Dec 12, 2009

ഒരു മഴച്ചിത്രം

മഴ, എന്നുമെന്റെ പ്രീയപ്പെട്ട കൂട്ടുകാരിയാണ്. സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും സമ്മിശ്രഭാവങ്ങളെന്നിലേയ്ക്ക് പകരുന്ന എന്റെ ചങ്ങാതി. നാട്ടിൽ അവധിക്കാലമാഘോഷിച്ച് മടങ്ങിവരുന്ന സുഹൃത്തുക്കളോടൊക്കെയും എന്റെ ഏറ്റവുമടുത്ത ബന്ധുവിനെക്കുറിച്ചന്വേഷിക്കുന്നതുപോലെ ഞാൻ മഴയെക്കുറിച്ചന്വേഷിക്കുന്നു. തീരാത്ത ദാഹത്തോടെ മഴച്ചിത്രങ്ങൾ കണ്ടാസ്വദിക്കുന്നു. മഴകാണാൻ കൊതിക്കുന്ന മനസ്സുമായി എന്നും ഞാൻ കാത്തിരുന്നു.ആ കാത്തിരിപ്പിന് മറുപടിയെന്നപോലെ ഇന്നിവിടെ മഴപെയ്തു. വൈകിയെത്തിയ അതിഥിയെപ്പോലെ അല്പം ജാള്യതയോടെ അവൾ ദുബായിയുടെ മണ്ണിൽ പെയ്തിറങ്ങുന്ന കാഴ്ച ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഏറെനേരം ഞാൻ ആസ്വദിച്ചു. പിന്നെ,വർഷത്തിലൊരിക്കൽ വിശിഷ്ടാതിഥിയെപ്പോലെ വന്നെത്തുന്ന അവളുടെ കുളിരറിയാൻ;അറിഞ്ഞൊന്നു പുൽകാൻ ഞാനുമിറങ്ങിനടന്നു. ദിവസങ്ങളായി എന്നെ അലട്ടുന്ന പനിയുടെ ആലസ്യങ്ങളെ വകവെയ്ക്കാതെ നന്നായിതന്നെ മഴ നനഞ്ഞു.

ദുബായ് ക്രീക്കിൽ ഇളകി മറിയുന്ന കടലിനെ നോക്കിയിരുന്ന് ‘സാദാ ചായ’ യുടെ കടുപ്പം നുണയുമ്പോൾ തനിച്ചാണെന്ന തോന്നൽ എന്റെ മനസ്സിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. കണ്ണീരിലവസാനിയ്ക്കുമെന്നുറപ്പുള്ള അത്തരം ചിന്തകളെ വഴിതിരിച്ചുവിടാൻപറ്റിയ കാഴ്ചകൾക്കായി എന്റെ കണ്ണുകൾ ചുറ്റിനും തിരഞ്ഞു. കുറച്ചുമാറി രണ്ട് പ്രണയിതാക്കൾ കടലിനോട് ചേർന്നുള്ള കൈവരിയിൽ പിടിച്ചുനിന്ന് എന്തൊക്കെയോ കുസൃതികൾ പറഞ്ഞ് ചിരിയ്ക്കുന്നത് എനിയ്ക്ക് കാണാമായിരുന്നു. അവരുടെ സ്വകാര്യതയിലേയ്ക്ക് നോക്കിയിരിയ്ക്കാൻ എന്തോ എനിക്കപ്പോൾ സങ്കോചമൊന്നും തോന്നിയതേയില്ല.ഒരു പക്ഷിയായോ പ്രാണിയായോ അവിടെ ചെന്നിരുന്ന് അവരുടെ സല്ലാപങ്ങളുടെ ശ്രോതാവാകാൻ കഴിഞ്ഞെങ്കിലെന്ന് ആ നിമിഷമെനിയ്ക്ക് തോന്നി. കടലിനെ സാക്ഷിയാക്കിയ ആ പ്രണയത്തിന്റെ ആഘോഷം കണ്ടങ്ങനെ കുറച്ചുനേരമിരുന്നു.

കഴിഞ്ഞ വർഷത്തെ മഴയുടെ വരവ് ആലിപ്പഴം പൊഴിച്ചുകൊണ്ടായിരുന്നു. അത് പ്രണയത്തിന്റെ ഒരു ഉത്സവകാലമായിരുന്നു എനിയ്ക്ക്. ഇന്ന് സിന്ദൂരം മാഞ്ഞൊരു വിധവയുടെ മുഖം പോലെ ഞാൻ അപൂർണ്ണയാണ്. കൈമോശം വന്ന എന്തിനെയോ ഓർത്ത് തേങ്ങുന്ന മനസ്സുമായി കരിഞ്ഞുപോയ എന്റെ പ്രതീക്ഷകളുടെമേൽ ആർത്തുപെയ്യുന്നൊരു മഴയെ ഞാനിന്ന് സ്വപ്നം കാണുന്നു. ആ മഴയിൽ, സ്നേഹനഷ്ടങ്ങളാൽ ഊഷരമായിത്തീർന്ന എന്റെ മനസ്സിൽ പുതിയ സ്വപ്നങ്ങൾ തളിർക്കുമെന്നും അങ്ങനെ എന്റെ ജീവിതത്തിൽ വർണ്ണങ്ങൾ നിറയുമെന്നും ഞാൻ സങ്കൽ‌പ്പിക്കുന്നു.

