Nov 25, 2010

അപരിചിതൻ.....

2010 ആഗസ്റ്റ്മാസം, വല്ലാതെ വരണ്ടുപോയിരുന്നു മനസ്സും ജീവിതവും. വിരസങ്ങളാകുന്ന ദിനരാത്രങ്ങൾ; അവധിക്കാലം കഴിഞ്ഞ് മാതാപിതാക്കളെ പിരിഞ്ഞതിന്റെ വേദനയും വിരസതയും ഒക്കെ മനസ്സിനെ ഭരിയ്ക്കുന്നുണ്ടായിരുന്നു. നഷ്ടങ്ങളോർത്ത് സ്വയം വേദനിയ്ക്കുക എന്ന ദു:ശ്ശീലം ഒരുപാട് ശക്തിപ്രാപിച്ചിരുന്നു എന്നിൽ. ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു മധ്യാഹ്നത്തിലാണ് ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഞാൻ വീണ്ടും ഫേസ്ബുക്കിൽ അക്കൌണ്ട് തുറക്കുന്നത്. പതിവിനു വിപരീതമായി ഇത്തവണ ശരിയായ പേരിൽ തന്നെ മതി പ്രൊഫൈൽ എന്ന് തീരുമാനിയ്ക്കുകയായിരുന്നു. ആരിൽ നിന്നൊക്കെയോ സ്വയം മറച്ചുപിടിയ്ക്കേണ്ടിവന്നത് എന്നിൽ ഒരു മടുപ്പുളവാക്കിയിരുന്നു. അതിന് ഒരു പരിഹാരമാകട്ടെയെന്നും കരുതി.

കൂട്ടുകാരുമായി ചാറ്റ് ചെയ്യുന്നതോ പുതിയ കൂട്ടുകാരെ കണ്ടെത്തുന്നതോ ഒന്നുമായിരുന്നില്ല ഞാനതിൽ ചെയ്തിരുന്നത്. കൂടുതലും സ്റ്റാ‍റ്റസ് മെസ്സേജുകളെഴുതിക്കൂട്ടുന്നതിലും അവ മാറിമാറി പരീക്ഷിയ്ക്കുന്നതും തന്നെയായിരുന്നു പ്രധാന വിനോദം. പതിവുപോലെ നൈരാശ്യത്തിന്റെ; ദു:ഖത്തിന്റെ ഭാഷയായിരുന്നു അവയിൽ പലതിനുമുണ്ടായിരുന്നത്. അന്നൊരു ദിവസം ഫേസ്ബുക്ക് തുറക്കുമ്പോൾ ഒരു അപരിചിതന്റെ ഫ്രണ്ട്സ് റിക്വസ്റ്റ് കണ്ടു. പ്രൊഫൈൽ എടുത്തുനോക്കിയപ്പോൾ സുമുഖനായ ഒരു ചെറുപ്പക്കാരൻ. സാധാരണ അപരിചിതരെ കൂട്ടുചേർക്കാൻ ഒരു മടിയാണ്. അത്രയൊന്നും ആക്ടീവ് അല്ലാത്തൊരു പ്രൊഫൈൽ ആണെന്ന് മനസ്സിലാക്കാനായി. പക്ഷെ എന്തുകൊണ്ടോ നിരസിയ്ക്കാൻ കഴിയാത്തൊരു സൌഹൃദംപോലെ തോന്നിച്ചു അത്. അതുകൊണ്ടാകണം ഒരുമടിയും കൂടാതെ ഞാനാ സുഹൃത്തിനെ സ്വീ‍കരിച്ചത്. ‘ആഡ്’ ചെയ്തെങ്കിലും ഓൺലൈൻ ആയി കണ്ടില്ല. വെറുതെ ഫോട്ടോസ് എല്ലാം എടുത്തുനോക്കി. ഒരു മോഡലിന്റെ ഓർമ്മപ്പെടുത്തുന്ന വിധം ഒരുപാട് പോസിലുള്ള കുറെ ചിത്രങ്ങൾ. ഇടയ്ക്കെപ്പോഴോ തോന്നി വെറും ഒരു ജാഡക്കാരനാകുമെന്ന്. സൌഹൃദത്തിൽ പൊതുവേ ഉപാധികളോ ജാഡകളോ ഇഷ്ടപ്പെടാത്ത എനിയ്ക്ക് ഈ സുഹൃത്തിനെ അംഗീകരിക്കാൻ കഴിയില്ലായിരിക്കുമെന്നുതന്നെ തോന്നി.

