മൌനത്തിന്റെ കനത്ത ചങ്ങലയാൽ താൻ ബന്ധിതയായിട്ട് ഒരുദിവസമെങ്കിലുമായിക്കാണുമെന്ന് സ്വാതി ഓർത്തു. ഒരു വാക്കായോ ചിരിയായോ ആരുടേയും സ്വരങ്ങളവളെ തേടിച്ചെന്നില്ല. കണ്ണുകളൂം കാതുകളും കൊട്ടിയടയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നതാണ് സത്യം. ഇന്നലെ മുതൽ ബുദ്ധിയും മനസ്സും ജിതന്റെ ആ ചോദ്യത്തിനു പിന്നാലെയാണ്. ഒരുത്തരം തേടുമ്പോൾ അനേകായിരം ചോദ്യങ്ങൾ കൊമ്പുകുലുക്കി മുന്നിൽ വന്നു നിൽക്കുന്ന നിമിഷം വീണ്ടുമവൾ പിന്നോട്ട് നടക്കുന്നു. വീണ്ടും ഉത്തരങ്ങൾ തേടി മനസ്സിനെ കടിഞ്ഞാണില്ലാതെ പായാൻ വിടുന്നു. മണിക്കൂറുകൾ പൊഴിഞ്ഞു വീഴുന്നതറിയാതെ ചിന്തകളുടെ കുത്തൊഴുക്കിലേയ്ക്ക് കൂപ്പുകുത്തുന്നു.
ജിതന്റെ ജീവിതത്തിലെ രണ്ടുപേരിൽ ഒരാളാകാനുള്ള ക്ഷണമാണ് വന്നിരിയ്ക്കുന്നത്. പ്രണയവും ജീവിതവും പങ്കിട്ടെടുക്കുന്നവരിലൊരാൾ. ഒറ്റവാക്കിൽ ഇല്ലെന്ന് പറഞ്ഞു നടക്കാനൊരുങ്ങുമ്പോഴൊക്കെ പ്രണയത്തിന്റെ കാണാവള്ളികൾ സ്വാതിയുടെ കാലുകളിൽ ചുറ്റിപ്പിണയുന്നു. വരിഞ്ഞുമുറുക്കി കൊല്ലുമെന്നുറപ്പുള്ള ഒരു വളർച്ച നൊടിയിടയിൽ ആ വള്ളികൾക്കുണ്ടാകുമെന്ന സത്യം നിഷേധിയ്ക്കാനാവാത്തിടത്ത് അവൾ വീണ്ടും നിശ്ചലയാവുന്നു. പക്ഷെ ആ ക്ഷണം സ്വീകരിയ്ക്കാമെന്ന് വെച്ചാൽ വീണ്ടും ചോദ്യങ്ങളവളെ പിടിമുറുക്കുന്നു. പകുത്തെടുത്ത ദിവസങ്ങളിൽ മാത്രം കിട്ടുന്ന പ്രണയത്തിൽ തന്റെ മനസ്സ് തൃപ്തയാവില്ലെന്നവൾക്ക് നന്നായി തന്നെ അറിയാം. ജീവിതത്തിൽ എന്തു തന്നെ പങ്കിട്ടാലും അതിനാവാത്ത ചിലതുണ്ടല്ലോ. അതിലൊന്നല്ലേ പ്രണയം. സ്വാർത്ഥമല്ലാത്ത, സ്വന്തമാക്കലുകളില്ലാത്ത പ്രണയങ്ങളെക്കുറിച്ച് വായിച്ചപ്പോഴൊക്കെ അതെങ്ങിനെയാണെന്നവൾ അത്ഭുതപ്പെട്ടിട്ടേയുള്ളു. അതിനിയെങ്ങനെയായാലും അനുവദിയ്ക്കപ്പെട്ട സമയത്തേയ്ക്ക് മാത്രം അതിർത്തിവരച്ചിടാനാവുന്നതല്ല തന്റെ പ്രണയമെന്നവൾക്ക് നന്നായറിയാം. പ്രണയത്തിന്റെ ശാരീരികവും മാനസികവുമായ തലങ്ങളിലൊക്കെയും ഒരു പങ്കുവെയ്പ്പ്; ഇല്ല ആ ചിന്തകൾ പോലും ആത്മാവിന്റെ ചുട്ടുപൊള്ളിയ്ക്കുന്നതായി അവൾക്ക് തോന്നി.