പ്രണയത്തിന്റെ; സ്നേഹത്തിന്റെ മുന്തിരിച്ചാറിൽ ഈശ്വരനെന്നെ മുക്കിയെടുക്കുമെന്ന് വെറുതെയെങ്കിലും സ്വപ്നം കാണാറുണ്ടെങ്കിലും ഭൂതകാലത്തിന്റെ ഭയപ്പെടുത്തുന്ന ഓർമ്മകളും പ്രണയത്തിന്റെ തിരസ്കരണവുമെല്ലാം എന്നിൽ വളർത്തിയ അപകർഷതാബോധം ഒരു കറുത്ത പാമ്പെന്നപോലെ എന്റെ മനസ്സിനെ ചുറ്റി വരിഞ്ഞിരിയ്ക്കുന്നു. ആലസ്യത്തിന്റെ നിദ്രയിലാണ്ടതുപോലെ കിടക്കുന്നുവെങ്കിലും അതിന്റെ വിഷം ചീറ്റുന്ന പത്തി പലപ്പോഴും എന്റെ ചിന്തകൾക്കുനേരെ ഉയരുന്നു. ഒരു സ്നേഹത്തിനും അർഹതയില്ലാത്തവളാണ് ഞാനെന്ന് ഒരു ഓർമ്മപ്പെടുത്തൽ‌പോലെ ഇടയ്ക്കിടെ അതെന്നോട് മന്ത്രിക്കുന്നു. ഒരു പുരുഷന്റെ സ്നേഹത്തിന് പാത്രീഭവിക്കാൻ കഴിയാത്തവളെന്ന വിചാരം പലപ്പോഴും എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. ചപലമായ ആ ചിന്ത, എന്നെ സ്നേഹിയ്ക്കുന്നവരുടെ മനസ്സിനെ മുറിപ്പെടുത്താൻ തക്കവണ്ണം ശക്തിപ്രാപിയ്ക്കുന്നതും വാക്കുകളാൽ ഞാനവരെ വേദനിപ്പിയ്ക്കുന്നതും പതിവായി മാറിയിരിയ്ക്കുന്നു.