തൊട്ടടുത്ത ദിവസം രാത്രിയിൽ ജിമെയിലിൽ സുഹൃത്തുക്കളോട് ചാറ്റ് ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് ഫേസ്ബുക്കിൽ ചാറ്റ് മെസ്സേജ് കണ്ടത്. തലേ ദിവസത്തെ ജാഡക്കാരനാണ്. തിരിച്ച് ഹായ് പറയണോ എന്ന് ഒരു നിമിഷം സംശയിച്ചു. പിന്നെയെന്തോ സംസാരിയ്ക്കാമെന്ന് തോന്നി. ആദ്യത്തെ ഉപചാരങ്ങൾക്കൊക്കെ ശേഷം പെട്ടെന്ന് തന്നെ ആ വിദ്വാൻ എന്നോട് മൊബൈൽ നമ്പർ ചോദിച്ചു. “അമ്പടാ!! ഇവൻ ആളുകൊള്ളാമല്ലോ...പെൺകുട്ടികളെ വളയ്ക്കുന്നതും കുറച്ച സമയമൊക്കെ എടുത്തുവേണ്ടേ..ഇതൊരുമാതിരി സ്വിച്ചിട്ടപോലെയാണല്ലോ” എന്ന് മനസ്സിലോർത്തുകൊണ്ട് ഇപ്പോൾ തരാൻ പറ്റില്ലെന്ന് പറഞ്ഞു. എന്റെപ്രൊഫൈലിന്റെ ഉടമസ്ഥ(ൻ) അതിൽ പറയുന്നതുപോലെ ഒരു പെൺകുട്ടി തന്നെയാണൊ അതോ ഇനി കപടമാണോ എന്ന് തീരുമാനിയ്ക്കാൻ ആണ് മൊബൈൽ നമ്പർ എന്ന് മറുപടി തന്നു. എന്റെ പ്രൊഫൈൽ ചിത്രത്തിൽ കാണുന്നത് ഞാൻ തന്നെയാണോ എന്നും ചോദിച്ചു. മറുപടിയ്ക്ക് കാത്തുനിൽക്കാതെ പിന്നെക്കാ‍ണാമെന്ന് പറഞ്ഞ് ആ കഥാപാത്രം മുങ്ങി. അപ്പോഴേയ്ക്ക് എന്റെ ചുണ്ടിൽ ഒരു ചിരിയുണർന്നിരുന്നു എന്തിനോ വേണ്ടി....

അതൊരു തുടക്കമായിരുന്നു പിന്നീടുള്ള ദിവസങ്ങളിലെ മണിക്കൂറുകൾ നീണ്ട ചാറ്റിങ്ങിന്റ്റെ വളരെ ലളിതമായ തുടക്കം. പിന്നെയെപ്പോഴോ കൈമാറിയ മൊബൈൽ നമ്പരിലേയ്ക്ക് വിളിവന്നു. സുന്ദരമായ; മൃദുലമെങ്കിലും മുഴങ്ങുന്ന ശബ്ദത്തിൽ ആദ്യമായ് എന്നെത്തേടിയെത്തിയ അവന്റെ ഫോൺകോൾ. കൂടുതൽ അറിഞ്ഞപ്പോൾ ഇഷ്ടങ്ങൾ, കാത്തിരിപ്പുകൾ, പ്രതീക്ഷകൾ, ആഗ്രഹങ്ങൾ ഇവയിലൊക്കെയും പൊരുത്തങ്ങളായിരുന്നു ഏറെയും. ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരാളാണ് എന്റെ സുഹൃത്തെന്ന് പതിയെ മനസ്സിലാക്കാനായി.