നാളെ ജിതൻ വിളിയ്ക്കും. ഒരു പങ്കുകച്ചവടത്തിന് തയ്യാറല്ലെന്ന മറുപടി അയാളിൽ എന്ത് പ്രതികരണമുണ്ടാക്കുമെന്നവളാലോചിച്ചു നോക്കി. പൂർണ്ണമായും തന്റേതായിക്കൂടേ എന്ന് ഒരു പെണ്ണിന്റെ സ്വാർത്ഥത മുഴുവനായി തുറന്നുകാണിച്ച് അവനോട് ചോദിച്ചപ്പോൾ കുടുംബബന്ധങ്ങളുടെ അകലാൻ പോകുന്ന കണ്ണികളെ ഭയമാണെന്നായിരുന്നു മറുപടി. അതുകൊണ്ടാണുപോലും വീട്ടുകാർ നിശ്ചയിച്ച പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ സമ്മതം മൂളേണ്ടി വന്നത്. അവന് ന്യായങ്ങളൊരുപാട് നിരത്താനുണ്ടായിരുന്നു. അച്ഛന്റെ പിടിവാശി, അമ്മയുടെ ഹൃദ്രോഗം, കല്യാണപ്രായമായി വരുന്ന അനിയത്തി അങ്ങനെ പലതും. പക്ഷെ ഇതൊക്കെയും പ്രണയം തുടങ്ങിയകാലത്തുമുണ്ടായിരുന്നതല്ലേ എന്ന് തിരിച്ചു ചോദിയ്ക്കാനവൾ ആഞ്ഞതാണ്. പക്ഷെ ആ വിവാഹം നടക്കുന്നതിന് മുൻപ് തന്നെ ഭാര്യയായി സ്വീകരിയ്ക്കാൻ തയ്യാറാണെന്നവൻ പറഞ്ഞപ്പോൾ ഒരു നിമിഷനേരത്തേയ്ക്ക് അവളൊന്ന് ആശയക്കുഴപ്പത്തിലായി. പക്ഷെ തൊട്ടടുത്ത നിമിഷം ജിതൻ അത് തീർത്തുകൊടുക്കുകയും ചെയ്തു. വീട്ടുകാർ നിശ്ചയിച്ച വിവാഹം നടന്നതിന് ശേഷം മാത്രമേ മൂന്നാമതൊരാൾ ഇതറിയാൻ പാടുള്ളു എന്നവൻ പറഞ്ഞപ്പോൾ കേട്ടതൊന്നും വിശ്വസിയ്ക്കാനാവാതെ സ്വയം മറന്നവൾ നിന്നുപോയി. നാട്ടിൽ പോയി വിവാഹം കഴിച്ചാലും ഒരിക്കലും ആ പെൺകുട്ടിയെ ഈ നഗരത്തിലേയ്ക്ക് കൊണ്ടുവരില്ലെന്നും വർഷത്തിലൊരിയ്ക്കൽ കിട്ടുന്ന അവധിക്കാലത്ത് മാത്രമേ ജിതനെ വിട്ടുകൊടുക്കേണ്ടി വരികയുള്ളുവെന്നുമൊക്കെ തന്നോട് ആശ്വാസരൂപേണ പറഞ്ഞത് ഒരു ഭ്രാന്തന്റെ അർത്ഥശൂന്യമായ പുലമ്പലുകളെന്നപോലെ സ്വാതി കേട്ടുനിന്നു. സ്വയം മറന്നിത്ര നാളും സ്നേഹിച്ചതിന്റെ നന്ദിയാവണം ആദ്യം അവളെ തന്നെ വിവാഹം കഴിയ്ക്കാമെന്ന തീരുമാനത്തിലെത്താൻ ജിതനെ പ്രേരിപ്പിച്ചത്. ഇതുവരെ നേരിൽ കാണാത്ത ഒരു പെൺകുട്ടിയോടൊത്തുള്ള ജീവിതത്തിനുവേണ്ടി തന്നോട് വിലപേശുകയാണവൻ ചെയ്യുന്നതെന്ന് സ്വാതിയ്ക്കു തോന്നി.യാത്രപറയാതെയവൾ നടന്നകന്നത് തികച്ചും ശൂന്യമായ ഒരു മനസ്സോടെയായിരുന്നു.