ചിന്തകളൊരുപാട് എന്നെ ആക്രമിക്കാൻ തുടങ്ങുന്നതിനുമുൻപ് അവിടെ നിന്നെഴുന്നേറ്റു നടക്കാൻ തുടങ്ങി. ക്രീക്ക്സൈഡിലൂടെ കുറച്ചുനടന്നപ്പോൾ കണ്ടു; മഴക്കോട്ട് ധരിച്ച് മുന്നിൽ നടന്ന് വരുന്ന ഒരു ഫിലിപ്പിനോകുട്ടിയും പുറകിൽ കുടചൂടി നടന്നുവരുന്ന അവന്റെ മാതാപിതാക്കളും. മഴ ആസ്വദിയ്ക്കാനിറങ്ങിയ ഒരു കുടുംബം. ആ കുഞ്ഞിനെ കണ്ടപ്പോൾ ഓർമ്മ വന്നത് മഴക്കോട്ടണിഞ്ഞ് വാപ്പിച്ചിയുടെ സൈക്കിളിലിരുന്ന് നഴ്സറി സ്കൂളിലേയ്ക്ക് പോകുന്ന മൂന്നുവയസ്സുകാരിയായ എന്നെയാണ്. മിന്നിമറയുന്ന ചില ഓർമ്മകൾ മാത്രമേ അക്കാലത്തെക്കുറിച്ചെനിയ്ക്കുള്ളു. വെയിലും മഴയും ഒരുമിച്ചുവരുന്നത് കുറുക്കന്റെ കല്യാണത്തിനാണെന്ന സങ്കല്പം ആരാണെന്റെ മനസ്സിലേയ്ക്ക് പകർന്നുതന്നതെന്ന് ഇന്ന് ഓർത്തെടുക്കാനാകുന്നില്ല. എന്റെ നഴ്സറിക്കാലത്തെ ഏതോ ഒരവധി ദിവസം അത്തരത്തിൽ മഴപെയ്തത് ഇന്നും ഞാൻ നന്നായി ഓർക്കുന്നു. വിവാഹത്തിനും മറ്റും സമ്മാനങ്ങൾ പൊതിഞ്ഞ് നൽകാറുള്ള പിങ്ക്നിറത്തിൽ പൂക്കളുള്ള വർണ്ണകടലാസിൽ എന്റെ പുസ്തകങ്ങളൊക്കെ പൊതിഞ്ഞെടുത്ത് കുറുക്കന്റെ കല്യാണത്തിന് പങ്കെടുക്കാൻ സമ്മാനവുമായി പോകുന്ന ഒരു ക്ഷണിതാവിനെപ്പോലെ ഞാൻ മുറ്റത്ത് മഴയിലിറങ്ങി നടന്നത് മഴയെക്കുറിച്ചുള്ള എന്റെ ഓർമ്മചിത്രങ്ങളിൽ ആദ്യത്തേതാണ്. എന്റെ സുന്ദരമായ ബാല്യത്തിന്റെ നല്ലൊരോർമ്മച്ചിത്രം. തെളിഞ്ഞ വെയിലിൽ പെയ്യുന്ന മഴയിൽ കുളിച്ചുനിൽക്കുന്ന ഒരു കുറുക്കനും അവന്റെ മണവാട്ടിയും എന്റെ കുഞ്ഞുമനസ്സിന്റെ ഭാവനയിൽ അന്നുണ്ടായിരുന്നിരിക്കാം. തീർച്ചയായും അത്ര നിഷ്കളങ്കമായ മനസ്സോടെ മഴയെ അറിഞ്ഞ ഒരു സന്ദർഭവും പിന്നീട് എന്റെ ജീവിതത്തിലുണ്ടായി കാണില്ല. പിന്നെയുമുണ്ട് ബാല്യത്തിന്റെ മഴച്ചിത്രങ്ങൾ. വരാന്തയിൽ മഴച്ചാറ്റൽ വീണുകിടക്കുന്ന നിലത്ത് പേരെഴുതിവെയ്ക്കുന്നതും അരമതിലിന്റെ ഇരുമ്പഴികൾക്കിടയിലൂടെ കാലുകളിട്ടിരുന്ന് മഴ കണ്ടിരിയ്ക്കുന്നതും പിന്നെ ഓരോ മഴക്കാലത്തും അതിരാവിലെ ആദ്യം പത്രമെടുക്കാൻ ജ്യേഷ്ഠനോട് മത്സരിച്ചോടുന്നതിനിടയിൽ മുറ്റത്ത് പായലിന്റെ വഴുക്കലിൽ തെന്നിവീഴുന്നതുമൊക്കെയായി ഓർമ്മകളിൽ മഴ ആർത്തിരമ്പുന്നു.

കുളിരുപകർന്ന് കടന്നുപോയൊരു മഴക്കാറ്റിൽ ഓർമ്മകളുമെന്നോട് തൽക്കാലം വിടപറഞ്ഞു. തണുപ്പിന്റെ കാഠിന്യം കൂടിക്കൊണ്ടിരുന്നു. ഞാനിട്ടിരുന്ന ജീൻസിന്റെ കീഴ്ഭാഗം പൂർണ്ണമായും നനഞ്ഞിരുന്നു.ഇടയ്ക്കിടെ വീശുന്ന കാറ്റിൽ ശരീരം വിറകൊള്ളാൻ തുടങ്ങിയിരുന്നു. വന്ന വഴിയിലൂടെ തന്നെ തിരികെ നടന്നു. മഴകാണാനിറങ്ങിയവരൊക്കെ മടങ്ങിപ്പോകാൻ തുടങ്ങിയിരിയ്ക്കുന്നു. പ്രണയരഹസ്യങ്ങൾ കൈമാറിനിന്നിരുന്ന ആ പ്രണയിതാക്കളും സ്ഥലംവിട്ടിരുന്നു.ദീർഘമായ ഒരു നടത്തത്തിനൊടുവിൽ ബസ്സ്‌സ്റ്റേഷനിൽവന്ന് താമസ സ്ഥലത്തേയ്ക്കുള്ള ബസ്സിൽ കയറിയിരുന്നു. കഴിഞ്ഞതവണ കാണാൻ പോയപ്പോൾ സുഹൃത്തായ സനേഷ് സമ്മാനിച്ച ബസ് കാർഡ് ആദ്യമായി ഉപയോഗിച്ചത് അപ്പോഴായിരുന്നു. ഏറെക്കാലത്തിനുശേഷം ഒരു ബസ്സ്‌യാത്ര തരമായി. ആകെ മൂന്നുയാത്രക്കാരുമായി നീങ്ങിയ ബസ്സിലിരുന്ന് വെറുതെ പുറത്തെ കാഴ്ചകളിലേയ്ക്ക് കണ്ണുനട്ടിരുന്നു. ഹെഡ്ഫോണിൽ കേട്ടിരുന്ന സംഗീതത്തിൽ സ്വയം മറന്നിരിയ്ക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു; ശൂന്യവും. പുറത്തപ്പോഴും വിട്ടുമാറാത്ത എന്റെ കണ്ണീരുപോലെ മഴ ചിന്നിചിന്നി പെയ്തുകൊണ്ടിരുന്നു.