കുറച്ചുദിവസങ്ങളങ്ങനെ ചാറ്റിങ്ങിലും ഫോണിൽ കൂടിയുള്ള സംസാരവുമൊക്കെയായി മുന്നോട്ടുപോയി. നേരിൽ കാണാനുള്ള തിടുക്കം വല്ലാതെയുണ്ടായിരുന്നു. രണ്ടുമണിക്കൂർ യാത്രയുടെ അന്തരമുണ്ടായിരുന്നു ഞങ്ങളുടെ ജോലിസ്ഥലങ്ങൾ തമ്മിൽ. ആ വരുന്ന വാരാന്ത്യത്തിൽ നേരിൽ കാണാമെന്ന് തീരുമാനിയ്ക്കുകയായിരുന്നു.പറഞ്ഞതുപോലെ എന്നെയും തേടിയവൻ വന്നു. ഫേസ്ബുക്കിൽ കണ്ട ചിത്രത്തിൽ കാണുന്നതുപോലെ തന്നെ സുമുഖനാണ്. അവനെക്കണ്ടപ്പോൾ അല്പം ഇരുണ്ടനിറക്കാരിയായതിന്റെ അപകർഷതാബോധം എനിയ്ക്ക് കുറച്ചൊന്നുകൂടിയോ എന്ന് സംശയം. ഹൃദ്യമായ പെരുമാറ്റം. സന്തോഷം പകരുന്ന; ചിരിയ്ക്കുന്ന മുഖം. ഞാനവനെ വല്ലാതെയിഷ്ടപ്പെടാൻ തുടങ്ങുകയായിരുന്നു. തിരികെയെന്നെ സ്നേഹിയ്ക്കുമെന്ന യാതൊരു പ്രതീക്ഷയുമില്ലാതെ; സ്വീകാര്യതയെക്കുറിച്ചു തെല്ലും ഭയമില്ലാതെ ഞാൻ പ്രണയിയ്ക്കാൻ തുടങ്ങുകയായിരുന്നു.

വന്ന് കണ്ട് മടങ്ങിയശേഷം ഫോൺ‌വിളികളുടേയും ചാറ്റിങ്ങിന്റ്റേയും എണ്ണവും ദൈർഘ്യവും പതിന്മടങ്ങായി വർദ്ധിച്ചു. പക്ഷെ അപ്പോഴൊക്കെയും സൌഹൃദത്തിന്റെ പരിധി ലംഘിക്കപ്പെടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിരുന്നു. പ്രതീക്ഷിയ്ക്കാതൊരു ദിവസം സ്വന്തം വീടിന്റെ ചിത്രം മെയിൽ ചെയ്തുതന്നിട്ട് “ഇതാണെന്റെ വീട്. ഈ വീടിന്റെ ഭാഗമാകാൻ വരുന്നോ” എന്നവൻ എന്നോട് ചോദിക്കുമ്പോൾ ആഗ്രഹിച്ചതൊക്കെയും എഴുതിച്ചേർക്കപ്പെട്ടൊരു പകൽ‌സ്വപ്നം സത്യമാവുകയായിരുന്നു. ജീവിതത്തിലേയ്ക്ക് സന്തോഷം തിരിച്ചെത്തുകയായിരുന്നു. “നിന്നെ ഞാൻ സ്നേഹിയ്ക്കുന്നു”വെന്ന് ഒരിക്കൽ‌പ്പോലും പരസ്പരം പറയാതെ തുടങ്ങിയ പ്രണയത്തിന്റെ വസന്തകാലം.

