Jan 27, 2010

ഒരു കണ്ണീർച്ചിത്രം



ജനുവരി 19, 2010... വളരെ സാധാരണമായ ഒരു ദിവസമായിരുന്നു...വൈകുന്നേരം ആറുമണി വരെ. തലേന്ന് ജോലികഴിഞ്ഞ് മടങ്ങും വഴി കാണേണ്ടി വന്ന ഒരു അപകടത്തിന്റെ ഓർമ്മയാണോ അതോ നേരിടാൻ പോകുന്ന ഒരു തീരാനഷ്ടത്തിനെ മുൻ‌കൂട്ടിക്കണ്ട അകക്കണ്ണിന്റെ അപകടസൂചനയോ...അന്ന് ഓഫീസിൽ നിന്ന് ഇറങ്ങും മുൻപ് ചാറ്റ്ചെയ്തുകൊണ്ടിരുന്ന ചങ്ങാതിമാരുമായി ഞാനൊടുവിൽ സംസാരിച്ചത് മരണത്തെക്കുറിച്ചായിരുന്നു; അതിന് യാതൊരു കാരണവുമുണ്ടായിരുന്നുമില്ല. റൂമിലെത്തി ലാപ്ടോപ്പ് ഓൺചെയ്തതും എന്തൊക്കെയോ ചില എറർ മെസ്സേജും തന്ന് അത് അതിന്റെ പ്രവർത്തനം മുടക്കി. ഒരു നേരം ഭക്ഷണമില്ലെങ്കിലും എനിക്ക് അതുമായി പൊരുത്തപ്പെടാനാകും. എന്നാൽ എന്നെ ചുറ്റി നിൽക്കുന്ന കനത്ത ഏകാന്തതയ്ക്ക് ഏകപരിഹാരമായ ലാപ്ടോപ്പിന്റെ മൌനം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അകലങ്ങളിലെവിടെയൊക്കെയോ ഉള്ള എന്റെ ചങ്ങാതിമാരെ കാണാനും സംസാരിയ്ക്കാനുമായി തുറന്നിട്ടിരുന്ന ജാലകവാതിലാണ് കൊട്ടിയടയ്ക്കപ്പെട്ടത്. മൌനത്തിന്റെ ഒരു തുരുത്തിൽ അരാലോ ഉപേക്ഷിക്കപ്പെട്ടതുപോലെ ഞാനിരുന്നു; എന്തൊക്കെയോ ചിന്തിച്ചുകൊണ്ട്...

ആ ചിന്തയിൽ നിന്നുണർന്നത് വീട്ടിൽ നിന്നും ഉമ്മച്ചി വിളിയ്ക്കുമ്പോഴാണ്. പതിവുള്ള എന്റെ ഫോൺ വിളി കാണാത്തതുകൊണ്ടുള്ള വിളിയാണെന്നറിയാവുന്നതുകൊണ്ട് ഹലോ പറയലും, വിളിക്കാൻ കഴിയാഞ്ഞതിന്റെ കാരണം ബോധിപ്പിക്കലും ഒരുമിച്ചങ്ങ് നടത്തി. പക്ഷെ; “അതിനല്ല വിളിച്ചത്....വേറെ ഒരു കാര്യം പറയാനുണ്ട്...കേട്ടാൽ വിഷമിയ്ക്കരുത്” എന്ന് ഉമ്മച്ചി പറഞ്ഞത് കേട്ടപ്പോൾ അടുത്ത വാചകത്തിലേയ്ക്കുള്ള ഒരു നിമിഷാർദ്ധം കൊണ്ട് പല മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി. പക്ഷെ.... ഒരു ദു:ഖവാർത്തകേൾക്കാൻ സ്വയം സന്നദ്ധയായിക്കൊണ്ടിരുന്ന എന്റെ മനസ്സിനെ ആകെ തകർത്തുകളഞ്ഞു പിന്നെ ഞാൻ കേട്ട വാക്കുകൾ.