താൻ ജിതനെ ആണ് സ്നേഹിച്ചത്; തിരിച്ചൊരു സ്നേഹം തന്നോടില്ലായിരുന്നുവെന്ന് സ്വയം വിശ്വസിയ്ക്കാനും അതേ സമയം അവിശ്വസിയ്ക്കുവാനും ശ്രമിയ്ക്കുകയായിരുന്നു അവളിത്രനേരവും. ഏതെങ്കിലുമൊന്നിൽ മനസ്സുറയ്ക്കാതെ ഒരു തീരുമാനമെടുക്കാനാവില്ലെന്ന് സ്വാതിയ്ക്ക് തോന്നി. ജിതനില്ലാതെയാവുമ്പോൾ തന്റെ ജീവിതത്തിലുണ്ടായേക്കാവുന്ന ശൂന്യത അവളെ വല്ലാതെ ഭയപ്പെടുത്തി. വിട്ടുകൊടുക്കാൻ കഴിയാത്തവിധത്തിൽ ഒരു സ്വാർത്ഥത അവന്റെ കാര്യത്തിലുണ്ടെന്ന സത്യം നിഷേധിയ്ക്കാൻ അവൾക്കാകുമായിരുന്നില്ല. പക്ഷെ പങ്കിട്ടെടുക്കാൻ ശ്രമിച്ചാൽ നഷ്ടങ്ങളില്ല, എന്നാൽ നേട്ടങ്ങളുമില്ലെന്നത് അവളെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കികൊണ്ടിരുന്നു. ഇതൊരു കുരുക്കാണ്. കഴുത്തിൽ മുറുക്കി ഞെരമ്പുകളെ വരിഞ്ഞുപൊട്ടിച്ച് ജീവനെടുക്കാൻ പോന്ന ഭ്രാന്തമായൊരു കുരുക്ക്.
മൊബൈൽ ഫോണെടുത്ത് ജിതനെ വിളിയ്ക്കുമ്പോൾ ഹൃദയം നെഞ്ചിൻകൂട് തുറന്ന് പുറത്ത് ചാടുമെന്ന് സ്വാതിയ്ക്ക് തോന്നി. സ്വന്തം മനസ്സും ബുദ്ധിയും തമ്മിൽ കഴിഞ്ഞ കുറേ മണിക്കൂറുകളായി നടന്നുവന്ന യുദ്ധത്തിന്റെ ഫലമായി ശരീരം ഒരു ശ്മശാനമായി മാറിക്കഴിഞ്ഞെന്നവൾക്ക് ബോധ്യമായത് നാവ് പോലും മരവിച്ചിരിയ്ക്കുന്നു എന്ന തിരിച്ചറിവിലാണ്. ജിതൻ പലവട്ടം ഹലോ പറഞ്ഞതിന് ശേഷമാണ് അവൾക്ക് സംസാരിയ്ക്കാനായത് തന്നെ. വൈകിട്ട് നേരിൽ കാണണമെന്നും സംസാരിയ്ക്കാനുണ്ടെന്നും പറഞ്ഞ് ആ സംഭാഷണമവസാനിപ്പിച്ചപ്പോൾ സ്വാതി സ്വയമൊന്ന് ആലോചിച്ചുനോക്കി എന്താണ് തന്റെ തീരുമാനമെന്ന്. ഇല്ല; ഇതുവരെ ഒന്നും തീരുമാനിയ്ക്കാൻ കഴിഞ്ഞിട്ടില്ല, ആദ്യം നേരിൽ കാണട്ടെ; എന്നിട്ടാകാം. അങ്ങനെ മനസ്സിലുറപ്പിച്ചിട്ടാണ് അവൾ മൌനത്തിന്റെ കൂടുപൊട്ടിച്ചിറങ്ങിയത്.