ദുരനുഭവങ്ങളാൽ പകച്ചമനസ്സോടെയെങ്കിലും പ്രതീക്ഷകളെ ഞാനുള്ളിൽ വളർത്തി. പ്രക്ഷുബ്ധമായൊരു മനസ്സോടെ ഞാനൊരു യാത്രയിലായിരുന്നു. ഉറങ്ങുന്നവന്റെ ചുണ്ടിൽ മൌനമേൽ‌പ്പിച്ച രഹസ്യം പോലെ പ്രണയമെന്റെ മനസ്സിൽ പതുങ്ങിയിരുന്നു. പ്രതീക്ഷകളേൽ‌പ്പിച്ച അശാന്തമായൊരു കടലുള്ളിൽ ആർത്തിരമ്പുന്നുണ്ടായിരുന്നു.തിളച്ചുമറിയുന്ന ചിന്തകൾക്കുമേലെ പ്രണയമുണരുമെന്നും രഹസ്യമെന്ന കൂടുതുറന്ന് ലോകത്തിന്റെ കാതിലതമൃത് പോലെ വർഷിയ്ക്കപ്പെടുമെന്നും ഞാൻ പ്രതീക്ഷിയ്ക്കാൻ തുടങ്ങി.

എങ്കിലും പ്രണയനഷ്ടത്തിൽ ഒരിക്കൽ ഉലഞ്ഞുപോയ മനസ്സ് പലപ്പോഴും ഭയക്കുന്നുണ്ടായിരുന്നു. ഒരു ഓർമ്മപ്പെടുത്തൽ‌പോലെ ഇടയ്ക്കിടെ ഞാൻ ആ ദുർദിനങ്ങളെ ഞാൻ ചിന്തകളിലേയ്ക്ക് കടംകൊണ്ടു. പക്ഷെ യഥാർത്ഥപ്രണയത്തിന്റെ തിരകൾ തീരം തേടി ചെല്ലുകതന്നെ ചെയ്യുമല്ലോ. എന്റെ ഭയങ്ങളൊക്കെയും അസ്ഥാനത്താണെന്ന് ബോധ്യമാക്കിക്കൊണ്ട് കഴിഞ്ഞ നവംബർ 11 ന് വളരെ ലളിതമായി നടന്ന വിവാഹചടങ്ങിൽ ഞങ്ങൾ ഇനിയുള്ള ജീവിതം പരസ്പരം പകുത്തുനൽകി.കാത്തിരുന്ന പ്രണയം സഫലമായി.

പുതിയൊരു ജന്മത്തിന്റെ തുടക്കം.ഒരുപാടുകാലങ്ങൾക്ക് ശേഷം ഞാൻ എന്റെ ജീവിതത്തെ സ്നേഹിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. പുലരിയുടെ സൌന്ദര്യവും രാത്രിയുടെ വശ്യതയുമൊക്കെ എന്റെ ദിവസങ്ങളിൽ വീണ്ടും വർണ്ണങ്ങൾ ചാലിയ്ക്കുവാൻ തുടങ്ങുന്നു. ഒരു കൊടുംവേനലിനൊടുക്കം പ്രണയമെന്നിൽ മഴയായ് പൊഴിയുന്നു. .

എന്റെ പ്രണയമേ... സൌമ്യമായ കാൽ‌വെപ്പുകളോടെ നീ വന്നുകയറിയത് എന്റെ ഹൃദയത്തിലേയ്ക്കായിരുന്നു.. സുന്ദരമായ ശബ്ദത്തിൽ നീയെന്നോട് പറഞ്ഞത് പ്രണയത്തിന്റെ ഭാഷയായിരുന്നു... മൃദുലമായി നീ തൊട്ടുണർത്തിയത് എന്റെ ആത്മാവിനെയായിരുന്നു.... തനിച്ചുള്ള യാതനകൾക്കും യാത്രകൾക്കുമൊടുക്കം ചിറകുതളർന്ന് നിന്റെ ഹൃദയത്തിലേയ്ക്കാണ് ഞാനടർന്നുവീണത്. ഇന്നു ഞാൻ നിന്നിലേയ്ക്കൊതുങ്ങുകയാണ്. എന്റെ ചിറകുകളുടെ സ്വാതന്ത്ര്യം പ്രണയത്തിന്റെ നേർത്ത തന്ത്രികളാൽ നിന്റെ ഹൃദയത്തോട് ചേർക്കപ്പെട്ടിരിയ്ക്കുന്നു. വാക്കുകളുടെ മാസ്മരികത കൊണ്ട് നിന്നെ പ്രലോഭിപ്പിക്കാനല്ല, പ്രണയത്തിന്റെ മാന്ത്രികതകൊണ്ട് നിന്റെ ഹൃദയത്തെ ഭ്രമിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. എങ്കിലും ഇനിയെനിയ്ക്കിതുപറയാതെ വയ്യ!!! നിന്നെ ഞാനൊരുപാട് സ്നേഹിയ്ക്കുന്നു. സ്വന്തമാക്കലുകളിൽ മൃതിയടയാത്ത എന്റെ പ്രണയം ഒരു വർഷമേഘം പോലെ നിന്നെ പൊതിയുന്നുണ്ട്.... പെയ്തൊഴിയാനല്ല...മറിച്ച് നിന്നിൽ പെയ്തലിയാൻ.....

Oct 2, 2010

ഇല മരത്തിനോട്....

ഒക്ടോബറിന്റെ നഷ്ടം‌പോലെ
ഞാൻ നിന്നിൽ നിന്നടർന്നുവീഴുന്നത്
ശിശിരത്തിന്റെ അനിവാര്യതയ്ക്കൊടുവിൽ
മറ്റൊരു വസന്തത്തിൽ നീ പൂവിട്ടുനിൽക്കുന്ന
സ്വപ്നമെന്റെ നെഞ്ചിലേറ്റിയാണ്.

ഞാനടർന്നുമാറിയ മുറിവുണക്കാൻ
വസന്തത്തിന്റെ വാർത്തയും‌പേറി കാറ്റുവരും
എന്നിലെ ജീവരക്തം നിന്റെ വേരുറഞ്ഞ-
മണ്ണിൽ പടർത്തി കരിഞ്ഞുണങ്ങി
ഞാനാ കാറ്റിലലിഞ്ഞുയാത്രയാകും...

എന്റെ ഹൃദയരക്തം കുടിച്ചുറങ്ങുന്ന
വരണ്ട മണ്ണിന്റെ ചുവന്ന മാറിൽ
നീയെനിയ്ക്കായ് പൊഴിയ്ക്കണം
പ്രണയത്തിന്റെ ഒരിതൾപ്പൂവ്..
വേർപാടിനെ വെല്ലുന്നൊരടയാളം പോലെ

അനന്തമായ എന്റെയീ യാത്രയിൽ
മറ്റേതെങ്കിലുമൊരു കാറ്റിലലിഞ്ഞെന്നെ-
ത്തേടിയെത്താതിരിയ്ക്കില്ല
പ്രണയത്തിന്റെയാ നഷ്ടസുഗന്ധം...
അന്നൊരുപക്ഷെ...
നിന്നിൽനിന്ന് വസന്തമൊഴിഞ്ഞിട്ടുണ്ടാകും

Sep 15, 2010

ചില വീട്ടാക്കടങ്ങൾ

നെഞ്ചോട്ചേർന്നിരുന്ന് നീയെന്റെ
ഹൃദയതാളമെണ്ണുമ്പോൾ
മൌനം തുളച്ചെന്റെ പ്രണയം
നിന്റെ കാതിൽ‌വന്നലയ്ക്കുമെന്ന്
ഞാനൊരുവേള വല്ലാതെ ഭയപ്പെട്ടു

ഒരു ജന്മത്തിന്റെ പ്രണയം നൽകി-
പകരം നിന്റെ ചിന്തകളിലിടംനേടവേ
പ്രിയത്താൽ നീയാർക്കോ മുറിച്ചു നൽകിയ
ഹൃദയത്തിന്റെ താളം പിഴയ്ക്കരുതെന്ന്
സ്വയമൊരിക്കൽക്കൂടിയോർമ്മിച്ചു