13 comments:

Sharu (Ansha Muneer) said...

മഴ എന്നും എന്റെ കൂട്ടുകാരിയാണ്. ദു:ഖത്തിന്റെയും സന്തോഷത്തിന്റെയും സമ്മിശ്രഭാവങ്ങൾ പകർന്നുതരുന്ന ചങ്ങാതി....ഓർമ്മകളിൽ വരച്ച ഒരു മഴച്ചിത്രം...

ശ്രീ said...

മഴയെ സ്നേഹിയ്ക്കാത്തവരുണ്ടാകുമോ...
:)

pandavas... said...

ഒരു മഴക്കാലം കൂടി...

നാടകക്കാരന്‍ said...

മഴ ഒരു ആനന്ദം തന്നെ ആണ് തോരാതെ പെയ്യുന്ന മഴയിലലിയുന്ന ദുഖങ്ങളും
വേദനകളും......മഴ കുളിരിലൂടെ പർകായ പ്രവേശനത്തിലൂടെ ഓർമ്മകളായി മാറും..നിറഞ്ഞു പെയ്യട്ടെ മഴ......മനസ്സിന്റെ മാലിന്യങ്ങളേ..മഞ്ഞൂപോലെ ഉരുക്കട്ടെ......

Anil cheleri kumaran said...

മഴ പോസ്റ്റ് നന്നായിട്ടുണ്ട്.

Renoof Hamza Chavakkad said...

ഇവിടെ മഴ ഒന്ന് ചാറിയതിനാണോ നീ ഇങ്ങിനെ ഒക്കെ എഴുതിയത്.... അപ്പൊ ഇനി ശെരിക്കും ഒന്ന് പെയ്താല്‍ ഒരു പുസ്തകം നീ ഇറക്കുമല്ലോ..?? ഹാ... എല്ലാം വിധി.. സഹിക്കല്ലാതെ എന്ത് ചെയ്യാന്‍

കിരൺ said...

അടിപൊളി മാഷെ ...

Jikkumon - Thattukadablog.com said...

Very good post

Unknown said...

മഴയുടെ കൂട്ടുകാരിക്ക്, ഭാവുകങ്ങള്‍ ....!!!!!

Rare Rose said...

ഷാരൂ.,മഴയും ഓര്‍മ്മകളും ഹൃദ്യം.ഈ മഴച്ചിത്രത്തില്‍ നഷ്ടബോധത്തിന്റെ വിഷാദമൊളിഞ്ഞു കിടപ്പുണ്ടല്ലോ.മരവിച്ച ശൈത്യത്തിനപ്പുറമെപ്പോഴും പൂത്തു നില്‍ക്കുന്നൊരു വസന്തം കാത്തു നില്‍ക്കുന്നുണ്ടാവുമെന്നോര്‍ക്കുക..:)

ഭായി said...

കറങി തിരിഞ് തിരിഞ് കറങി തലകുത്തിയാണ് ആദ്യമായി ഞാനിവിടെയെത്തുന്നത്!!
മനോഹരം. വളരെ നന്നായിരിക്കുന്നു...!!!!

$.....jAfAr.....$ said...

നന്നായിട്ടുണ്ട്.......
എന്നാലും ഒരു ചെറിയ മഴ പെയ്തത്തിനു ഇത്രക്ക് വേണോ.......

Anonymous said...

hi..i'm max. friend of deril. sharuvinte ella chithrangalum kandu..athil mazhachithramanu ettavum bhangi aaythu..pathiye thudangi valarnnu peruthu peythutheerunna mazha pole thanne ezhuthinum oru ozhukku undayirunnu..ezhuthinte saankethikathvavum soundaryavum oru pole thonniyathu mazhachithrathinanu. chilappol nadodi akanum mattuchilappol koottile kili aakanumulla ore manasinte anusaranayillayma 'yathrayude thudakathil' undayirunnathu kamalayude(surayya) thurannezhuthinte shakalangal pole thonnichu..
manasu eppozhum ashaanthamay thanne irikkatte ennu aashamsikkunnu..athil ninnu puthiya srishttikal undavatte...innu(march 20th)..kurachu munbu njan anu DERIL nte gtalk il sharuvinodu samsarichathu...bye.maxwell netto

Post a Comment

ഇനി നിങ്ങൾക്കുള്ള അവസരം, പറഞ്ഞോളൂ...