താഴത്തെ നിലയിൽ ചെന്നപ്പോൾ ആരുമില്ല. എല്ലാവരും ജോലിയ്ക്ക് പോയിരിയ്ക്കുന്നു. അടുക്കളയിൽ ശ്രീദേവിയമ്മ മാത്രമുണ്ട്.അവൾ ചെന്നത് അവരറിഞ്ഞിട്ടില്ല. തിരക്കിട്ട പാചകത്തിലാണ്. പ്രണയിച്ചവന്റെ കൂടെ നാടുവിട്ടുവന്ന സ്ത്രീയാണ്. ഒടുവിൽ രണ്ട് കുട്ടികളായപ്പോൾ അയാൾ അവരെ തനിച്ചാക്കി മറ്റൊരു സ്ത്രീയോടൊപ്പം പോയി. കുട്ടികളെ നാട്ടിൽ വിട്ട് ഈ നഗരത്തിന്റെ ഭാഗമായത് സ്വന്തം കാലിൽ ജീവിയ്ക്കാനും, കുട്ടികളെ പഠിപ്പിച്ച് അവരുടെ ജീവിതം കരുപ്പിടിപ്പിക്കാനും വേണ്ടിയായിരുന്നു. ഒടുവിൽ കുട്ടികളും അവരുടെ വഴിതേടിപ്പറന്നപ്പോൾ ശ്രീദേവിയമ്മ ഇവിടെ തന്നെ ഒതുങ്ങി. ഈ നഗരത്തിലേയ്ക്ക് പറന്നെത്തുന്ന കുറെ പെൺമക്കൾക്ക് വെച്ചുവിളമ്പാൻ; അവർക്കമ്മയാകാൻ. ഒരിക്കലും ഇതിനെ ഹോസ്റ്റലെന്ന് വിളിയ്ക്കാൻ കഴിയാത്തതും ശ്രീദേവിയമ്മയുടെ സാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണെന്ന് സ്വാതി ഓർത്തു. ഒരർത്ഥത്തിൽ ഇത് അന്യനാട്ടിലെ വീടുതന്നെയാണ്. കാത്തിരിയ്ക്കാൻ അമ്മയുള്ള സ്ഥലം വീടല്ലാതെ മറ്റെന്താണ്!
ഒന്നും പറയാതെ സ്വാതി തിരികെ നടന്നു. സംസാരിയ്ക്കാൻ നിന്നാൽ ഇന്നലെ രാത്രിഭക്ഷണത്തിനും ഇന്നത്തെ പ്രാതലിനുമൊന്നും കാണാതിരുന്നതിന്റെ കാരണമന്വേഷിയ്ക്കും. പോയതുപോലെ തന്നെ തിരികെ മുറിയിലെത്തി. മായയുടെ കട്ടിലൊഴിഞ്ഞുകിടക്കുന്നു. അച്ഛനു സുഖമില്ലെന്നറിഞ്ഞ് നാട്ടിലേയ്ക്ക് പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതുവരെ ഒന്ന് വിളിച്ചന്വേഷിയ്ക്കുകപോലും ചെയ്തില്ലല്ലോ എന്ന് കുറ്റബോധത്തോടെ അവളോർത്തു. മായ കൂടെ ഉണ്ടായിരുന്നെങ്കിൽ താനിത്രയ്ക്ക് അശക്തയാകുമായിരുന്നില്ലെന്ന് സ്വാതിയ്ക്ക് തോന്നി. മായ കുറച്ചുകൂടി ബോൾഡാണ്. എല്ലാത്തിനോടും വളരെ പ്രായോഗികമായ സമീപനം. ഒരുപക്ഷെ അവളകപ്പെട്ടിരിയ്ക്കുന്ന പത്മവ്യൂഹത്തെക്കുറിച്ച് മായയെ വിളിച്ചുപറഞ്ഞാൽ ആദ്യത്തെ പ്രതികരണം ഒരു ചിരിയായിരിക്കും. പ്രണയമെന്നത് കാലഹരണപ്പെട്ട ഒരു വികാരമാണെന്നാണ് അവളെപ്പോഴും പറയാറുള്ളത്. മായയ്ക്കെന്നും തന്റെ പ്രണയത്തെക്കുറിച്ച് പരിഹസിയ്ക്കാനേ നേരമുണ്ടായിരുന്നുള്ളു എന്നോർത്തപ്പോൾ ഒന്നും ആരോടും പറയേണ്ടെന്ന് അവൾ തീരുമാനിച്ചു.