അരക്കെട്ടിലാളിയ കാമത്തിന്റെ കനൽ
മിഴികളിൽ ശലഭങ്ങളാകാതിരിയ്ക്കാൻ-
കൺ‌മൂടി മനസ്സിൽ വരച്ചെടുക്കുകയായിരുന്നു
ഞാനിതുവരെ കാണാത്തൊരു മുഖവും
നനഞ്ഞ രണ്ടുമിഴികളും

കുത്തിനോവിയ്ക്കാറുണ്ട് പലപ്പോഴും
പങ്കുവെച്ചപ്രണയത്തിന്റെ വിരലടയാളങ്ങൾ;
നീ ഹൃദയവും ജീവനും ജീവിതവും വീതിച്ച
നിന്റെ പ്രണയിനിയിൽനിന്നവളറിയാതെ-
കടംകൊണ്ട നിമിഷങ്ങളുടെ
പലിശപ്പെരുക്കങ്ങൾ....

Aug 10, 2010

നനഞ്ഞത്

നനഞ്ഞുകത്തുന്ന വിറകുപോലെ മനസ്സ്
പുകഞ്ഞും നീറ്റിയും ഇടയ്ക്ക്
അടക്കത്തിൽ ചില പൊട്ടലും ചീറ്റലും...
കണ്ണീരുവീണ് ആത്മാവടക്കം നനഞ്ഞതിനാലാകുമോ
പ്രണയത്തിന്റെ പൊൻ‌വെയിൽ തട്ടിയിട്ടും
നനവുമാറാതെയിങ്ങനെ??





.

Jan 27, 2010

ഒരു കണ്ണീർച്ചിത്രം



ജനുവരി 19, 2010... വളരെ സാധാരണമായ ഒരു ദിവസമായിരുന്നു...വൈകുന്നേരം ആറുമണി വരെ. തലേന്ന് ജോലികഴിഞ്ഞ് മടങ്ങും വഴി കാണേണ്ടി വന്ന ഒരു അപകടത്തിന്റെ ഓർമ്മയാണോ അതോ നേരിടാൻ പോകുന്ന ഒരു തീരാനഷ്ടത്തിനെ മുൻ‌കൂട്ടിക്കണ്ട അകക്കണ്ണിന്റെ അപകടസൂചനയോ...അന്ന് ഓഫീസിൽ നിന്ന് ഇറങ്ങും മുൻപ് ചാറ്റ്ചെയ്തുകൊണ്ടിരുന്ന ചങ്ങാതിമാരുമായി ഞാനൊടുവിൽ സംസാരിച്ചത് മരണത്തെക്കുറിച്ചായിരുന്നു; അതിന് യാതൊരു കാരണവുമുണ്ടായിരുന്നുമില്ല. റൂമിലെത്തി ലാപ്ടോപ്പ് ഓൺചെയ്തതും എന്തൊക്കെയോ ചില എറർ മെസ്സേജും തന്ന് അത് അതിന്റെ പ്രവർത്തനം മുടക്കി. ഒരു നേരം ഭക്ഷണമില്ലെങ്കിലും എനിക്ക് അതുമായി പൊരുത്തപ്പെടാനാകും. എന്നാൽ എന്നെ ചുറ്റി നിൽക്കുന്ന കനത്ത ഏകാന്തതയ്ക്ക് ഏകപരിഹാരമായ ലാപ്ടോപ്പിന്റെ മൌനം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. അകലങ്ങളിലെവിടെയൊക്കെയോ ഉള്ള എന്റെ ചങ്ങാതിമാരെ കാണാനും സംസാരിയ്ക്കാനുമായി തുറന്നിട്ടിരുന്ന ജാലകവാതിലാണ് കൊട്ടിയടയ്ക്കപ്പെട്ടത്. മൌനത്തിന്റെ ഒരു തുരുത്തിൽ അരാലോ ഉപേക്ഷിക്കപ്പെട്ടതുപോലെ ഞാനിരുന്നു; എന്തൊക്കെയോ ചിന്തിച്ചുകൊണ്ട്...