കവിരാജ്... മണിയൻ എന്ന ഓമനപ്പേരാൽ ഞാനടക്കമുള്ള കളിക്കൂട്ടുകാർ വിളിച്ചിരുന്ന ഞങ്ങളുടെ പ്രീയപ്പെട്ട ചങ്ങാതി മരണത്തിന്റെ കയ്യും പിടിച്ച് നടന്നകന്നിരിയ്ക്കുന്നു. ഏകദേശം ഒരേ പ്രായത്തിലുള്ള ആറേഴുകുട്ടികൾ; ഞങ്ങളൊരുമിച്ചാണ് കളിച്ചതും വളർന്നതും. ഗ്രാമപ്രദേശമായതിനാൽ അയൽ‌വക്കത്തുള്ള വീടുകൾ പരസ്പരം നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അതേചങ്ങാത്തം ഞങ്ങൾ കുട്ടികൾ തമ്മിലും ഉണ്ടായിരുന്നു. മാതാപിതാക്കൾ ജോലിക്കാരായതിനാൽ അവധിക്കാലങ്ങളിൽ ഞാനും എന്റെ ജ്യേഷ്ഠനും മാത്രമാകും പകൽ സമയങ്ങളിൽ എന്റെ വീട്ടിൽ ഉണ്ടാവുക. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ ഞങ്ങളുടെ വീട്ടിലാണ് സമ്മേളിച്ചിരുന്നത്. കളികൾക്കിടയിലെ കാര്യം പോലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബാലവേദിയും അവധിക്കാലങ്ങളിൽ ഞങ്ങളടക്കമുള്ള ചങ്ങാതിമാരാൽ കൂടുതൽ സജീവമാകും. കളിയായാലും കലയായായും പഠനകാര്യങ്ങളായാലും കവിരാജ് എപ്പോഴും മുൻപന്തിയിലുണ്ടാകും. നന്നായി ചിത്രം വരയ്ക്കും, എഴുതും, പൊതുകാര്യങ്ങളെക്കുറിച്ചും വ്യക്തമായ ബോധവും കാഴ്ചപ്പാടും....പിന്നെ അസാമാന്യമായ നർമ്മബോധവും. വളർന്നപ്പോൾ ഞങ്ങൾ പെൺകുട്ടികൾ വീട്ടിലേയ്ക്ക് കൂടുതൽ ഒതുങ്ങിയപ്പോഴും പരസ്പരമുള്ള കൂട്ടുകെട്ടിന് മങ്ങലൊന്നും സംഭവിച്ചില്ല. പകരം ആ സുഹൃദ്ബന്ധം സഹോദരസ്നേഹമായി പരിണമിച്ചു എന്നതാകും ശരി.

ദുബായിൽ വന്നതിന് ശേഷം എപ്പോഴൊക്കെ നാട്ടിൽ പോയിട്ടുണ്ടോ അപ്പോഴൊക്കെയും കവിരാജ് എന്നെ കാണാൻ വന്നു. വിവാഹിതനായപ്പോഴും ഫയർഫോഴ്സിൽ ജോലികിട്ടി പരിശീലനത്തിന്റെ തിരക്കുകളായപ്പോഴും ഞാൻ നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞാൽ ഉടനെ എന്നെ കാ‍ണാൻ വരുമായിരുന്നു. വന്നാൽ മണിക്കൂറുകളോളം സംസാരിയ്ക്കും. ഒരുപാട് തമാശകൾ പറയും. ഞാൻ എന്റെ എല്ലാ വേദനകളും മറന്ന് പൊട്ടിച്ചിരിയ്ക്കുന്ന അപൂർവ്വം അവസരങ്ങളായിരുന്നു അതൊക്കെയും. ഒരു സഹോദരന്റെ സ്നേഹത്തോടെ , സ്വാതന്ത്ര്യത്തോടെ ഒരുമിച്ചു ചെലവിട്ട ആ നിമിഷങ്ങളെ ഞാനിന്ന് മാറോട് ചേർക്കുന്നു. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ സാമിപ്യവും സ്നേഹവും ഓർമ്മ മാത്രമായി തീരുന്നത് അവസാനമായി ഒരുനോക്ക് കാ‍ണാൻ പോലും കഴിയാത്തത്രെ ദൂരെയിരുന്ന് വിങ്ങുന്ന മനസ്സോടെ നിസ്സഹായയായി ഞാൻ മനക്കണ്ണാൽ കാണുന്നു.