ജിതൻ പതിവില്ലാതെ നേരത്തെ എത്തിയിരിയ്ക്കുന്നുവെന്ന് സ്വാതി തെല്ലത്ഭുതത്തോടെ ഓർത്തു. അലസമായ വസ്ത്രധാരണവും തളർന്ന കണ്ണുകളും അവൻ അനുഭവിയ്ക്കുന്ന മാനസിക സംഘർഷം വെളിപ്പെടുത്തുന്നുണ്ടായിരുന്നു. ഒന്നും സംഭവിയ്ക്കാത്തതുപോലെ എന്തെല്ലാമോ പറയാൻ അവൾ ശ്രമിച്ചുനോക്കി. എന്നിട്ടും തികച്ചും അപ്രതീക്ഷിതമായൊരു നിമിഷത്തിൽ അവനുനേരെ ഒരു ചോദ്യമെറിഞ്ഞ് കലുഷിതമായൊരു ലോകത്തിന്റെ വാതിലവൾ തന്നെ തുറന്നു. “എനിയ്ക്കീ വിവാഹത്തിന് സമ്മതമല്ലെങ്കിൽ എന്താകും ജിതന്റെ തീരുമാനം?”. തീരെ പ്രതീക്ഷിയ്ക്കാത്ത എന്തോ ഒന്ന് കേട്ടതുപോലെ അവനൊന്ന് പകച്ചെങ്കിലും ‘അതിനെക്കുറിച്ചാലോചിക്കണമെന്ന് തോന്നിയിട്ടില്ല’ എന്ന് അലക്ഷ്യമായി പറഞ്ഞ് ചായക്കപ്പിലേയ്ക്ക് മിഴിനട്ടിരിയ്ക്കുക മാത്രം ചെയ്തു. തന്നിൽ നിന്ന് പോസിറ്റീവായ ഒരു മറുപടി ജിതൻ പ്രതീക്ഷിയ്ക്കുന്നുണ്ടെന്നവൾക്കുറപ്പായി. “മറക്കണം” എന്ന് ഒറ്റവാക്കിൽ പറഞ്ഞവസാനിപ്പിക്കാതെ രണ്ടാളെയും സ്വീകരിക്കണമെന്ന് തീരുമാനിച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ‘മറക്കാൻ കഴിയാത്തതുകൊണ്ടുതന്നെ’ എന്ന് പറഞ്ഞത് കേട്ട് വരണ്ട മണ്ണിൽ ഒരു മഴത്തുള്ളി പതിഞ്ഞതുപോലെ തോന്നി സ്വാതിയ്ക്ക്. പക്ഷെ തന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ തീർത്ത ഊഷരതയെ ഇല്ലാതാക്കാൻ മാത്രം കെല്പില്ല ആ മഴത്തുള്ളിയ്ക്കെന്ന് അവൾക്കുറപ്പായിരുന്നു
മറ്റൊരുവൾക്കുവേണ്ടി ജിതനെ വിട്ടുകൊടുക്കേണ്ടി വരുന്ന അവധിക്കാലങ്ങളിൽ സ്വയം പങ്കുവെച്ചുകൊടുക്കാൻ ഒരു കൂട്ട് തനിയ്ക്കുമുണ്ടാകുന്നതിൽ തെറ്റെന്തെങ്കിലുമുണ്ടോ എന്ന ചോദ്യമവൾ ചോദിച്ചത് അവന്റെ കണ്ണിൽ തന്നെ നോക്കിയായിരുന്നു. നിവൃത്തികേടിന്റെ നിസ്സഹായാവസ്ഥ അവനുമൊന്നറിയാൻ വേണ്ടി മാത്രമായിരുന്നു അവളാ ചോദ്യമെറിഞ്ഞത്. ഇരച്ചുവന്ന കോപത്തിൽ ജിതന്റെ മുഖം രക്തവർണ്ണമായി. അതുകണ്ടപ്പോൾ സ്വാതിയ്ക്ക് ചിരിയാണ് വന്നത്. അവനവന് കഴിയാത്തത് മറ്റൊരാളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിയ്ക്കരുതെന്ന് പറഞ്ഞ് തിരികെ നടക്കാനൊരുങ്ങുമ്പോൾ ജിതൻ എന്തോ ചോദിയ്ക്കാൻ വന്നതുപോലെ അവൾക്ക് തോന്നി. പക്ഷെ വാക്കുകളൊന്നും പുറത്തേയ്ക്ക് വന്നില്ലെന്ന് മാത്രം. ജിതന്റെ ചിന്തകൾ ശബ്ദമെടുക്കുംമുൻപ് സ്വാതി തിരിഞ്ഞുനടക്കാൻ തുടങ്ങി. അവൾക്കറിയാമായിരുന്നു അവന് പറയാനുള്ളതൊക്കെയും തന്നെ ദുർബലയാക്കുമെന്ന്. ബസ്സിലിരുന്ന് മൊബൈൽ ഫോൺ സിം ഊരിയെറിയുമ്പോൾ ആത്മാവ് വിട്ടുപിരിയുമ്പോൾ ശരീരം പിടയുന്നതുപോലെ പോലെ അവളുടെ ഹൃദയം നൊന്തുപിടഞ്ഞു. രണ്ടുവർഷത്തെ സ്വപ്നങ്ങളും പ്രതീക്ഷകളും വികാരങ്ങളും പങ്കുവെച്ചിരുന്ന കിളിവാതിലിന്റെ താക്കോലാണ് വലിച്ചെറിഞ്ഞത്. നിറഞ്ഞുവരുന്ന കണ്ണുകളെ ഇറുകെപ്പൂട്ടി അവളിരുന്നു.
മായയ്ക്ക് ഒരു കത്തെഴുതി വെച്ച് ശ്രീദേവിയമ്മയോട് മാത്രം സ്വാതി യാത്ര പറഞ്ഞു. ഒറ്റ നോട്ടത്തിൽ അവളുടെ മനസ്സു വായിച്ചതുപോലെ ഒന്നും ചോദിയ്ക്കാതെ അവളുടെ തലയിൽ കൈവെച്ച് അനുഗ്രഹിക്കുക മാത്രമാണവർ ചെയ്തത്. ആ നഗരവുമായി അതുവരെയുണ്ടായിരുന്ന കെട്ടുപാടുകളൊക്കെയും ഇല്ലാതായതുപോലെ അവൾക്ക് തോന്നി. നാട്ടിലേയ്ക്ക് മടങ്ങുന്ന യാത്രയിൽ മുഴുവൻ അവളോർത്തത് അമ്മയെക്കുറിച്ചായിരുന്നു. ഓർമ്മവെച്ചകാലം മുതൽ അമ്മയോട് പറയാത്തതൊന്നുമുണ്ടായിരുന്നില്ല. ജിതനെ പരിചയപ്പെട്ടതുമുതൽ എല്ലാം അമ്മയ്ക്ക് അറിയുന്നതുമാണ്. തന്റെ ഇഷ്ടങ്ങൾക്കൊരിക്കലും എതിരു നിൽക്കാത്ത അമ്മയുടെ മനസ്സിൽ ജിതൻ എന്നോ സ്വന്തം മരുമകനായി പ്രതിഷ്ഠിക്കപ്പെട്ടുകഴിഞ്ഞിരുന്നു. “തെറ്റ് ചെയ്യാത്ത