ്ണടച്ചാസ്വദിയ്ക്കുന്നു.
വയലിലെ ചേറിന്റെ മണമെനിയ്ക്ക് ഒരു വീഴ്ചയുടെ ഓർമ്മയാണ് സമ്മാനിയ്ക്കുക. അഞ്ചാംക്ലാസ്സിൽ വെച്ച് ഓഫീസ് റൂമിൽ നിന്ന് ചോക്കെടുക്കാൻ പോയി വരവേ തട്ടിയലച്ചു വീണതിന്റെ ഓർമ്മ ഇന്നും മായാതെ കണ്ണിനുതാഴെയായി അടയാളമായി അവശേഷിയ്ക്കുന്നു. ആ മുറിവും മുഖം മുഴുവൻ നീരുമായി ആമ്പൽപ്പൂവ് പറിയ്ക്കാൻ വയലും താണ്ടിപ്പോയതുകൊണ്ടാണ് ആ വീഴ്ച വയലിലെ ചേറുമായി ബന്ധം സ്ഥാപിച്ചത്. റെയ്നോൾഡ് പേനകൊണ്ടെഴുതുന്ന മീരയെന്ന അഞ്ചാംക്ലാസ്സിലെ കൂട്ടുകാരിയെ മനസ്സിലേയ്ക്കെത്തിക്കുന്നത് കുട്ടിക്യൂറാ പൌഡറിന്റെ മണമാണ്. അവളോടൊപ്പം ആദ്യമായി അമ്പലത്തിൽ പോയതിന്റെ ഓർമ്മയ്ക്ക് അവിടുത്തെ വിളക്കിലെ എണ്ണയുടെയും മഞ്ഞൾ പ്രസാദത്തിന്റെയും മണവും.
അങ്ങനെ എത്രയെത്ര ഗന്ധങ്ങൾ, ഓർമ്മകൾ, മുഖങ്ങൾ. ഗന്ധങ്ങളെ ഗന്ധർവ്വനോടുപമിച്ച ഞാനറിയാത്ത ആ ചങ്ങാതിയ്ക്കൊരുപാട് നന്ദി.... ഒരുപാട് ഗന്ധങ്ങളെ ഓർമ്മകളിലേയ്ക്കെത്തിച്ചതിന്; ഒരുപാട് മുഖങ്ങളെ മനസ്സിൽ നിറച്ചതിന്.....
ഗന്ധമെന്ന ഗന്ധർവ്വനെ സമ്മാനിച്ച കൂട്ടുകാരനിവിടെയുണ്ട്....
http://www.mathrubhumi.com/nri/orthunokkumbol/article_165817/
Mar 21, 2011
Subscribe to:
Post Comments (Atom)
1 comments:
ee blog postile manam adicha njanum ee vazhikonnu vannathu...
jeevithathinte boothakalathilekoru flash back athum managalodu koodi,njanum poyi aa vazhikku thanne
nannayitundu...ormayude chillukootilekku kayariya marikatha ormakal...
Post a Comment
ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...