കാലത്തിന്റെ ഏത് കോണിലേയ്ക്കാ‍ണ് കൂട്ടുകാരാ (അതോ സഹോദരനോ?!)..... നീ പോയ്മറഞ്ഞത് ??? തനിച്ചായിപ്പോയതിന്റെ വ്യഥകളിൽ തളരുമ്പോൾ ആശ്വാസം പകരാൻ; തമാശകൾ പറഞ്ഞെന്നിൽ ചിരി പടർത്താൻ; ഹൃദയത്തിൽ സൂക്ഷിയ്ക്കുന്ന സ്നേഹത്തിന്റെ ആഴങ്ങളുമായി ഇനിയൊരിയ്ക്കലും നീയാപടികടന്ന് വരില്ലേ???? ഇല്ലെന്ന് എനിയ്ക്കറിയാം; എങ്കിലും മരണത്തിന്റെ ലോകത്തേയ്ക്ക് നീ നടന്നകന്നത് ഇന്നും അംഗീകരിയ്ക്കാൻ മടിയ്ക്കുന്ന എന്റെ മനസ്സ് വെറുതേയെങ്കിലും ഇനിയും കാത്തിരിയ്ക്കും, വീടിന്റെ തണലുതേടിയെത്തുന എന്റെ അവധിക്കാലങ്ങളിൽ ഒരു സഹോദരന്റെ സ്നേഹത്തോടെ ആകുലതകളോടെ എന്നെ കാണാനെത്തുമായിരുന്ന എന്റെ പ്രീയപ്പെട്ട കൂട്ടുകാരനെ...

10 comments:

ഏ.ആര്‍. നജീം said...

ഒരു നഷ്ട സ്വപ്നത്തിന്റെ ഓര്‍മ്മ അനുഭവിച്ചു..

ആ ബാല്യകാല സുഹൃത്തിന്റെ,സഹോദരന്റെ വേര്‍പാടിനു കേവലം ചില വാക്കുകള്‍ കൊണ്ട് വൃഥാ ആശ്വാസിപ്പിക്കാന്‍ ഞാന്‍ മുതിരുന്നില്ല...

അനിവാര്യമായ ഒരു സത്യം തന്നെയാണല്ലോ മരണമെന്നത്... ആ നല്ല സുഹൃത്തിന്റെ ആത്മാവിനായ് പ്രാര്‍ത്ഥനയോടെ...

Anil cheleri kumaran said...

കവിരാജിന്‌ ആദരാഞ്ജലികള്‍..

Anil cheleri kumaran said...

കവിരാജിന്‌ ആദരാഞ്ജലികള്‍..

പകല്‍കിനാവന്‍ | daYdreaMer said...

!! :(

Ashly said...

:( പാവം.

Satheesh Haripad said...

സൗഹ്രുദത്തിന്റെ പൂക്കള്‍ കോര്‍ത്ത് ഷാരു തീര്‍ത്ത ആദരാഞ്ജലികള്‍ ഏതു ലോകത്തായാലും കവിരാജിന് ഇഷ്ടമായിട്ടുണ്ട്.

വേര്‍പാടിന്റെ വേദനയില്‍ ഞാനും പങ്ക് ചേരട്ടെ.

Sharu (Ansha Muneer) said...

കവീ... ചിങ്ങത്തിലെ ചതയം.... ഇന്ന് നിന്റെ പിറന്നാളാ‍ണ്....

ഞാന്‍ രാവണന്‍ said...

കവിരാജിന്‌ ആദരാഞ്ജലികള്‍..

GARDENMASTER said...

ആദരാഞ്ജലികള്‍ !!

Sreejith said...

priya suhruthe....ennu oru vedanayayi nee njnagalude manasil undakum.

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...