Sep 15, 2010

ചില വീട്ടാക്കടങ്ങൾ

നെഞ്ചോട്ചേർന്നിരുന്ന് നീയെന്റെ
ഹൃദയതാളമെണ്ണുമ്പോൾ
മൌനം തുളച്ചെന്റെ പ്രണയം
നിന്റെ കാതിൽ‌വന്നലയ്ക്കുമെന്ന്
ഞാനൊരുവേള വല്ലാതെ ഭയപ്പെട്ടു

ഒരു ജന്മത്തിന്റെ പ്രണയം നൽകി-
പകരം നിന്റെ ചിന്തകളിലിടംനേടവേ
പ്രിയത്താൽ നീയാർക്കോ മുറിച്ചു നൽകിയ
ഹൃദയത്തിന്റെ താളം പിഴയ്ക്കരുതെന്ന്
സ്വയമൊരിക്കൽക്കൂടിയോർമ്മിച്ചു

അരക്കെട്ടിലാളിയ കാമത്തിന്റെ കനൽ
മിഴികളിൽ ശലഭങ്ങളാകാതിരിയ്ക്കാൻ-
കൺ‌മൂടി മനസ്സിൽ വരച്ചെടുക്കുകയായിരുന്നു
ഞാനിതുവരെ കാണാത്തൊരു മുഖവും
നനഞ്ഞ രണ്ടുമിഴികളും

കുത്തിനോവിയ്ക്കാറുണ്ട് പലപ്പോഴും
പങ്കുവെച്ചപ്രണയത്തിന്റെ വിരലടയാളങ്ങൾ;
നീ ഹൃദയവും ജീവനും ജീവിതവും വീതിച്ച
നിന്റെ പ്രണയിനിയിൽനിന്നവളറിയാതെ-
കടംകൊണ്ട നിമിഷങ്ങളുടെ
പലിശപ്പെരുക്കങ്ങൾ....

10 comments:

കിരൺ said...

ഒന്നുമാത്രം പറയുന്നു "അടിപൊളി "

Sharu (Ansha Muneer) said...

നിന്നോട് പാറയാൻ മറന്നത്.....

ഞാൻ നിന്നെയെന്റെ ഹൃദയത്തിൽ‌ നിന്നടർത്തിമാറ്റാം. വേരടർത്തിമാറ്റുമ്പോൾ പൊടിയുന്ന രക്തത്തുള്ളികളെ നീ നിന്റെ ഹൃദയത്തിലേയ്ക്കൊപ്പിയെടുക്കുമെങ്കിൽ....അതല്ലെങ്കിൽ മരണമെന്ന പുതപ്പെന്നെ മൂടുംവരെ ഞാനൊരു കടക്കാരിയായിരിക്കട്ടെ... എന്റെ ഹൃദയം പൊള്ളിയടരും വരെ ആ പലിശപ്പെരുക്കങ്ങളിൽ ഞാനെന്റെ ഭ്രാന്തിന്റെ വേരുകൾ തേടട്ടെ....

shabin said...

നഷ്ടത്തിന്റെയും ലാഭത്തിന്റെയും
കണക്കു പുസ്തകമാണീ ജീവിതം ....
any way congrats

anu narayan said...

വഞ്ചനയില്‍ അവസാനി ക്കുന്നതൊന്നും പ്രണയം എന്ന് വിളിക്കാന്‍ ആവില്ല .അതൊരു ആളിന് മറ്റൊരാളിനോട് തോന്നുന്ന ആകര്‍ഷണം മാത്രമാണ് ...എന്ത് കാരണം കൊണ്ടാണോ ആ ആകര്‍ഷണം ഉണ്ടാവുന്നത് അത് വേറൊരിടത്ത്‌ അതിലും നന്നായി കാണുമ്പോള്‍ അവരത് വിട്ടു മറ്റൊരിടത്തേക്ക് പോവുന്നു. ശരിയായ പ്രണയം അതിനെല്ലാം അതീതം ആണ് ..അതിനു വ്യക്തമായ കാരണങ്ങള്‍ കാണാറില്ല .

അതുകൊണ്ട് വഞ്ചിച്ചു കടന്നു പോവുന്നത് ആരോ ആകട്ടെ ..വി ശ്വസിക്കുക അത് പ്രണയം അല്ലായിരുന്നെനു. അതിനെ ഓര്‍ത്തു ദുഖിക്കുകയും അരുത്.

LiDi said...

മൌനം തുളച്ചെന്റെ പ്രണയം
നിന്റെ കാതിൽ‌വന്നലയ്ക്കുമെന്ന്
..
:)

പദസ്വനം said...

ഓരോ പ്രണയവും ഓരോ അനുഭവങ്ങള്‍ മാത്രം....
പ്രണയത്തിലായിരിക്കുമ്പോള്‍ നല്ല ഓര്‍മ്മകള്‍ മാത്രവും...
ആ പ്രണയം നഷ്ടപ്പെടുമ്പോള്‍ നൊമ്പരങ്ങളും....

എന്നും പ്രണയാവശേഷിപ്പുകളായി നല്ല നിമിഷങ്ങള്‍, നല്ല ഓര്‍മ്മകള്‍ മാത്രം കൂട്ടായി ഉണ്ടാവട്ടെ!!!

നല്ല വരികള്‍...
ഇനിയും എഴുതുക.. ആശംസകള്‍

jayanEvoor said...

കൊള്ളാം ഷാരു.


“പങ്കുവെച്ചപ്രണയത്തിന്റെ വിരലടയാളങ്ങൾ കുത്തിനോവിക്കുന്ന”തിനെക്കുറിച്ചെഴുതിയത്.

സാധാരണ പെൺകുട്ടികൾ എഴുതുന്ന കവിതകളിൽ നിന്നു വ്യതസ്തം.

(അധരങ്ങൾ എന്ന് പ്രയോഗിക്കരുത്.
മേൽച്ചുണ്ട് = ഓഷ്ഠം
കീഴ്ചുണ്ട് = അധരം.
ചുണ്ടിണകൾ എന്നു പ്രയോഗിച്ചാൽ രണ്ടു ചുണ്ടുകളെയും ഉൾപ്പെടുത്താം)

ആശംസകൾ!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

“ഒരു ജന്മത്തിന്റെ പ്രണയം നൽകി-
പകരം നിന്റെ ചിന്തകളിലിടംനേടവേ
പ്രിയത്താൽ നീയാർക്കോ മുറിച്ചു നൽകിയ
ഹൃദയത്തിന്റെ താളം പിഴയ്ക്കരുതെന്ന്
സ്വയമൊരിക്കൽക്കൂടിയോർമ്മിച്ചു...” എന്തിന്... എന്തിനങ്ങനെ ത്യാഗിയാകണം..? രാജാവിനെക്കാൾ വലിയ രാജഭക്തിയോ? ആകാശപുഷ്പത്തിനുവേണ്ടിയുള്ള അലച്ചിലാകരുത് ജീവിതം... രചന വളരെ നന്നായിരിക്കുന്നു...

Sharu (Ansha Muneer) said...

എല്ലാവർക്കും നന്ദി...

@ജയൻ.... തിരുത്താം

Jishad Cronic said...

മനോഹരം ....

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...