ആ ചിന്തയിൽ നിന്നുണർന്നത് വീട്ടിൽ നിന്നും ഉമ്മച്ചി വിളിയ്ക്കുമ്പോഴാണ്. പതിവുള്ള എന്റെ ഫോൺ വിളി കാണാത്തതുകൊണ്ടുള്ള വിളിയാണെന്നറിയാവുന്നതുകൊണ്ട് ഹലോ പറയലും, വിളിക്കാൻ കഴിയാഞ്ഞതിന്റെ കാരണം ബോധിപ്പിക്കലും ഒരുമിച്ചങ്ങ് നടത്തി. പക്ഷെ; “അതിനല്ല വിളിച്ചത്....വേറെ ഒരു കാര്യം പറയാനുണ്ട്...കേട്ടാൽ വിഷമിയ്ക്കരുത്” എന്ന് ഉമ്മച്ചി പറഞ്ഞത് കേട്ടപ്പോൾ അടുത്ത വാചകത്തിലേയ്ക്കുള്ള ഒരു നിമിഷാർദ്ധം കൊണ്ട് പല മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി. പക്ഷെ.... ഒരു ദു:ഖവാർത്തകേൾക്കാൻ സ്വയം സന്നദ്ധയായിക്കൊണ്ടിരുന്ന എന്റെ മനസ്സിനെ ആകെ തകർത്തുകളഞ്ഞു പിന്നെ ഞാൻ കേട്ട വാക്കുകൾ.

കവിരാജ്... മണിയൻ എന്ന ഓമനപ്പേരാൽ ഞാനടക്കമുള്ള കളിക്കൂട്ടുകാർ വിളിച്ചിരുന്ന ഞങ്ങളുടെ പ്രീയപ്പെട്ട ചങ്ങാതി മരണത്തിന്റെ കയ്യും പിടിച്ച് നടന്നകന്നിരിയ്ക്കുന്നു. ഏകദേശം ഒരേ പ്രായത്തിലുള്ള ആറേഴുകുട്ടികൾ; ഞങ്ങളൊരുമിച്ചാണ് കളിച്ചതും വളർന്നതും. ഗ്രാമപ്രദേശമായതിനാൽ അയൽ‌വക്കത്തുള്ള വീടുകൾ പരസ്പരം നല്ലൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. അതേചങ്ങാത്തം ഞങ്ങൾ കുട്ടികൾ തമ്മിലും ഉണ്ടായിരുന്നു. മാതാപിതാക്കൾ ജോലിക്കാരായതിനാൽ അവധിക്കാലങ്ങളിൽ ഞാനും എന്റെ ജ്യേഷ്ഠനും മാത്രമാകും പകൽ സമയങ്ങളിൽ എന്റെ വീട്ടിൽ ഉണ്ടാവുക. അതുകൊണ്ട് തന്നെ ബാക്കിയുള്ളവർ ഞങ്ങളുടെ വീട്ടിലാണ് സമ്മേളിച്ചിരുന്നത്. കളികൾക്കിടയിലെ കാര്യം പോലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ബാലവേദിയും അവധിക്കാലങ്ങളിൽ ഞങ്ങളടക്കമുള്ള ചങ്ങാതിമാരാൽ കൂടുതൽ സജീവമാകും. കളിയായാലും കലയായായും പഠനകാര്യങ്ങളായാലും കവിരാജ് എപ്പോഴും മുൻപന്തിയിലുണ്ടാകും. നന്നായി ചിത്രം വരയ്ക്കും, എഴുതും, പൊതുകാര്യങ്ങളെക്കുറിച്ചും വ്യക്തമായ ബോധവും കാഴ്ചപ്പാടും....പിന്നെ അസാമാന്യമായ നർമ്മബോധവും. വളർന്നപ്പോൾ ഞങ്ങൾ പെൺകുട്ടികൾ വീട്ടിലേയ്ക്ക് കൂടുതൽ ഒതുങ്ങിയപ്പോഴും പരസ്പരമുള്ള കൂട്ടുകെട്ടിന് മങ്ങലൊന്നും സംഭവിച്ചില്ല. പകരം ആ സുഹൃദ്ബന്ധം സഹോദരസ്നേഹമായി പരിണമിച്ചു എന്നതാകും ശരി.