മനുഷ്യരില്ല. പക്ഷെ അതറിയുന്ന നിമിഷം ആ തെറ്റ് തിരുത്തുന്നതാണ് യഥാർത്ഥ മഹത്വം” എന്ന് തന്റെ കുട്ടിക്കാലത്തെങ്ങോ അമ്മ പറഞ്ഞത് ആ നിമിഷം സ്വാതിയുടെ മനസ്സിലേയ്ക്കെത്തി. അതെ; തന്റെ പ്രണയം തിരുത്തപ്പെടേണ്ട ഒരു തെറ്റ് മാത്രമായിരുന്നുവെന്നവൾ തിരിച്ചറിയുകയായിരുന്നു. വരാനിരിയ്ക്കുന്ന ശരികളെഴുതപ്പെടാൻ ചെയ്തുപോയ തെറ്റുകളൊക്കെയും കാലത്തിന്റെ സ്ലേറ്റിൽ നിന്ന് തുടച്ചുമാറ്റാനെന്നതുപോലെ പുറത്ത് മഴ പെയ്തുകൊണ്ടിരുന്നു.
Mar 23, 2011
Subscribe to:
Post Comments (Atom)
7 comments:
നല്ല കഥ..ആശംസകള്‍
കഥ കൊള്ളാം... എന്നാലും, എവിടെയോ എന്തോ തറച്ച പോലെ.. :(
സത്യത്തില്‍ ശരി തെറ്റുകളാണോ വിഷയം.
പ്രണയത്തിനും ജീവിതത്തിനുമിടയില്‍
വീതം വെക്കപ്പെടുന്ന ഇത്തിരിയിടം. സ്നേഹം. അതല്ലേ എല്ലാം.
വിവാഹം പ്രണയത്തിന്റെ നേരത്തെ സെറ്റു ചെയ്തു വെച്ച
ഒരു എക്സ്ററന്‍ഷന്‍ മാത്രമല്ലേ. ലോകശത്തവിടെയും സംഭവിക്കുന്ന
ഒരു പതിവു കാര്യം. സ്നേഹം മറ്റൊന്നാണ്. പ്രണയം കൊണ്ട്
അശുദ്ധമാവാത്ത ഒന്ന്. ഒരു പക്ഷേ, പ്രണയനഷ്ടം കൊണ്ട് മാത്രം
തിരിച്ചറിയാന്‍ കഴിയുന്നത്. നഷ്ടങ്ങളാവാം ഒരു പക്ഷേ
പ്രണയത്തിന്റെ സാഫല്യം.
മറ്റവനോട് ചോദിച്ച ആ ചോദ്യം ഒരൊന്നൊന്നേമുക്കാൽ ചോദ്യം തന്നെയാണ്!!
നല്ല ഒതുക്കമുള്ള എഴുത്ത്. കഥ നന്നായിട്ടുണ്ട്.
നന്നായിരിക്കുന്നു ഷാരു , കൂടുതല്‍ വായിക്കുക..ആശംസകള്‍ .
ആദ്യമായാണ് ഇവിടെ, ഇനി ബാക്കി ഉള്ള പോസ്റ്കളും വായിക്കട്ടെ, കഥ വളരെ ഇഷ്ടമായി , മനസ്സില്‍ എവിടെയൊക്കെയോ കോറി വലിക്കുന്നു
ഇത് ഇന്നാണു കണ്ടത് .. വായിച്ച് കഴിഞ്ഞപ്പോൾ ഉള്ളിലൊരു വിഷമം !!
Post a Comment
ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...