May 26, 2011

നട്ടെല്ല്

പ്രണയമെന്ന വാക്കിന്റെ
കേൾവിക്കൊടുവിലായ്
തികട്ടിവരുന്ന പുളിച്ച
ഓർമ്മകൾക്കൊടുക്കം
നിനക്കില്ലാതെപോയ
നട്ടെല്ലിന്റെ സ്ഥാനം നോക്കി
നീട്ടിത്തുപ്പാറുണ്ടിപ്പോഴും

വെറുപ്പിന്റെ കയ്പ്പുനീരെങ്കിലു-
മതിന്റെ നനവിറങ്ങി
മുളപൊട്ടിയൊരെല്ലിൻ തുമ്പ്
വളരാൻ തുടങ്ങിയെങ്കിൽ
നിന്റെ നിഴലാകുന്നവളെങ്കിലും
കണ്ണീരിൽ പുതയില്ലെന്ന്
വെറുതെ മനക്കോട്ട കെട്ടാൻ..

May 11, 2011

രണ്ടു ലോകങ്ങൾ

അക്ഷരങ്ങളുടെ ലോകം
സ്വാതന്ത്ര്യത്തിന്റേതാണ്
മോഹങ്ങളും നിരാശകളും
ഇഷ്ടങ്ങളുമനിഷ്ടങ്ങളും
തീരുമാനങ്ങളും തീർച്ചകളും
എന്റേതുമാത്രമാണ്
ഇവിടെ ദൈവം ഞാനാ‍ണ്

അതിനുമപ്പുറത്തെ ലോകം
കണക്കുകളുടേതാണ്
വരവും ചെലവും കടങ്ങളും
നിരത്തിവെക്കുന്ന കണക്കുകൾ
അവിടെയൊന്നുമെന്റേതല്ല
ഇല്ലായ്മയുടെ ‘മൈനസ്‘-ൽ
മനം മടുക്കുമ്പോൾ
ഞാൻ ദൈവത്തെ വിളിയ്ക്കും

പക്ഷെ; കഴിഞ്ഞ പകലിൽ
കണ്ണാടിയിൽ നോക്കി തിരിച്ചറിയാനാവാതെ
നിന്നപ്പോഴാണറിയുന്നത്
ഞാനെവിടെയോ എന്നെ മറന്നുവെച്ചെന്ന്
ഒരിടത്തു ദൈവമായും
മറ്റൊരിടത്ത് സൃഷ്ടിയായും
മാറുന്നതിനിടയിലെവിടെയോ
നഷ്ടമായിപ്പോയതാവും
ഞാനെന്ന എന്നെ.

ഒരിക്കൽ തിരികെക്കിട്ടുകതന്നെ ചെയ്യും
പക്ഷെ;സ്വയം തേടിയുള്ള
യാത്രയവസാനിക്കുന്നിടത്ത്
വെളുത്ത ഭാണ്ഡക്കെട്ടായുപേക്ഷിക്കപ്പെടുക
ദൈവമോ അതോ സൃഷ്ടിയോ???

May 8, 2011

പടയോട്ടം

ഓർമ്മകളിൽ വിഷാദം പൂവിടുമ്പോൾ
കുഴിച്ചിട്ട ചില മരവിപ്പുകൾക്കുമേലെ
അമർഷത്തിന്റെ തീനിറം പടരും

ഒരോ തവണയും വൈരാഗ്യത്തിന്റെ
കൊടുമുടി കയറിയിറങ്ങും
പൊള്ളിയടർന്ന മനസ്സ്

പ്രതികാരത്തിന്റെ വിത്തുപൊട്ടി
ചെടിയായി മരമായി വേരാഴ്ത്തി
ശാഖകളിലായുധമേന്തും

അടുത്ത നിമിഷത്തിൽ
അവരോഹണത്തിലൊരു വിത്തായി
മനസ്സിൽ വീണ്ടും മണ്ണുപുതയ്ക്കും

വാക്കുകൾകൊണ്ട് കണക്കുതീർത്തും
നേട്ടങ്ങൾ കൊണ്ട് കണിയൊരുക്കിയും
ഭൂതകാലത്തിലേയ്ക്ക് ചിന്തകൊണ്ടൊരു-
തേരോട്ടം നടത്താറുണ്ടിടയ്ക്ക്

അല്ലെങ്കിലൊരുപക്ഷെ;

ഓർമ്മകൾ മഴയായ് പെയ്യുമ്പോൾ
മറവിയുടെ കുട പിടിക്കുന്ന;
മനസ്സിനെ മൌനം പുതപ്പിച്ചുറക്കുന്ന
പരാജിതരിൽ ഒരുവളാകും ഞാനും