ദുബായിൽ വന്നതിന് ശേഷം എപ്പോഴൊക്കെ നാട്ടിൽ പോയിട്ടുണ്ടോ അപ്പോഴൊക്കെയും കവിരാജ് എന്നെ കാണാൻ വന്നു. വിവാഹിതനായപ്പോഴും ഫയർഫോഴ്സിൽ ജോലികിട്ടി പരിശീലനത്തിന്റെ തിരക്കുകളായപ്പോഴും ഞാൻ നാട്ടിലെത്തിയെന്ന വിവരം അറിഞ്ഞാൽ ഉടനെ എന്നെ കാ‍ണാൻ വരുമായിരുന്നു. വന്നാൽ മണിക്കൂറുകളോളം സംസാരിയ്ക്കും. ഒരുപാട് തമാശകൾ പറയും. ഞാൻ എന്റെ എല്ലാ വേദനകളും മറന്ന് പൊട്ടിച്ചിരിയ്ക്കുന്ന അപൂർവ്വം അവസരങ്ങളായിരുന്നു അതൊക്കെയും. ഒരു സഹോദരന്റെ സ്നേഹത്തോടെ , സ്വാതന്ത്ര്യത്തോടെ ഒരുമിച്ചു ചെലവിട്ട ആ നിമിഷങ്ങളെ ഞാനിന്ന് മാറോട് ചേർക്കുന്നു. ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത ആ സാമിപ്യവും സ്നേഹവും ഓർമ്മ മാത്രമായി തീരുന്നത് അവസാനമായി ഒരുനോക്ക് കാ‍ണാൻ പോലും കഴിയാത്തത്രെ ദൂരെയിരുന്ന് വിങ്ങുന്ന മനസ്സോടെ നിസ്സഹായയായി ഞാൻ മനക്കണ്ണാൽ കാണുന്നു.

കാലത്തിന്റെ ഏത് കോണിലേയ്ക്കാ‍ണ് കൂട്ടുകാരാ (അതോ സഹോദരനോ?!)..... നീ പോയ്മറഞ്ഞത് ??? തനിച്ചായിപ്പോയതിന്റെ വ്യഥകളിൽ തളരുമ്പോൾ ആശ്വാസം പകരാൻ; തമാശകൾ പറഞ്ഞെന്നിൽ ചിരി പടർത്താൻ; ഹൃദയത്തിൽ സൂക്ഷിയ്ക്കുന്ന സ്നേഹത്തിന്റെ ആഴങ്ങളുമായി ഇനിയൊരിയ്ക്കലും നീയാപടികടന്ന് വരില്ലേ???? ഇല്ലെന്ന് എനിയ്ക്കറിയാം; എങ്കിലും മരണത്തിന്റെ ലോകത്തേയ്ക്ക് നീ നടന്നകന്നത് ഇന്നും അംഗീകരിയ്ക്കാൻ മടിയ്ക്കുന്ന എന്റെ മനസ്സ് വെറുതേയെങ്കിലും ഇനിയും കാത്തിരിയ്ക്കും, വീടിന്റെ തണലുതേടിയെത്തുന എന്റെ അവധിക്കാലങ്ങളിൽ ഒരു സഹോദരന്റെ സ്നേഹത്തോടെ ആകുലതകളോടെ എന്നെ കാണാനെത്തുമായിരുന്ന എന്റെ പ്രീയപ്പെട്ട കൂട്ടുകാരനെ...